“അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ ഫലം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതുതിര്ന്നു ചുടുചോര”
(ഈ കവിതാ ശകലത്തില്‍ കണ്ണുനീര് എന്ന വാക്കിനെ ഞാന്‍ ഇവിടെ
തിരുത്തി എഴുതുന്നു)
ഇന്നോവയുടെ ഒരു വശത്തെ കണ്ണാടി ജന്നാല തകര്‍ത്തു മുഖ്യമന്ത്രിയുടെ
മാറില്‍ മുറിവേല്പിച്ചു മറുവശത്തെ ജന്നാല വഴി പുറത്തേക്ക് പോയ കല്ലോ,
ഇന്നോവയില്‍ നടത്തിയ ഖനനത്തില്‍ 1000 കിലോ സ്വര്‍ണം ലഭിച്ചില്ല എന്ന വസ്തുതയോ
അല്ല; പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു മാതാവിന്റെ വ്യഥയാണ്
ചിന്തകള്‍ക്ക് അതീതമായി എന്നെ അലോസരപ്പെടുത്തുന്നതു. കഴുത്തറ്റു പോയ സ്വന്തം
കുഞ്ഞിനെ മാറോട് ചേര്‍ത്ത് രക്തത്തില്‍ കുളിച്ചു ചേതന അറ്റു കിടക്കുന്ന ഒരു
സ്ത്രീ, അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയ പ്രബുദ്ധ കേരളത്തിനു തീരാ കളങ്കം ആണ്.
പിഞ്ചു കുരുന്നുകളെ കൊലപ്പെടുത്തിയത് കള്ളന്മാരോ കൊള്ളക്കാരോ അല്ല; സ്വന്തം
പിതാവിന്റെ അനുജന്. ഒരിക്കല്‍ താലോലിച്ച കൈകള്‍ തന്നെയാണ് അത് ചെയ്തതും.
ഒരു തുണ്ട്
ഭൂമിക്ക് വേണ്ടിയും, കുറെ നൂറിന്റെ നോട്ടുകള്‍ക്ക് വേണ്ടിയും ഉറ്റവരോടും ഉടയവരോടും
വഴക്കിടുന്ന മനുഷ്യ ജീവികള്‍ ഈ സംഭവം ശ്രദ്ധിക്കാതെ പോകാതിരുന്നെകില്‍ എത്ര നന്നായിരുന്നു. ഇന്ന് മനുഷ്യന്റെ ശത്രുക്കള്‍ കുടുംബത്തിനുള്ളില്‍
തന്നെ ഉള്ളവര്‍ ആണെന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ഈ പാതകം
ചെയ്ത മനുഷ്യന്റെ മാനസിക നിലയേയും, അയാളെ ഈ സാഹചര്യത്തില്‍
എത്തിച്ച സാമൂഹ്യ-മാനസിക വസ്തുതകളെയും പറ്റി ഒരു വസ്തുനിഷ്ടമായ പഠനം അനിവാര്യമാണ്;
തുടര്‍ന്ന് പരിഹാരവും. കാരണം ഇതുപോലെ ഇനി ഒരു സംഭവം നമ്മുടെ സമൂഹത്തില്‍ നടക്കാന്‍
പാടില്ല. പണ്ടെങ്ങോ നടന്ന പീഡനത്തിന്റെ പേരിലോ, കള്ളപ്പണക്കാരന്റെ
സ്വസ്ഥത കെടുത്തിയ സോളാര്‍ പ്രശ്നത്തിന്റെ
പേരിലോ, മലീമസമായ വാദ പ്രതി വാദങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍, മറ്റു മതനേതാക്കള്‍, ഒന്ന് ഇരുട്ടി വെളുക്കും
മുമ്പ് താരങ്ങളെ സൃഷ്ടിക്കുന്ന സോഷ്യല്‍ മീഡിയകള്‍, ഇവരൊക്കെ ആ
മാതാവിന്റെ രോദനം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്ങില്! ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കാന്‍ ഒരു ബോധവല്‍ക്കരണത്തിനു ശ്രമിച്ചിരുന്നെങ്ങില്!
ഏത് ജാതിയോ മതമോ ആയിക്കോട്ടെ, ദൈവത്തെ ഭയപ്പെടുകയും, തന്റെ കൂട്ടുകാരനെയും, അയല്‍ക്കാരനെയും തന്നെപ്പോലെ
സ്നേഹിക്കയും, ബഹുമാനിക്കയും ചെയ്യാന്‍ പഠിപ്പിക്കുന്ന മത പഠനങ്ങള്‍ നമ്മുടെ
സമൂഹത്തിനു അനിവാര്യമാണ്. അന്യന്റെ ഒരു
തുണ്ട് ഭൂമിയോ, ഒരു നൂറിന്റെ നോട്ടോ നമ്മുടെ കയ്യില്‍ വന്നു കൂടാന്‍ വേണ്ടി
കളിക്കുന്ന കളികളുടെ ആകെത്തുക - നമ്മുടെ എഴുപതോ, എണ്‍പതോ വര്‍ഷങ്ങള്‍ മാത്രം
നീളുന്ന ജീവിതത്തില്‍, മൊത്തത്തില്‍ എന്ത് നേടിത്തരും എന്ന് ചിന്തിപ്പിക്കുന്ന
ജീവിതങ്ങള്‍ ആവട്ടെ നമ്മുടേത് !!
Thought provoking
മറുപടിഇല്ലാതാക്കൂ