2014 ജനുവരി 10, വെള്ളിയാഴ്‌ച

ഒരു കോളേജ് ഇലക്ഷന്‍ പ്രണയ കാലത്ത്

അദ്ധ്യായം - 1

അന്ന് അവള്‍ അമ്പലത്തിലേക്ക് പോകുമ്പോള്‍ ഓര്‍ത്തു, ഒരു കാലത്ത് തനിക്ക് എല്ലാമായിരുന്ന സൂരജേട്ടന്‍ ഇന്ന് തനിക്ക് അന്യന്‍ ആകുന്നു. കാലയവനികയ്ക്കു ഉള്ളിലേക്ക് അവള്‍ പെട്ടന്ന് ഒന്ന് ഊളിയിട്ടു.

"കുട്ടി പ്രസാദം" നാരായണന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ അവളെ ഉണര്‍ത്തി. പ്രസാദവും വാങ്ങി ദേവിയെ തൊഴുതു നട ഇറങ്ങുമ്പോള്‍ ആണ് ഒരു ടൊയോട്ട കാര്‍ വന്നു റോഡിന്‍റെ അരികിലായി നിര്‍ത്തിയത്. അതില്‍ നിന്നും ഇറങ്ങിയ സുമുഖനായ ചെറുപ്പക്കാരനെ അവള്‍ ശ്രദ്ധിച്ചു; ഹരി, യുണിവേഴ്സിറ്റി കോളേജില്‍ തന്നോടൊപ്പം പഠിച്ച നാണം കുണുങ്ങിയായിരുന്ന ചെക്കന്‍. കലാ കായിക രംഗങ്ങളിലും, ഒപ്പം സ്വല്പം കാമ്പസ്‌ രാഷ്ട്രീയത്തിലും വ്യക്തി മുദ്ര പാകിയ ഹരി കോളേജിലെ അറിയപ്പെടുന്ന കലാപ്രതിഭ ആയിരുന്നു. എങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അവനില്‍ അന്തര്‍ലീനമായിരുന്ന ലജ്ജാഭാവം തല പൊക്കും. സ്ത്രീ പ്രജകളോട് തികഞ്ഞ അന്തര്മുഖന്‍.
കെമിസ്ട്രി ലാബിലെ ബ്യുററ്റുകള്‍ക്കിടയില്‍ കൂടിയാണ് താന്‍ ആദ്യമായി ഹരിയെ കാണുന്നത്. തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുമുഖനായ പയ്യന്‍. താന്‍ കണ്ടുവെന്ന് അറിഞ്ഞപ്പോള്‍ ടെസ്റ്റ്‌ ട്യൂബിലെ ലിക്യുട് നേര്പ്പിക്കാന്‍ വെള്ളത്തിനു പകരം സള്‍ഫ്യുരിക് ആസിഡ്‌ എടുത്തു ഒഴിച്ചതും, അത് തെറിച്ചു അവന്റെ കൈകളില്‍ വീണു ലാബില്‍ പരിഭ്രാന്തി പരന്നതും താന്‍ സൂരജേട്ടനുമായി എത്ര പ്രാവശ്യം പറഞ്ഞു ചിരിച്ചിട്ടുണ്ട്.

"വീണ എന്താ ഇവിടെ...അല്‍ഭുതം ആയിരിക്കുന്നുവല്ലോ"  കാറിന്റെ ഡോര്‍ അടച്ചു ഹരി അവളുടെ അടുത്തേക്ക് വന്നപ്പോള്‍ ആണ് വീണയുടെ ചിന്തകള്‍ക്ക് തിരശീല വീണത്‌. ഇളം വെള്ള  നിറത്തില്‍ ധോത്തിയും  മഞ്ഞ ബുള്‍ഷര്‍ട്ടും ധരിച്ച ഹരി മുഖത്ത് ഒരു റായ്ബാന്‍ കൂളിംഗ്‌ ഗ്ലാസും വച്ചിരുന്നു.
"ഇവിടെ അടുത്ത് ആ കാണുന്ന പാടത്തിനു അപ്പുറമാണ് എന്റെ വീട്. ഹരി ഇവിടെ?" അകലെ  പാടശേഖരങ്ങള്‍ക്ക് അപ്പുറത്തേക്ക് അവള്‍ വിരല്‍ ചൂണ്ടി വിദൂരതയിലേക്ക് ഒരു നിമിഷം മുഖം തിരിച്ചു. ഹരിയെ ഫേസ് ചെയ്യാനുള്ള വിമുഖത അവളുടെ മുഖത്ത് പ്രകടം ആയിരുന്നു.
"എന്റെ അമ്മായി ഇവിടെ അടുത്താണ് താമസം. അമ്മായിയുടെ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. ദുബായില്‍ കമ്പ്യൂട്ടര്‍ എന്ജിനീയര്‍ ആയി ജോലി ചെയ്യുകയാണ് ഞാന്‍. ബൈ ദി ബൈ, വീണയുടെ വിവാഹം കഴിഞ്ഞോ? സൂരജ് ഇപ്പോള്‍ എവിടയാണ്?"
കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടത് പോലെ അവള്‍ വീണ്ടും വിമുഖയായി.  വീണയുടെ കൂട്ടുകാരി രമണി അപ്പോഴാണ് അമ്പലത്തില്‍ നിന്നും തൊഴുതു ഇറങ്ങി വന്നത്.
"ഇതാരാ വീണേ? മുന്‍പെങ്ങും ഞാന്‍ കണ്ടിട്ടില്ലല്ലോ? സ്വതവേ തന്തേടിയായ അവള്‍ വീണയോടെന്നവണ്ണം ഹരിയെ ഇറുകണ്ണ് ഇട്ടു നോക്കി.
"ഞാന്‍ വീണയുടെ ഒരു പഴയ ആരാധകനാണ്"  തമാശ രൂപേണ ഹരി പറഞ്ഞ വാക്കുകള്‍ ഒരു ക്രൂരമ്പ് പോലെ വീണയുടെ ഹൃദയത്തില്‍ വന്നു തറച്ചു.
"നട അടയ്ക്കുന്നതിനു മുന്‍പ് ഞാന്‍ പ്രസാദം വാങ്ങി വരട്ടെ. നിങ്ങള്‍ സംസാരിച്ചു നില്‍ക്ക്." വൃത്തിയായ്‌ നോറിയിട്ട് സൈഡ് ലേക്ക് ഉടുത്ത മുണ്ടിന്റെ അരികു മെല്ലെ ഉയര്‍ത്തി ഹരി അമ്പലത്തിലേക്ക് പടവുകള്‍ കയറി.

ഒരിക്കല്‍  ലൈബ്രറിയില്‍ മുകുന്ദന്റെ നോവലുകള്‍ തപ്പുകയായിടുന്നു താന്‍. ഷെല്‍ഫുകള്‍ക്ക് ഇടയിലൂടെ തന്റെ കയ്യിലെ നോവലുകളില്‍ മിഴിയുറപ്പിച്ചിരിക്കുന്നയാളെ താന്‍ തിരിച്ചറിഞ്ഞു....ഹരി.
"ഞാന്‍ ഷേക്സ്പിയറിന്റെ പോയംസ് അല്ല, ഡ്രാമാസ് തപ്പുകയായിരുന്നു" ഹരി വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് നടന്നകന്നു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഹരിയെ വീണ്ടും ലൈബ്രറിയില്‍ വച്ച് കണ്ടു. മുകുന്ദന്റെ കുറെയേറെ നോവലുകളുമായി അവന്‍ തന്നെ സമീപിച്ചു.
"വീണയ്ക്ക് മുകുന്ദന്റെ നോവലുകളോട് താല്പര്യം ആണല്ലേ?"
"എങ്ങനെ അറിയാം ഹരിക്ക്?"  അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. കണ്ണുകള്‍ തമ്മില്‍ കൊരുത്തപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിറച്ചു. പെട്ടന്ന് നോവലുകള്‍ അവളുടെ കയ്യില്‍ കൊടുത്തു തിരിഞ്ഞു,  മറുപടി പറയാതെ  നമ്രശിരസ്കനായി ഒറ്റ പോക്കായിരുന്നു അവന്‍.

പിന്നീട് ഒരു മാസത്തിനു ശേഷമാണ് ഹരിയെ കാണുന്നത്. കോളേജ് വളപ്പിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ വച്ച്. ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോളേജില്‍ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രചാരണത്തില്‍ ആയിരുന്നു അവന്‍. വീണയെ കണ്ടപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ മുമ്പോട്ട്‌ നടന്നു. "അവര്‍ക്ക് എന്തെകിലു സ്വകാര്യം പറയാന്‍ കാണും അളിയാ, നമുക്ക് സ്ഥലം കാലിയാക്കാം" ആ കമന്റ്‌ വീണയും കേട്ടു എന്ന് തോന്നി.

"ഒരു മാസം ആയല്ലോ തന്നെ കണ്ടിട്ട്? എവിടായിരുന്നു?"കൂടുകാരുടെ കമന്റില്‍ സ്വല്‍പം ജാള്യത തോന്നിയെങ്കിലും അത് പ്രകടം ആക്കാതെ വീണ ചോദിച്ചു.
"ഞാന്‍ വീണയെ എല്ലാ ദിവസവും കാണാറുണ്ടല്ലോ" അവന്റെ കണ്ണുകളില്‍ ലജ്ജയുടെ ലാഞ്ചന.
"എങ്ങനെ?" വീണയുടെ വാക്കുകള്‍ അവനെ ഉത്തരം മുട്ടിച്ചുവെങ്കിലും പെട്ടന്ന് ധൈര്യം അവലംബിച്ചു അവന്‍ പറഞ്ഞു
"ഐ മീന്‍...എന്റെ ക്ലാസ്സില്‍ ഇരുന്നാല്‍ വീണ കോറിഡോറി ലൂടെ  വരുന്നതും പോകുന്നതും കാണാം..." എന്നാല്‍ പെട്ടന്ന് ഹരി വിഷയം മാറ്റി "പിന്നെ വീണേ ഇലക്ഷന്‍ ഒക്കെ അടുത്ത് വരുകയാണ്. ഫെഡ്‌സ്റ്റുഡന്സിന്റെ കാന്റ്റിഡേറ്റ്  ആയിരിക്കും ഒരു പക്ഷെ ഞാന്‍. തന്റെ സഹകരണം പ്രതീക്ഷിക്കുന്നു." തന്റെ ഒരു നോട്ടത്തില്‍ ലജ്ജാമുഖനാകാറുണ്ടായിരുന്ന അവന്‍ ഒരു പ്രത്യേക അടുപ്പം കൈവരിച്ചത് പോലെയാണ് അന്ന് സംസാരിച്ചത്.

ആയിടക്കാണ് സ്കൂളില്‍ വീണയോടൊപ്പം പഠിച്ച അവളുടെ അടുത്ത കൂട്ടുകാരി ചിത്ര വിമന്‍സ് കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി യുണിവേഴ്സിറ്റി  കോളേജിലെക്ക് വരുന്നത്. കാണാന്‍ സ്മാര്‍ട്ട്‌ ആയിരുന്ന ചിത്ര സ്കൂളില്‍ വച്ചേ ആണ്‍കുട്ടികളുടെ നോട്ടപ്പുള്ളി ആയിരുന്നു. ഒരിക്കല്‍ ചിത്ര  വീണയോടു പറഞ്ഞു "ഹരിയെ കാണാന്‍ എത്ര സ്മാര്ട്ടാണ്, ആണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം"
"എന്താടീ നിനക്ക് വല്ല നോട്ടവും ഉണ്ടോ?" വീണ
"ഓ പിന്നേ...ഞാന്‍ വെറുതെ പറഞ്ഞതാണേ" അന്ന് ചിത്ര ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അവള്‍  പലപ്പോഴും ഹരിയെപ്പറ്റി വാതോരാതെ വീണയോടു പറഞ്ഞു കൊണ്ടേ ഇരുന്നു.

"നീ നിന്നുകൊണ്ട് ഉറങ്ങുക ആണോ പെണ്ണെ" രമണിയുടെ വാക്കുകള്‍ അവളുടെ ചിന്തകള്‍ക്ക് തിരശീല വീഴ്ത്തി.
"നീ വരുന്നുണ്ടോ വീട്ടില്‍ അമ്മ തനിച്ചാണ്" രമണിയുടെ അമ്മ വീട്ടില്‍ തന്നെ ഒന്ന് മറിഞ്ഞുവീണു രണ്ടാഴ്ച്ചയായി കിടപ്പാണ്.

"ഓ അത് ഞാന്‍ ഓര്‍ത്തില്ല. നീ പൊയ്ക്കോ രമണി. അമ്മയെക്കാണാന്‍ ഞാന്‍ നാളെ അങ്ങോട്ട്‌ വരുന്നുണ്ട്. ഏതായാലും ഇത്രയും നേരം നിന്നില്ലേ, ഹരി തിരികെ വന്നിട്ട് ഞാന്‍ വന്നോളാം" രമണി യാത്ര പറഞ്ഞു പോയതും അവള്‍ വീണ്ടും ചിന്തകളുടെ ചുഴിയിലേക്ക് ഊളിയിട്ടു.

അദ്ധ്യായം- 2

കോളേജ് ഇലെക്ഷന്‍ പ്രക്യാപനം ക്യാമ്പസിനെ ശബ്ദമുഖരിതം ആക്കി. തങ്ങളെക്കാള്‍ ഒരു വര്ഷം സീനയര്‍ ആയിരുന്നു സൂരജേട്ടന്‍.  വീണയുടെ ഇളയമ്മയുടെ മകന്‍ ദിനേശ്‌, സൂരജിനോപ്പം ഫൈനല്‍ ഇയര്‍ സ്റ്റുഡന്‍റ് ആയിരുന്നു.  സ്റ്റുഡന്‍സ് യുണിയന്റെ യുണിവേഴ്സിറ്റി കൌണ്സിലര്‍ കാന്റ്റിഡേറ്റ് ആയി സൂരജിനെ പ്രഖ്യാപിച്ചപ്പോള്‍ ദിനേശായിരുന്നു പിന്തുണ പ്രക്യാപിച്ചു ഏറ്റവും മുന്‍പില്‍ നിന്നത്. അന്നൊരു ദിവസം ദിനേശ്‌ വീണയെ സമീപിച്ചു. "എടീ,  സ്റ്റുഡന്‍സ് യുണിയന്‍ വൈസ്ചെയര്‍മാന്‍  കാന്റ്റിഡേറ്റ്ആയി അളെ തപ്പിക്കൊണ്ട് ഇരിക്കുകയായിരുന്നു. കഴിഞ്ഞ കമ്മിറ്റിയില്‍ ഞാന്‍ നിന്റെ പേരു നിര്‍ദേശിക്കുകയും, എന്റെ സ്വാധീനത്തില്‍ എതിര്‍ അഭിപ്രായം ഒന്നും ഉണ്ടാവുകയും ചെയ്തില്ല"  ആയിടയ്ക്ക് ദിനേശ് സ്റ്റുഡന്റ്സ് യുണിയന്റെ പുതിയ യുണിറ്റ്‌ പ്രസിഡന്റ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
"ഞാനോന്നുമില്ല, വീട്ടില്‍ അറിഞ്ഞാല്‍ എന്നെ വച്ചേക്കില്ല" വീണ തന്റെ വയ്മനസ്യം ആദ്യം തന്നെ വ്യക്തം ആക്കി.
"എടീ വീണേ, പറയുന്നതു  നീ കേള്‍ക്കു.. ഇതു പോലെ നിനക്ക് ഷൈന്‍ ചെയ്യാന്‍  ഒരു അവസരം ഇനി വരണമെന്നില്ല.  ഞാന്‍ നിന്റെ അഛ്ചന്റെ അടുത്ത് നിന്നും അനുവാദം വാങ്ങികൊള്ളാം".
ഇതു കേട്ടുകൊണ്ടാണ് ചിത്ര അവിടേക്ക് വന്നത്. "എടീ സമ്മതിക്കെടീ, ചക്കര അല്ലെ" പിന്നെ അവള്‍ തനി പാര്‍ട്ടിക്കാരിയായി കൈകള്‍ മുകളിലേക്ക് പൊക്കിക്കൊണ്ട് പ്രഖ്യാപനവും നടത്തി "ഔര്‍ വൈസ് ചെയര്‍പെഴ്സന്‍   ..വീണ ശങ്കര്‍"
"ഏയ്‌, ചിത്ര താന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം" ദിനേശ്‌ ചിത്രയുടെ നേര്‍ക്ക്‌ തിരിഞ്ഞു.
"ഫെഡ്‌ സ്റ്റുഡന്റ്സിന്റെ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ബാക്കി ഒക്കെ നിങ്ങള്ക്ക് വേണ്ടി"
"അതാരാ ചിത്രേ ആ ഒരു ഭാഗ്യവാന്‍?" ദിനേശിന് ചോദിക്കാതിരിക്കാന്‍ ആയില്ല. വീണയാണ് മറുപടി കൊടുത്തത് " അത് പിന്നെ ....പറയട്ടെടീ?....ചിത്ര അവളുടെ വായ്‌ പോത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വിളിച്ചു കൂവി "ഹരി...ഹരി...ഹരിയല്ലാതെ പിന്നെ ആരാവും" ഇതു കേട്ടതും ചിത്രയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു തുടുത്തു. അവള്‍ പെട്ടെന്ന് യാത്ര പറഞ്ഞു അവിടെ നിന്നും തടി തപ്പി.








കോളേജില്‍ ഇലക്ഷന്‍ പ്രചരണം പിന്നെ പെട്ടന്നാണ് ആരംഭിച്ചത്. ക്ലാസ്സുകളില്‍ പ്രസംഗത്തിലും കാന്‍വാസിഗിലും സ്റ്റുഡന്‍സ് യുണിയന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെക്കള്‍ മികച്ചു നിന്നത് കൌണ്സിലെര്‍ ആയി മത്സരിച്ച സൂരജ്‌ ആയിരുന്നു. തുടക്കത്തില്‍ സൂരജില്‍ താനൊരു പ്രത്യേകതയും കണ്ടിരുന്നില്ല. സൂരജിന്റെ   കാവ്യാത്മകതയും സാഹിത്യശൈലിയും ഒത്തിണങ്ങുന്ന പ്രസംഗങ്ങള്‍ വീണ നിര്‍നിമേഷം നോക്കി നില്‍ക്കുമായിരുന്നു. വീണയും വൈസ് ചെയര്‍പെഴ്സന്‍ കാന്റ്റിഡേറ്റ്  ആയി നല്ലവണ്ണം തിളങ്ങി.  പല സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചു വര്‍ക്ക്‌ ചെയ്യേണ്ടി വന്ന ഇരുവരും അങ്ങനെ ക്രമേണ അടുക്കുകയായിരുന്നു.

ഫെഡ്‌ സ്റ്റുഡന്റ്സും വന്പിച്ച പ്രചരണം ആരംഭിച്ചു. യുണിയന്‍ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആയ ഹരിയുടെ പ്രചാരണത്തിന്റെ മുന്‍നിരയിലായിരുന്നു ചിത്ര. ഒരു ദിവസം ഹരി ചിത്രയോടു ചോദിച്ചു
"ചിത്ര എന്തിനാണ് എനിക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നത്? ആ സമയം കൊണ്ട് തന്റെ കൂട്ടുകാരി വീണയ്ക്ക് വേണ്ടി കുറെ വോട്ട് പിടിച്ചു കൂടെ?"
"എനിക്ക് മനസ് ഉള്ളതുകൊണ്ട്.  ആരും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട" ചിത്ര പെട്ടന്ന് മുഖത്ത് ഒരു ദേഷ്യഭാവം കൈവരുത്തി. ചിത്രയുടെ ഉള്ളിലിരുപ്പ് എത്ര ആലോചിച്ചിട്ടും ഹരിക്ക് അപ്പോള്‍ പിടി കിട്ടിയില്ല. പിന്നെ അവന്‍ അത് ഒരു ഈസി മട്ടില്‍ മറന്നു കളഞ്ഞു.

ആയിടയ്ക്ക് ഒരുദിവസം വീണ അപ്രതീഷിതമായി ഹരിയെ ലൈബ്രറിയില്‍ വച്ചു കണ്ടു. എന്നാല്‍ തന്നെ പ്രതീക്ഷിച്ചെന്ന  വണ്ണമാണ് ഹരിയുടെ നില്പ്പെന്നു അവള്‍ക്കു മനസിലായി.
"വീണേ മുകുന്തന്റെ പുതിയ ഒരു നോവല്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബുക്ക്‌ സ്റ്റാളില്‍ നിന്നും തനിക്ക് വേണ്ടി വാങ്ങിയതാണ്.
"എന്തിനാ ഹരി ഇങ്ങനെ വെറുതെ പൈസ കളയുന്നത്? നോവലുകള്‍ കിട്ടിയാല്‍ വായിക്കും എന്നല്ലാതെ എനിക്ക് അതിനോട് ഒരു പ്രത്യേക ഇന്റെസ്റ് ഒന്നും ഇല്ല. പിന്നെ ഹരി വാങ്ങിയതെല്ലേ, തന്നേക്കു" ഹരി നീട്ടിയ നോവല്‍ വാങ്ങി അവള്‍ ബുക്കുകളുടെ ഇടയില്‍ തിരുകി.
"ആ വീണേ, താന്‍ ഇലെക്ഷന്‍ പ്രചരണം കലക്കുന്നുണ്ടെന്ന്  അറിഞ്ഞു. ഇക്കണക്കിനു ഈ പാവം ഞാനും, ഞങ്ങളുടെ പാര്‍ട്ടിയും തട്ടി പോകുമല്ലോ"
"കളിയാക്കല്ലേ ഹരി, ഈ പാവങ്ങള്‍ ജീവിച്ചു പോകട്ട്" വീണ നിസാര മട്ടില്‍ ഹരിയുടെ തമാശയ്ക്ക് മറുപടി നല്‍കി.

അദ്ധ്യായം- 3

അടുത്ത ഒരു ദിവസം ഞായറാഴ്ച ഊണിനു ശേഷം ഒരു ഉച്ച ഉറക്കത്തിനായി വീണ തന്റെ മുറിയില്‍ കട്ടിലിലേക്ക് കയറി. ഇലക്ഷന്റെ കാര്യം ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു "ഇന്നെന്തേ ഉറക്കം വരാത്തത്" അവളോര്‍ത്തു. എന്നാല്‍ പിന്നെ സ്ഥിരം ഉറക്ക ഗുളികയായ ഒരു ബുക്ക്‌ വയിക്കാമെന്ന് കരുതി കിടക്കയുടെ ആരികിലെ മേശയില്‍ കൈകൊണ്ടു പരതി. കൈയ്യില്‍ കിട്ടിയ ബുക്ക്‌ നോക്കിയപ്പോള്‍ കഴിഞ്ഞ ദിവസം ഹരി തന്ന നോവലാണതെന്നു മനസിലായി. എന്നാല്‍ പിന്നെ ഇതു വായിച്ചേക്കാം. ഒരു പില്ലോ കൂടി എടുത്തു കിടക്കയില്‍ ചാരിയിരുന്ന് അവള്‍ നോവല്‍ തുറന്നു.
"എന്റെ എല്ലാം എല്ലാമായ വീണയ്ക്ക്...." പെട്ടന്ന് ഉണ്ടായ നെട്ടലില്‍ അവള്‍ നോവലിന്റെ താളുകള്‍ ഓരോന്നായി മറിച്ചു നോക്കി. അവസാന താളില്‍ സ്റ്റാഫ്‌ ചെയ്തു വച്ച പട്ടു റോസാപൂവിന്റെ അടിയില്‍ അവള്‍ കണ്ടു " ഐ ലവ് യു വീണ, ഹരി"  പെട്ടന്ന് ഷോക്കേറ്റത് പോലെ ഒരു നിമിഷം അവള്‍ തരിച്ചിരുന്നു.

അടുത്ത രണ്ടു ദിവസം മനപൂര്‍വം ഹരി വീണയില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളെ കാണുമ്പോള്‍ ഒക്കെ അവന്‍ പ്രചാരണത്തിന്റെ തിരക്ക് അഭിനയിച്ചു, അവളുടെ പ്രതികരണം എന്താണെന്ന് അറിയില്ലല്ലോ.
ഈ ദിവസങ്ങള്‍ക്കകം വീണ സൂരജുമായി ഒരുപാടു അടുത്ത് പോയി കഴിഞ്ഞിരുന്നു.  ഒരു ദിവസം കോളേജിന്റെ പടിഞ്ഞാറേ മൂലയില്‍ ഉള്ള വാകമരത്തിന്റെ തണലില്‍ വച്ച് സൂരജ്‌ അവളോട്‌ പറഞ്ഞു " വീണേ ഇലക്ഷനിലെ നിന്റെ വിജയം ഉറപ്പാണ്‌. എന്നാല്‍ ഹരി നില്‍ക്കുന്നിടത്തോളം എന്റെ കാര്യം സംശയം ആണ്. എന്റെ വിജയം പാര്‍ട്ടിയുടെ പ്രസ്ടീജിന്റെ കാര്യം കൂടി  ആണന്നു കഴിഞ്ഞ കമ്മിറ്റിയില്‍ ദിനേശ് പറഞ്ഞത് നീയും കേട്ടതാണല്ലോ. എത്ര പണം എറിയാനും ഞാന്‍ തയ്യാറാണ്"
"അത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം, സൂരെജേട്ടന്‍ കുറെ കൂടി ഉഷാറായി പ്രവര്‍ത്തിക്ക്"
"ഇല്ല വീണ, നടക്കില്ല.  എന്നാല്‍ നീ വിചാരിച്ചാല്‍ എന്നെ സഹായിക്കാന്‍ പറ്റും."
"ഞാന്‍ എന്ത് ചെയ്യാനാ ഏട്ടാ" വീണ തികഞ്ഞ നിസംഗതയില്‍ ചോദിച്ചു.
"വീണേ ഇനി നീ വിചാരിച്ചാലേ ഈ സൂരജേട്ടന്‍ വിജയിക്കൂ. ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. നമുക്ക് ഇടയില്‍ പലരും പറയുന്നത് ഹരിക്ക് നിന്നോട് ഒരു ആരാധനാ മനോഭാവം ആണെന്നാണ്.  നിന്നെ അവനു വളരെ ഇഷ്ടമാണ്.  ഈ ഇലക്ഷനില്‍ നിന്നും പിന്മാറാന്‍ നീ അവനോടു പറയണം. വെറുതെ വേണ്ട, അവന്‍ ചോദിക്കുന്ന പണം കൊടുക്കാം.  അതില്‍ വീണില്ലന്കില്‍ സ്നേഹം ഭാവിച്ചു നീ അവനെ നിന്റെ വരുതിയില്‍ കൊണ്ട് വരണം" സൂരജിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അവളെ ഞെട്ടിച്ചു.
"സൂരെജേട്ടാ പ്ലീസ്, എന്നെ നിര്‍ബന്ധിക്കരുത്. ഇതു മാത്രം എന്നോട് പറയരുത്" അവള്‍ പോകുവാനായി എഴുന്നേറ്റു.
"വീണേ, ഇലക്ഷനില്‍ ഞാന്‍ ജയിച്ചില്ലകില്‍, നിന്റെ കഴുത്തില്‍ മിന്നു കെട്ടാന്‍ ഈ സുരജ് ഉണ്ടാകുകയില്ല" ആ വാക്കുകളില്‍ അവള്‍ വീണു.

അടുത്ത ദിവസം വീണ ഹരിയെ സമീപിച്ചു. അവന്റെ നോവലിലെ കുറിപ്പ് താന്‍ കണ്ടുവെന്നും ഈ വിധ കാര്യങ്ങളെ പറ്റി ഒന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലന്നും, ഇല്ലാത്ത പ്രേമഭാവം മുഖത്ത് വരുത്തി  അവള്‍ പറഞ്ഞു.  പിന്നീട് സൂരജ്‌ ഏല്പിച്ച കാര്യം അവള്‍ അവനെ അറിയിച്ചു.  "ഹരി എന്നെ തെറ്റിധരിക്കരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു"
"എന്താ വീണേ? വീണയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ"
"ഇല്ല ഹരി വേണ്ട.  ഹരിക്ക് അത് വിഷമം ആക്കും" അവള്‍ അവനോടു കുറേക്കൂടി ചേര്‍ന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ വീണയെ ഇഷ്ടപ്പെടുന്നു. വീണയ്ക്ക് എന്നോട് എന്തും തുറന്നു പറയാം"
"ഞാന്‍ പറയുന്നത് ഹരി അനുസരിക്കും എന്ന് സത്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ പറയൂ"
"സത്യമായും വീണ പറയുന്നത് ഞാന്‍ ചെയ്തിരിക്കും" പ്രേമം തലയ്ക്കു പിടിച്ച ഹരി അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു സത്യം ചെയ്തു.  ഇനി ഹരി തന്റെ വഴിക്ക് തന്നെ വരും എന്ന് അവള്‍ക്കു ഉറപ്പായി.
"എന്നാല്‍ ഞാന്‍ പറയാം. ഹരി, സൂരജേട്ടന്റെ സീറ്റ്‌ പാര്‍ടിയുടെ പ്രസ്ടീജ് ഇഷ്യൂ ആണ്. ഹരി നില്‍ക്കുന്നിടത്തോളം സൂരജ്‌ ജയിക്കില്ല. എനിക്ക് വേണ്ടി ഹരി ഇപ്രാവശ്യം നോമിനേഷന്‍ ഒന്ന് പിന്‍വലിക്കുമോ?  പ്ലീസ് ഹരി, ഞാന്‍ അപേക്ഷിക്കുകയാണ്. ഇതിനു പകരമായി എത്ര പണം വേണമെകിലും നല്‍കാം എന്ന് സൂരജേട്ടന്‍ പറഞ്ഞിട്ടുണ്ട്"  ഈ വാക്കുകളില്‍ ഹരി  ഒരു നിമിഷം തരിച്ചു നിന്ന് പോയി. വീണ തന്നെയാണോ ഈ പറയുന്നത് !
"നോക്കു വീണേ, ഹരി ഇതുവരെ പണത്തിനു അതിരുകടന്ന ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. പണം ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വരുകയും പോകുകയും ചെയ്യാം.  താന്‍ എന്നെപറ്റി ഇങ്ങനെ ഒക്കെയാണോ വിചാരിച്ചിരിക്കുന്നെ?" ഹരിയുടെ കണ്ണുകളില്‍ രോഷത്തിന്റെ അഗ്നി സ്പുരണം.  വീണ അപ്പോള്‍ തന്റെ അവസാനത്തെ ആയുധമായ സ്വല്പം കണ്ണ് നീര്‍ പുറത്തു എടുത്തുകൊണ്ട് പറഞ്ഞു. "പ്ലീസ് ഹരി തനിക്ക് എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം. അവള്‍ ക്രമേണ കണ്ണുനീരിന്റെ അളവ് കൂട്ടി.
"ഛെ ഛെ ...എന്തായിത്.. താന്‍ കരയാന്‍ വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ. ആട്ടെ, സൂരജ് ജയിക്കണമെന്ന് തനിക്ക് എന്താണ് ഇത്ര ആഗ്രഹം?"
"അത് അത് ..... സൂരജേട്ടന് വേണ്ടി പ്രചാരണം നടത്തണമെന്നും അത് ചെയ്തില്ലന്കില്‍ എന്നെ മത്സരിപ്പിക്കില്ലന്നുമാണ് ദിനേശും പാര്‍ട്ടിയും പറയുന്നത്. ഹരി നില്‍ക്കുമ്പോള്‍ ഞാന്‍ മറുഭാഗത്തിനു വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?  മാത്രമല്ല ഞാന്‍ വൈസ് ചെയര്‍പെഴ്സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും അധികം സന്തോഷിക്കുക ഹരിയാവില്ലേ ?" അവളുടെ അവസാനത്തെ വാക്കുകള്‍ ഒരു തേന്‍മഴയായി  അവന്റെ മനസ്സില്‍ പെയ്തിറങ്ങി.
"നോക്കു വീണേ, പാര്‍ട്ടിയെക്കാളും, സ്ഥാനമാനങ്ങളെക്കാളും, നീയാണെനിക്ക് വലുത്. നിനക്ക് വേണ്ടി ഞാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പോകുന്നു"

ഹരിയുടെ സ്ഥാനാര്‍ത്ഥിത്വ പിന്മാറ്റ പ്രഖ്യാപനം കോളേജില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ഫെഡ്‌ സ്റ്റുഡന്റ്സിന്റെ യുണിറ്റ്‌ ഒന്നടങ്കം ഹരിക്ക് എതിരെ രംഗത്ത് വന്നു.  ആരോഗ്യ പ്രശ്നങ്ങള്‍ ആണ് തന്റെ പിന്മാറ്റത്തിന്റെ കാരണം എന്ന വിശദീകരണം പാര്‍ടി അഗീകരിച്ചില്ല.  ഹരിയെ ഫെഡ്‌ സ്റ്റുഡന്റ്സില്‍ നിന്നും പുറത്താക്കി. മാനസികമായും ശാരീരികമായും പല പീഡനങ്ങളും അവനു  ഏല്‍ക്കേണ്ടിവന്നു. അന്നുവരെ അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സഹപ്രവര്‍ത്തകരില്‍ നിന്നും തടി രക്ഷിക്കാന്‍ അവന്‍ വല്ലാതെ പാട് പെട്ടു. കോളേജില്‍ ഒരു സ്വാധീനവും ഇല്ലാതെ വെറുതെ ഷൈന്‍ ചെയ്യാന്‍ വേണ്ടി നാമനിര്‍ദേശ പട്ടിക നല്‍കിയിരുന്ന ഫക്രുദീനെ ഫെഡ്‌ സ്റ്റുഡന്റ്സ് ഹരിക്ക് പകരം അവരുടെ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആക്കി.
ഇലെക്ഷന്‍ ഫല പ്രക്യാപനം വന്നു.  സൂരജും, വീണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.  അന്ന് വരെ കോളേജിലെ എല്ലാം എല്ലാം ആയിരുന്ന ഹരി എല്ലാവരാലും തഴയപ്പെട്ടു.


അദ്ധ്യായം- 4

അങ്ങനെ ഇരിക്കവേ ഒരു ദിവസം ലഞ്ചിനു ശേഷം ഫിസിക്സ് ലാബിന് മുന്‍പിലെ വരാന്തയില്‍ സൂരജും വീണയും ഇലക്ഷന്‍ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ട്‌ ഇരിക്കുകയായിടുന്നു.
"എങ്കിലും എന്റെ വീണേ, നീ എങ്ങനെ ആ ഹരിയെ ഒതുക്കി.   എന്റെ വിജയം ശരിക്കും നിനക്ക് അവകാശപ്പെട്ടതാണ്" സൂരജ്‌ വീണയെ ശരിക്കും ഒന്ന് പൊക്കി.
" ഓ അതോ...പണത്തിനു മുന്‍പില്‍ വീഴുന്നില്ല എന്ന് കണ്ടപ്പോള്‍, അവനെ പ്രേമിക്കുന്നതായി ഞാന്‍ ഭാവിച്ചു. ഇലക്ഷനില്‍ നിന്നും പിന്മാറിയില്ല എങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധവും തീരുമെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. ആ...പിന്നെ കുറെ പൂങ്കണ്ണീരും ഒഴുക്കിയെന്നു വച്ചോ... ആ പാവം വിഡ്ഢി എന്റെ കണ്ണീരില്‍ വീണു. എന്റെടുത്താ അവന്റെ കളി"  ഇതു പറഞ്ഞു താനെന്ന ഭാവത്തില്‍ വീണ ഒന്ന് ഇളകി ഇരുന്നു.
"നിന്നെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഇത്ര ബുദ്ധിമതിയായ നിന്നെ കൂടെ കിട്ടിയത് എന്റെ ഭാഗ്യം" സൂരജ്‌ അവളുടെ കയ്യില്‍ പിടിച്ചു അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
അപ്പോള്‍ പുറകില്‍ ആരോ നടക്കുന്ന ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അവര്‍, ഹരി അവിടെ നിന്നും വിദൂരത്തേക്ക് നടന്നു അകലുന്നത് കണ്ടു. ഹരി ഇനി എന്തിനും മടിക്കില്ല എന്നാ ഭയം വീണയെ നടുക്കി.  എന്നാല്‍ അവള്‍ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. പിന്നീട് പലപ്പോഴും അവള്‍ അവനെ നിശബ്ദമായി തിരഞ്ഞു. എന്നാല്‍ ഹരി പിന്നീട് കോളേജില്‍ വന്നിട്ടേ ഇല്ലായെന്ന് ചിത്രയില്‍ നിന്നും അവള്‍ അറിഞ്ഞു. കുറെ നാളുകള്‍ക്കു ശേഷം ദിനെശനില്‍ നിന്നുമാണ് അവള്‍ ആ നടുക്കുന്ന സത്യം അറിഞ്ഞത്. ഹരി കോളേജില്‍ നിന്നും എന്നെന്നേക്കുമായി വിടവാങ്ങി.  പിന്നീട് അവന്‍ ബന്ഗ്ലൂരിലോ മറ്റോ എന്ജിനീരിങ്ങിനു ചേര്‍ന്നെന്നും  ഏതോ സഹപാടി പറഞ്ഞു കേട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. സൂരജിന്റെ ഡാഡി സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടെന്ന് ദിനെശനില്‍ നിന്നുമാണ് വീണ അറിഞ്ഞത്. എക്സാമിന് മുന്‍പുള്ള സ്റ്റഡി ലീവ് ആയിരുന്നതിനാല്‍ ഒരാഴ്ച്യയിലേറെ ആയിരുന്നു വീണ, സൂരജിനെ കണ്ടിട്ട്.
ആദ്യത്തെ എക്സാമിന്റെ ദിവസം വീണ സൂരജിനെ കണ്ടു അടുത്തേക്ക് ചെന്നു  " വീണേ, ഡാഡി വന്നിട്ടുണ്ട്. എന്നെയും സിങ്കപുരിലേക്ക് കൊണ്ട്പോകാന്‍ ആണ് പുള്ളിയുടെ പ്ലാന്‍.  പിന്നെ പുതിയ തമാശ എന്താണെന്ന് വച്ചാല്‍,  ഡാഡി എനിക്ക് കല്യാണ ആലോചനകള്‍ നടത്തികൊണ്ട് ഇരിക്കുകയാണ്. ഞാന്‍ കുറെ എതിര്‍ത്തു, ഒരു പ്രയോജനവും ഇല്ല. എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു  തന്റെ കാര്യം ഞാന്‍ ഡാഡിയോട് പറഞ്ഞിട്ടുണ്ട്"  തന്റെ വേവലാതി അടിസ്ഥാന രഹിതം ആയിരുന്നുവല്ലോ എന്ന് അവള്‍ ഓര്‍ത്തു.എന്നാല്‍ പിന്നീട് പല ദിവസങ്ങളിലും സൂരജ്‌ തന്നില്‍ നിന്നും അകലുവാന്‍ ശ്രമിക്കുന്നത് അവള്‍  ശ്രദ്ധിച്ചു.

സൂരജിന്റെ ക്ലാസിലെ അവസാന ഗെറ്റ് ടുഗതെര്‍ പാര്‍ടിയില്‍ ദിനേശിന്റെ നിര്‍ബന്ധ പ്രകാരമാണ് വീണ പങ്കെടുത്തത്.
എന്നാല്‍ പാര്‍ട്ടിക്ക് ശേഷം തന്നെ ഗൌനിക്കാതെ പലരോടും സംസാരിക്കുകയും യാത്ര പറയുകയും ചെയ്യുന്ന സൂരജിനെ അദ്ഭുതത്തോടെ അവള്‍ നോക്കി.  അവള്‍ അവന്റെ അടുത്തേക്ക് ചെന്നു.
"വീണ ക്ഷമിക്കണം, ഒന്നും മനപ്പുര്‍വം ആയിരുന്നില്ല. ഡാഡി വീണയുടെ ഫാമിലി യെ പറ്റി അന്വഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാറ്റ്സിനു പറ്റിയ ബന്ധമല്ല വീണയുടെ ഫാമിലിയുടെതെന്നെ നിര്‍ബന്ധ ബുദ്ധിയില്‍ ആണ് ഡാഡി. സിങ്കപുരില്‍ ഒരു ഡോക്ടറും ആയി ഉറപ്പിച്ചിരിക്കുകയാണത്രേ എന്റെ വിവാഹം"
എത്ര നിയന്ത്രിച്ചിട്ടും വീണ വിങ്ങി പൊട്ടിപ്പോയി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
"വീണ പറയൂ, ഞാന്‍ ഡാഡിയെ എങ്ങനെയാണ്  ധിക്കരിക്കുന്നത്? ഡാഡി ഉറപ്പിച്ച വിവാഹത്തിനു സമ്മതം മൂളിയില്ലങ്ങില്‍ ഇങ്ങനെ ഒരു മോനെ ഇല്ലാന്ന് കരുതുമെന്നും പിന്നെ ഇവിടേക്ക് ഒരു മടക്കം ഉണ്ടാകില്ലന്നും ഉള്ള വാശിയില്‍ ആണ് അദ്ദേഹം. പ്ലീസ്, വീണ എന്നെ മറന്നു മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി കഴിയണം"
യാത്ര പോലും പറയാതെ അവള്‍ തിരിഞ്ഞു നടന്നു. അന്ന് കണ്ണ് നീരില്‍ കുതിര്‍ന്ന ഷാള്‍  ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ആരോടൊക്കെയോ പകവീട്ടാന്‍ എന്നപോലെ ജീവിതം... ഇന്നും ഏകയായി...

ആരോ നടകല്ലുകള്‍ ഇറങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. ഹരി ക്ഷേത്രത്തിന്റെ പടവുകള്‍ ഇറങ്ങി വരുകയാണ്.
"വീണ, ഞാന്‍ ഒരുപാട് താമസിച്ചോ? തിരക്ക് കാരണം ഞാന്‍ അല്പം വയ്കി. ബൈ ദി ബൈ, കുഞ്ഞുങ്ങളെ കൂടെ കൊണ്ടുവന്നില്ലേ? സൂരജിനെ എന്റെ പ്രത്യേക അന്വഷണം അറിയിക്കണം"
മറുപടി പറയാനാകാതെ അവള്‍ തളര്‍ന്നു, പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു അവള്‍ ചോദിച്ചു "ഹരിയുടെ ലൈഫ് എങ്ങനെ പോകുന്നു? എവിടെ നിന്നാണ് മാര്യേജ്?"
"എവിടെനിന്നാണെന്ന് വീണ തന്നെ ഊഹിച്ചോളൂ...എന്റെ വൈഫിന്റെ പേര് ചിത്ര...സംശയിക്കണ്ട നമ്മുടെ പഴയ ചിത്ര തന്നെ.  ഞാന്‍ സ്നേഹിച്ചവര്‍ ഒക്കെ എന്നെ വെറുത്തു, എന്നാല്‍ പിന്നെ എന്നെ സ്നേഹിച്ചവരെ എങ്കിലും നിരാശര്‍ ആക്കരുതെന്ന വാശി എന്നെ ചിത്രയില്‍ കൊണ്ടെത്തിച്ചു. ഞാന്‍ ഈ മാസം അവസാനം തിരികെ പോകും. ചിത്രയെകൂടി കൊണ്ടുപോകാനാണ് ഞാന്‍ ഇപ്രാവശ്യം വന്നിരിക്കുന്നത്"
ഒരു മരവിപ്പ് വീണയെ ബാധിച്ചു, ഒന്നും സംസാരിക്കാന്‍ ആവുന്നില്ല.
" എന്നാല്‍ പിന്നെ വീണേ, ഞാന്‍ പോകട്ടെ സന്ധ്യ ആകുന്നു.  നിങ്ങള്‍ കുടുംബമായി ഒരുദിവസം വീട്ടിലേക്ക് വരണം, ഞങ്ങള്‍ പോകുന്നതിനു മുന്‍പ്".

ഹരി പോക്കറ്റില്‍ നിന്നും പേന എടുത്തു ഒരു പേപ്പറില്‍ അഡ്രസ്‌ എഴുതി കൊടുത്തശേഷം കാറിനു അടുത്തേക്ക് നടന്നു. ആ കാര്‍ വിദൂരത്തു ഒരു പൊട്ടു പോലെ മാഞ്ഞു ഇല്ലാതാവും വരെ നിര്നിമേഷയായി അവള്‍  നോക്കികൊണ്ട് നിന്നു..പിന്നീട് തിരിഞ്ഞു വീട്ടിലേക്കു നടന്നു; നിധി നഷ്ടപ്പെട്ട രാജകുമാരിയെപ്പോലെ ....



2 അഭിപ്രായങ്ങൾ: