2013, നവംബർ 23, ശനിയാഴ്‌ച

ചില കലാലയ പ്രണയ കാവ്യങ്ങള്‍


സജി, ഷോണ്‍, ഹാനി, ബോണി, ജോണ്‍സന്‍, ഗിരി പിന്നെ ഞാന്‍, ഇതായിരുന്നു ഞങ്ങളുടെ കലാലയ ഡിഗ്രി-ഡേയ്സിലെ ഏഴര കമ്പനി.  പതിനെട്ടര എന്നൊക്കെ പറയും പോലെ പറയാന്‍ ഒരു ഭംഗിക്ക് വേണ്ടി ചേര്‍ത്തതാണ് ഈ അര. ഇവരില്‍ ആദ്യത്തെ മൂന്നു പേര്‍ മൂന്നാം വര്ഷം, രണ്ടാമത്തെ രണ്ടു പേര്‍ രണ്ടാം വര്ഷം, ഗിരിയും പിന്നെ ഈയുള്ളവനും ഏറ്റവും ജൂനിയര്‍, ആദ്യവര്‍ഷ ബിരുദം. കൂട്ടത്തില്‍ കൃഷ്ണനായിരുന്നു ജോണ്‍സന്‍. ഏത് തരുണീമണിമാരെയും പുഷ്പം പോലെ വളയ്ക്കും. അടുത്തത് ഹാനി; പുള്ളിക്ക് പറയാന്‍ ഉള്ളത് വലിയ വലിയ കാര്യങ്ങള്‍; വീടിനടുത്തുള്ള ജയമോളുമായി ഉടനെ കല്യാണം നടത്താനുള്ള ഒരുക്കത്തില്‍ ആയതുകൊണ്ട് കലാലയത്തിലുള്ള തരുണീമണികളെ ഒന്നും പൊതുവേ മൈന്‍ഡ് ചെയ്യാറില്ല. വണ്‍വേ ലവ് (ശത്രുക്കള്‍ പൊതുവേ പറഞ്ഞിരുന്നത്) മാത്രമായിരുന്ന തന്റെ പ്രേമഭാജനത്തെ കാണാന്‍ ഒരിക്കല്‍ ഹാനി അവളുടെ വീട്ടിലേക്കു പോയതും, ജയമോളുടെ അപ്പന്‍ വെട്ടരിവാള്‍ എടുത്തു കാണിച്ചതും പിന്നാമ്പുറ കഥകള്‍.  അന്ന് ഹാനി കോളേജ്-ലെ കാറ്റാടിയില്‍ പിടുത്തമിടുകയും, ജയമോളെ ഞാന്‍ ഇനി വിടുകയില്ല എന്ന് പറഞ്ഞു മണിക്കൂറുകള്‍ ആ നിലയില്‍ നിന്നതും അവധിക്കുള്ള എക്സ്ട്രാ ക്ലാസ്സ്‌-ന്റെ ദിവസം ആയിരുന്നതിനാല്‍ അധികം ആരും കണ്ടില്ല. പിന്നെ ആ പിടി അയക്കുവാന്‍ ബാക്കി ആറര കമ്പനി പെട്ട പാട്!  ഏതായാലും ഹാനിയുടെ വണ്‍വേയ്ക്ക് അതോട് കൂടി ഒരു തീരുമാനമായി. അടുത്തത് ബോണി; പുള്ളിക്ക് ആള്‍ജിബ്രയും, സൈന്‍, കോസ് ഉള്‍പ്പെടയുള്ള തീറ്റമാരുമായാണ് കൂടുതലും കമ്പനി.  കണക്കിലെ കളികളില്‍ ആകൃഷ്ടര്‍ ആല്ലാത്തവര്‍ പുള്ളിയെ കാണുമ്പോള്‍ മുതുകാടിന്റെ മാജിക്കിലെ വസ്തുക്കലെപ്പോലെ അപ്രത്യക്ഷര്‍ ആകും. അങ്ങിനെയാണ് അതിയാന്‍ ഞങ്ങളുടെ കമ്പനിയില്‍ അംഗമായത്. കഥയ്ക്കും, തമാശക്കും, അവ രസകരമായി അവതരിപ്പിക്കുന്നതിലും വിധക്ഥന്‍ ആയിരുന്നു ഷോണ്‍. സജിയും ഗിരിയും ഞാനും പുട്ടിലെ പീരപോലെ ഒഴിവാക്കാന്‍ ആവാത്ത സഹകമ്പനി മുതലാളിമാരും

അങ്ങിനെ ഇരിക്കവേയാണ് ഒരു ദിവസം പ്രീബിരുദത്തിലെ ഹെമയ്ക്ക് ബോണിയോട് ദോശക്കു സാബാറിനോട് തോന്നുന്നപോലെ ഒരു അടുപ്പം തോന്നിയത്. ഇതു ദോശ നമ്മുടെ കൃഷ്ണനെ (ജോണ്‍സന്‍) അറിയിച്ചു.  കൃഷ്ണന്‍ കറക്റ്റ് ആയി ഇത് ബോണിയെ അറിയിച്ചു. സൈനും കോസും സ്കൊയര് ചെയ്തു കൂടിയപ്പോള്‍ കാണാതായ വണ്ണിനെ അന്വഷിച്ച് തലപുകഞ്ഞിരിക്കുമ്പോള്‍ ആണ് ജോണ്‍സന്‍ ഈ കാര്യം ബോണിയോട് പറയുന്നത്.  പിന്നെ വല്ല പ്രയോജനവും ഉണ്ടോ?  തുടര്‍ന്ന് ഒരു മറുപടിയും ലഭിക്കാതിരുന്ന ഹെമ ബോണിക്ക് ഒരു എസെ എഴുതാന്‍ തീരുമാനിച്ചു. പൂര്‍ത്തിയായ ലേഖനം ബോണിക്ക് കൈമാറാന്‍ ജോണ്‍സനെ ഏല്‍പ്പിച്ചു. ബോണിയുടെ താല്പര്യം ഇല്ലായ്മ പരിഗണിച്ചും ഹേമയുടെ ഹൃദയ വേദന കാണാന്‍ വയ്യാത്തതിനാലും ഇതിനു ഒരു മറു-ലേഖനം ബോണിയുടെ പേരുവച്ച് എഴുതാന്‍ ജോണ്‍സന്‍ തീരുമാനമെടുത്തു.  പൂര്‍ത്തിയായ മറുലേഖനം അങ്ങനെ ഹെമയെ ഏല്‍പ്പിച്ചു. ഇങ്ങനെ ലേഖനങ്ങളും മറുലേഖനങ്ങളും മുറയ്ക്ക് നടന്നു കൊണ്ടേ ഇരുന്നു.  എന്നാലും ഒരിക്കല്‍പോലും തന്നെ ഒന്ന് തിരിഞ്ഞു നോക്കാത്ത ബോണിയുടെ അഹങ്കാരഭാവം ഹെമയ്ക്കത്ര പിടിച്ചില്ല.  ഇക്കാര്യം ഹെമ ജോണ്‍സനോട് ചോദിച്ചു.  ഇതു ചെറിയ കാര്യം അല്ലന്നും ഒരുപാട് ഡിസ്കഷന്‍ വേണ്ടിവരുമെന്നും ജോണ്‍സന്‍ ഹെമയെ അറിയിച്ചു. ആഴ്ചകളും മാസങ്ങളും കടന്നു പോയി.

ജോണ്‍സന്‍ പലപ്പോഴും ഞങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതും, ആളെ ചില സമയത്ത് കാണാതെ ആകുന്നതും ഞങ്ങള്‍ ശ്രദ്ധിച്ചു. അങ്ങിനെയാണ് ഞങ്ങള്‍ ബാക്കി ആറര കമ്പനിക്ക്‌ ജോണ്‍സനെപ്പറ്റി സംശയം തുടങ്ങിയത്. ഒരു ദിവസം ഒരു ഒഴിഞ്ഞ ഒരു ക്ലാസ്സ്‌ മുറിയില്‍ ഹെമയുമായി ബോണി കാര്യങ്ങളില്‍ ഡിസ്കഷനില്‍ ആയിരുന്ന ജോണ്‍സനെ ഞങ്ങള്‍ പൊക്കി. രണ്ടു ഇടിക്കു മുമ്പ് തന്നെ ജോണ്‍സന്‍ കിളിപറയും പോലെ കാര്യങ്ങള്‍ പറഞ്ഞു. തന്നെ ഇക്കാലമത്രയും ബോണി പുരാണം പറഞ്ഞു കബളിപ്പിച്ചു കൊണ്ടിരുന്ന ജോണ്‍സനെ അങ്ങിനെ ഹെമ എന്നെയ്ക്കുമായി ഉപക്ഷിച്ചു, അല്ലങ്ങില്‍ ഞങ്ങള്‍ എല്ലാം കാര്യങ്ങളും അറിഞ്ഞെന്നു മനസിലായ ഹെമയ്ക്ക് തടിയൂരാന്‍ അത് വേണ്ടിവന്നു. എന്തോ പോയ അണ്ണാനെപ്പോലെ വിഷണ്ണനായ ജോണ്‍സന്‍ പിന്നെയും ഞങ്ങളുടെ കമ്പനിയില്‍ തന്നെ വന്നടിഞ്ഞു.



ഇങ്ങേനെ ഇരിക്കവേയാണ് ഞങ്ങളുടെ ടുഷന്‍ സെന്ററിലെ കറിയാസാറ്, സഹപാഠിയായ ബിനിയോടു കാണിക്കുന്ന പ്രത്യേക പരിഗണന ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അസൂയ്യാലുക്കളായ ഞങ്ങള്‍, എന്നാല്‍ പിന്നെ സാറിന് ഒരു പണി കൊടുക്കണമെന്ന് തീരുമാനിച്ചു. ആ പണി ഒരു എഴുത്തിന്റെ (സാറിന്റെ പേരില്‍) രൂപത്തില്‍ ബിനിക്ക് കൊടുക്കാനും അതിനുള്ള എഴുത്തു തയ്യാറാക്കാന്‍ ഈയുള്ളവനെ ചുമതലപ്പെടുത്തുവാനും, ഹൈപവര്‍ കമ്മിറ്റി തീരുമാനം എടുത്തു.  ഈ വിഷയത്തില്‍ ഒട്ടും എക്സ്പീരിയന്സ് ഇല്ലാതിരുന്ന ഈയ്യുള്ളവന്‍, ദിവസങ്ങള്‍ തയ്യാറാക്കിയിട്ടും എഴുത്തു ശരിയായില്ല. അങ്ങിനെ ഒരു ദിവസം സ്വഭവനത്തില്‍ വച്ച് എഴുത്തിന്റെ പണിപ്പുരയില്‍ ചില വാക്കുകളും വാചകങ്ങളും കോറികൊണ്ട് ഇരിക്കുമ്പോഴാണ് കഷ്ടകാലം ഒരു ബന്ധുവിന്റെ രൂപത്തില്‍ വീട്ടിലേക്കു കടന്നു വന്നത്. എഴുത്തിനുള്ള കുറിപ്പുകള്‍ കിടക്കയുടെ അടിയില്‍ വച്ചിട്ട് ഈയ്യുള്ളവന്‍ ബന്ധുവിനെ സ്വീകരിക്കാന്‍ പോയി. തുടര്‍ന്ന് കുറിപ്പുകളുടെ കാര്യം മറന്നു പോകുകയും ചെയ്തു. വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ലല്ലോ.  ഈ കുറിപ്പുകള്‍ കൃത്യമായി മാതാശ്രീയുടെ കയ്യില്‍ കിട്ടി. മാതാശ്രീ പിതാശ്രീക്ക് ടെക്സ്റ്റ്‌ ചെയ്തു. പിന്നെ നടന്ന പുകിലുകള്‍ പുറത്തു പറയണ്ടായല്ലോ. ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. കിടക്കയുടെ അടിയിലെ കുറിപ്പുകളെ മകന്റെ പ്രേമപനി ആയി തെറ്റിധരിച്ച മാതാപിതാ-ശ്രീമാര്‍ ഗൂഡാലോചന നടത്തുകയും, ഇനിയും ഇവന്റെ ടൂഷന്‍, ദൂഷ്യം ആയി മാറും എന്നുള്ള തീരുമാനത്തില്‍ എത്തിച്ചേരുകയും, ഈയുള്ളവന്റെ ടൂഷന് പഠനം അവിടെ ശുഭകരമായി പര്യവസാനിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പിതാശ്രീയുമായുള്ള സിഗ്നല്‍ കുറെക്കാലം വീക്ക്‌ ആകുകയും കാര്യങ്ങള്‍ മാതാശ്രീ വഴി എസമ്മസ്‌ ഫോര്‍വേഡ് ചെയ്തു നടത്തേണ്ടി വരുകയും വേണ്ടി വന്നു! ഇങ്ങനെയാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നുള്ള പഴംചൊല്ലിന്റെ ന്യൂജനറേഷന്‍ തുടക്കം. ഒരിക്കല്‍ ഈ സംഭവം വാമഭാഗത്തോട് പറഞ്ഞതല്ലാതെ, ഉള്ള സത്യം ഇതുവരയും പുറം ലോകം അറിഞ്ഞിട്ടില്ല!     

വര്ഷം വസന്തതിനും, വസന്തം ശിശിരത്തിനും വഴി മാരിക്കൊണ്ടേ ഇരുന്നു. അങ്ങിനെ ഇരിക്കെയാണ് ഒരുദിവസം സജിക്ക് പ്രേമപ്പനി പിടിച്ചത്. ഇലഞ്ഞിമൂട്ടില്‍ നിന്നും വരുന്ന റെനി യായിരുന്നു കക്ഷി. എന്നാല്‍ പെണ്പിള്ലാരെന്നു കേട്ടാല്‍ തന്നെ മുട്ടിടിക്കുന്ന കക്ഷിക്ക് തന്റെ ഹൃദയാഭിലാഷം ഒരിക്കല്‍ പോലും എതിര്‍ കക്ഷിയോട് തുറന്നു പറയാന്‍ പറ്റിയില്ല. അങ്ങനെയിരിക്കെയാണ് ഒരുദിവസം ആ സുവര്‍ണാവസരം കൈവന്നത്.  അന്നൊരു സമര ദിവസം ആയിരുന്നു.  10 മണിയോടെ കോളേജ് കാലിയായി.  ഞങ്ങള്‍ ഏഴര കമ്പനി അപ്പോള്‍ ഗോപാലന്‍ ചേട്ടന്റെ ഫൈവ്സ്റാര്‍ ചായക്കടയില്‍ പൊറോട്ടയും കിഴങ്ങ് കറിയും കഴിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു. കോളേജ് ജങ്ങ്ഷനിലെ ഏക ചായക്കട ആയിരുന്നു ഗോപാലന്‍ ചെട്ടന്റെത്. മാത്രമല്ല, രണ്ടു പോറോട്ടയ്ക്കും കിഴങ്ങ് കറിക്കും ചായക്കും കൂടി ഫൈവ് രൂപ മാത്രം. അത് കൊണ്ട് തന്നെയാണ് ഞങ്ങളതിനു ഫൈവ്സ്റാര്‍ പദവി കൊടുത്തതും. മഞ്ഞ കളറില്‍ വെന്തുപാകമായ ആ കിഴങ്ങ് കറിയുടെ രുചി ഇപ്പോഴും നാവില്‍ നിന്ന് പോകുന്നില്ല! പില്‍ക്കാലങ്ങളില്‍ ആസ്വദിച്ച ഏത് ഗ്രേടു-വണ്‍ സായിപ്പ് ഫുടിനും ഈ ടേസ്റ്റ് തോന്നിയിട്ടുമില്ല.

രണ്ടാമത്തെ പൊറോട്ട മുറിച്ചു കിഴങ്ങ് കറിയില്‍ മുക്കിയപ്പോഴാനു ആ നയനാന്ദകരമായ കാഴ്ച സജി കണ്ടത്.  റെനിയും കൂട്ടുകാരും മന്ദംമന്ദം കോളേജില്‍ നിന്നും ഇറങ്ങി കുരിശുംമൂട് കടന്നു ഒന്നര കിലോമീറ്റര്‍ അപ്പുറമുള്ള മെയിന്‍ റോഡിലേക്ക് നടക്കാനായി ഒരുങ്ങുന്നു.  രാവിലെയും വൈകിട്ടുമല്ലാതെ ഇട സമയത്ത് കോളേജിലെക്കുള്ള സര്‍ക്കാര്‍ ബസ്‌ ഇല്ലാത്തത് കാരണം വീട്ടില്‍ പോകാന്‍ മെയിന്‍ റോഡില്‍ ചെന്ന് ബസ്‌ പിടിക്കണം. എതിര്കക്ഷികളെ കാണുമ്പോള്‍ പൊതുവേ മുട്ടിടിക്കാരുള്ള തന്നെ, എപ്പോഴും ഈ കാര്യം പറഞ്ഞു കളിയാക്കാരുള്ള കൂട്ടുകാരെ ഒന്ന് അമ്പരപ്പിച്ചു തന്റെ പ്രേമം റെനിയോട് പറയാന്‍ സജി തീരുമാനിച്ചു.  പെട്ടന്ന് ഇറങ്ങി കൈകഴുകിയപ്പോഴേക്കും റെനിയും കൂട്ടുകാരും ഒരു ഫര്‍ലോങ്ങ്‌ നടന്നു കഴിഞ്ഞിരുന്നു. ഈ സമയം സജി, ജോണ്‍സനോട് സഹായം അഭ്യര്‍ഥിക്കുകയും, ജോണ്‍സന്‍  സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.  
ഇതേ അവസരത്തിലാണ് ഗോപാലന്‍ചേട്ടന്റെ സഹായി ലോനപ്പി ഒരു സൈക്കിളില്‍ കടയിലെക്കുള്ള പാലും ഒരു ചാക്ക് കിഴങ്ങുമായി ചായക്കട ജങ്ങ്ഷനില്‍ ലാന്‍ഡ്‌ ചെയ്തത്.  ചാക്ക് സൈക്കിലില്‍ നിന്നും ഇറക്കി ലോനപ്പി കടക്കുള്ളിലേക്ക് പോയ തക്കം നോക്കി ജോണ്‍സന്‍ സൈക്കിള്‍ ഹൈജാക്ക് ചെയ്തു, സ്ടാര്‍ടിംഗ് മോഡിലാക്കുകയും സജിയെ പുറകില്‍ കേറാന്‍ ക്ഷണിക്കുകയും ചെയ്തു. വണ്ടി സ്റ്റാന്റ് വിട്ട സമയത്താണ് ലോനപ്പി കടയില്‍ നിന്ന് ഇറങ്ങി വരുന്നത്...  “എടാ അതിനു ബ്രേക്ക്‌ കുറവാണന്നു” പറഞ്ഞു ലോനപ്പി പുറകെ ഓടുകയും, ലോനപ്പി സൈക്കിള്‍ പിടിച്ചെടുക്കാന്‍ വരുകയാണെന്ന തോന്നലില്‍ ജോണ്‍സന്‍ സ്പീഡ്‌ കൂട്ടുകയും ചെയ്തത് ഒരേ സമയമാണ്. അതിനാല്‍ ലോനപ്പി പറഞ്ഞത് രണ്ടര കമ്പനി കേട്ടില്ല. ബാക്കി ശേഷിച്ച ഞങ്ങള്‍ അഞ്ചര കമ്പനി ഇനിയുള്ള രംഗങ്ങള്‍ ഒക്കെ കാണാന്‍ ധൈര്യം സംഭരിച്ചു നിന്നു; സരികയുടെ വക്കീല്‍ പുതിയതായി ഇറക്കുന്ന ക്ലിപ്പിംഗിന്റെ റിലീസ് കാത്തു നില്‍ക്കുന്ന മന്ത്രിമാരെപ്പോലെ!!

ജോണ്‍സന്റെ ടു-വീലെര്‍ ഒരു വളവു കഴിഞ്ഞതും ദൂരെ ഇറക്കത്തിന് താഴെയായി റെനിയും കൂട്ടുകാരികളും നടന്നു പോകുന്നതു കണ്ടു.  ഈ രംഗം കണ്ട സജിയുടെ ഹൃദയം പടപട ഇടിക്കാന്‍ തുടങ്ങി.  ഈ ഇടിയുടെ ആഘാതത്തില്‍ ശരീരം വിറക്കാനും.  ഈ വിറയല്‍ മൂലം ഹാന്‍ഡില്‍ പിടിച്ച ജോണ്‍സന്റെ കൈവെട്ടാനും തുടങ്ങി.  “എടാ അനങ്ങാതിരിയെടാ” ജോണ്‍സന്‍  വിളിച്ചുകൂവിയെങ്ങിലും, സജി പറഞ്ഞത് അവന്റെ ഹൃദയം അനുസരിച്ചില്ല. ഇനി രക്ഷ ഇല്ലന്നു മനസിലാക്കിയ ജോണ്‍സന്‍ സര്‍വശക്തിയും സംഭരിച്ചു ബ്രേക്ക്‌ പിടിച്ചു.  ഒരു ചെറിയ മുരള്ച്ചയോടെ അല്പം ഉണ്ടായിരുന്ന ബ്രേക്ക്‌-ഉം ഉരഞ്ഞു പൊട്ടി.  ബ്രേക്ക്‌ “പോട്ടിയെടാ ചാടിക്കോ”  ജോണ്‍സന്‍ വിളിച്ചു കൂവി.  ഈ സമയം ഇരുചക്ര ശകടം റെനിയെയും കൂട്ടുകാരികളെയും കടന്നു സ്വല്പം മുന്‍പോട്ടു പോയിരുന്നു.  അപകടം മനസിലാക്കിയ സജി സൈഡിലെ തോട്ടിലേക്ക് ചാടി. ബാലന്‍സ് തെറ്റിയ ജോണ്‍സന്‍ മറുവശത്തെ വയലിലെക്കും. പൊതുവേ അനുസരണാശീലം ഇല്ലാത്ത സജിയുടെ മുണ്ട് മറുകണ്ടം ചാടി ജോണ്‍സന്റെ സൈക്കിളിനോടോപ്പം ചേര്‍ന്ന് വയലിലേക്കാണ് പോയത്. പ്രാദേശിക പാര്‍ടിയുടെ നേതാക്കന്മാര്‍ മന്ത്രിമാരാകാന്‍ മറുകണ്ടം ചാടി ഭരണപക്ഷത്ത് ചേരും പോലെ.. തോട്ടില്‍ ഒരു വിധം വെള്ളം ഉണ്ടായിരുന്നതിനാല്‍ ഈ അത്ഭുത പ്രതിഭാസം ആരും ശ്രദ്ധിക്കുകയും ഇതര സംഭവ വികാസങ്ങള്‍ ഉണ്ടാവുകയും ചെയ്തില്ല. അന്ധാളിച്ചു നിന്ന റെനിയെയും കൂട്ടുകാരികളെയും അഭിമുഖീകരിക്കാനാവാതെ കിടന്ന കിടപ്പില്‍ തന്നെ ജോണ്‍സന്‍ കുറെനേരം കൂടി കിടന്നു. അവര്‍ കടന്നു പോയ ശേഷം സൈക്കിള്‍-ന്റെ ബാക്കി വന്ന ഭാഗങ്ങള്‍ പറക്കി എഴുന്നേറ്റ ജോണ്‍സനെ എതിരേറ്റതു സൈക്കിള്‍-ന്റെ പുറകെ ഓടി വരുകയായിരുന്ന ലോനപ്പിയുടെ പൂരപ്പാട്ടായിരുന്നു. 

തങ്ങളുടെ പദ്ധതികള്‍ പൊളിഞ്ഞ ജോണ്‍സനും സജിയും പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങി. എന്തായാലും കുറച്ചു നാളത്തേക്ക് ഡയറക്റ്റ് ഇന്‍വോള്‍മെന്റ് വേണ്ട എന്ന് തീരുമാനമെടുത്ത സജി, ജോണ്‍സനെ അരയന്നം ആക്കാന്‍ തീരുമാനിച്ചു.  ഇതു കേട്ട ജോണ്‍സന്‍ വളരെ സന്തോഷത്തോടെ ഈ ദൌത്യം ഏറ്റെടുക്കുകയും അങ്ങനെ റെനിയെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു. അപകടത്തില്‍ തോലിപോയ ഇടതു കൈമുട്ട് റെനിയെ കാണിച്ചുകൊണ്ട് ജോണ്‍സന്‍ രംഗ പ്രവേശം ചെയ്തു. താന്‍ കണ്ടു നിന്ന അപകടത്തില്‍ കൈ മുറിഞ്ഞ ജോണ്‍സനോട് റെനിക്ക് സഹതാപം തോന്നി.  ഈ സഹതാപത്തെ ദോശയും സാമ്പാറും പോലെയുള്ള ഉറ്റ ബന്ധം ആക്കിയെടുക്കാന്‍ ജോണ്‍സന് ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നോള്ളൂ. പീഡകന്മാരെയെല്ലാം പിടിക്കുമെന്ന് പ്രതിപക്ഷത്തു ഇരുന്നപ്പോള്‍ പറയുകയും ഭരണം കിട്ടിയപ്പോള്‍ അവന്‍മാരെയെല്ലാം മറന്നു പോകുകയും ചെയ്ത രാഷ്ട്രീയ നേതാവിനെപ്പോലെ ജോണ്‍സന്‍ സജിയെ പിന്നീട് മറന്നു പോയി.  എന്നാല്‍ ഇതു മനസിലാകാഞ്ഞ സജിക്ക് തന്റെ ദൌത്യം ഏറ്റെടുത്ത അരയന്നത്ത്തോട് ദിവസം പ്രതി സ്നേഹവും ബഹുമാനവും ഏറി വന്നു.

അടൂര്‍ നിന്ന് കോളേജ് വരെ പോകുന്ന ഒരു സര്‍ക്കാര്‍ ബസ്‌ മാത്രമേ അക്കാലങ്ങളില്‍ ഉണ്ടായിരുന്നുള്ളൂ.  ചില ദിവസങ്ങളില്‍ അത് പണിമുടക്കുകയും ചെയ്യും. പിന്നെ ആശ്രയം സ്വകാര്യ ബസുകള്‍ ആയിരുന്നു. സ്വകാര്യ ബസുകളില്‍ കോളേജ് സമയത്തിനു വരുന്നവയില്‍ പ്രമുഖന്‍ ആയിരുന്നു കേബിടി. ചില ദിവസങ്ങളില്‍ ബസ്‌ കോളേജ് അടുക്കുന്നതിന് മുമ്പ് തന്നെ അറിയും സ്ട്രൈക്ക് ആണെന്ന്. അക്കാലങ്ങളില്‍ സൂപ്പര്‍സ്റാറിന്റെ “വയ്കിട്ടു എന്താ പരുപാടി” റിലീസ് ആയിട്ടില്ലാത്തതിനാല്‍ “രാവിലെ എന്താ പരിപാടി” എന്നതായിരുന്നു ഞങ്ങളുടെ പരസ്യവാചകം. ഈ സ്ട്രൈക്ക് ദിവസങ്ങളിലും, ക്ലാസ്സ്‌ കട്ട്‌ ചെയ്തും വെള്ളിത്തിരയിലെ താരങ്ങളെ കാണാന്‍ പോകുകയെന്നതും ഞങ്ങള്‍ ഏഴര കമ്പനിയുടെ കലാപരിപാടികള്‍ ആയിരുന്നു. കൌണ്ടറില്‍ എത്തുന്നതിനു മുന്‍പായി ഒരു ഷെയറിംഗ് ആണ് ആദ്യപടി. എന്നാല്‍ കുറെ നാളുകളായി ജോണ്‍സന്റെ ഷെയര്‍ സജി ആണ് ഇട്ടുകൊണ്ടിരുന്നത്.  ആദ്യം ഇതു ഞങ്ങള്‍ ശ്രദ്ധിച്ചില്ല എങ്കിലും പിന്നീട് മനസിലായി ഇതു അരയന്നത്തിന്റെ കൂലി ആണന്നു!  അങ്ങിനെ അരയന്നം സ്ഥിരമായി സ്വന്തം ദൂതുകള്‍ ഇണയുമായി പങ്കുവച്ചു; അത് തന്റെ ദൂതെന്ന വിചാരത്തില്‍ സജിയുടെ പോക്കറ്റും കാലിയായിക്കൊണ്ടെ ഇരുന്നു.


(ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നതോ അല്ലാത്തതോ ആയ ആരുമായും - അത് വേണ്ട, ........ നല്ല ബന്ധം ഉണ്ട്.  പിന്നെ കുറെ പൊടിപ്പും തൊങ്ങലും, പുട്ടില്‍ തെങ്ങ ഇടുന്നത് പോലെ - അല്ല, തേങ്ങയില്‍ അരിപ്പൊടി ഇടുന്നപോലെ ഉണ്ട്.  അരിപ്പൊടി ഇല്ലാതെ എന്ത് പുട്ട് ! )

2013, നവംബർ 16, ശനിയാഴ്‌ച

ഭക്ഷണം പാഴാക്കരുതെ !

United Nations ലോകാരോഗ്യ സംഘടനയുടെ പുതിയ സര്‍വേ പ്രകാരം ഇന്ന് ലോകത്ത് ഉല്പാദിപ്പിക്കുന്നതോ പാചകം ചെയ്യുന്നതോ ആയ ആഹാരത്തിന്റെ 50% ഉം waste ആക്കി കളയുകയാണ് ചെയ്യുന്നത്.  ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനില്ലാതെ പട്ടിണി പേകോലങ്ങള്‍ ആയി കഴിയുന്ന ഭൂമിയില്‍, ഒരു നുള്ള് ആഹാരം എങ്കിലും പാഴാക്കി കളയുന്നെങ്ങില്‍ നമ്മള്‍ ചെയ്യുന്നത് പശ്ചാത്താപം അര്‍ഹിക്കാത്ത പാപം തന്നെ ആണ്. എല്ലാ നേരവും ആഹാരം കഴിക്കുന്ന ഒരു കുടുംബത്തിലെ അംഗം ആണ് നമ്മള്‍ എങ്കില്‍ ഭക്ഷണം ഇല്ലത്തവനെ ഒരു നേരം എങ്കിലും ഊട്ടാന്‍ നമ്മള്‍ പ്രതിക്ജാബദ്ധര്‍ ആകേണ്ടതുണ്ട്.

ആവശ്യത്തിന് മാത്രം ആഹാര സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുക,  ആവശ്യത്തിന് മാത്രം ഭക്ഷണം പാചകം ചെയ്യുക, ആവശ്യത്തിനു മാത്രം സെര്‍വ് ചെയ്യുക. ഇങ്ങനെ ആഹാരം ഉപയോഗ ശൂന്യമാകാതെ ഉപയോഗിക്കാന്‍ എന്തെല്ലാം വഴികള്‍ ഉണ്ടോ അതിനൊക്കെ ശ്രമിക്കാന്‍ നമുക്ക് കഴിയണം. നമ്മുടെ പിന്തലമുറയെയും ഈ വിധ കാര്യങ്ങള്‍ ബോധാവല്കരിച്ചു എല്ലാവര്ക്കും ആഹാരം എന്ന ആ നല്ല നാളെയെ നമുക്ക് സ്വപ്നം കാണാം.

ജീവിതത്തിന്റെ ആകെത്തുക

“അങ്കണ തൈമാവില്‍ നിന്ന് ആദ്യത്തെ ഫലം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതുതിര്‍ന്നു ചുടുചോര”
(ഈ കവിതാ ശകലത്തില്‍ കണ്ണുനീര്‍ എന്ന വാക്കിനെ ഞാന്‍ ഇവിടെ തിരുത്തി എഴുതുന്നു)

ഇന്നോവയുടെ ഒരു വശത്തെ കണ്ണാടി ജന്നാല തകര്‍ത്തു മുഖ്യമന്ത്രിയുടെ മാറില്‍ മുറിവേല്പിച്ചു മറുവശത്തെ ജന്നാല വഴി പുറത്തേക്ക് പോയ കല്ലോ, ഇന്നോവയില്‍ നടത്തിയ ഖനനത്തില്‍ 1000 കിലോ സ്വര്‍ണം ലഭിച്ചില്ല എന്ന വസ്തുതയോ അല്ല; പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു മാതാവിന്റെ വ്യഥയാണ് ചിന്തകള്‍ക്ക് അതീതമായി എന്നെ അലോസരപ്പെടുത്തുന്നതു. കഴുത്തറ്റു പോയ സ്വന്തം കുഞ്ഞിനെ മാറോട് ചേര്‍ത്ത് രക്തത്തില്‍ കുളിച്ചു ചേതന അറ്റു കിടക്കുന്ന ഒരു സ്ത്രീ, അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കിയ പ്രബുദ്ധ കേരളത്തിനു തീരാ കളങ്കം ആണ്. പിഞ്ചു കുരുന്നുകളെ കൊലപ്പെടുത്തിയത് കള്ളന്മാരോ കൊള്ളക്കാരോ അല്ല; സ്വന്തം പിതാവിന്റെ അനുജന്‍. ഒരിക്കല്‍ താലോലിച്ച കൈകള്‍ തന്നെയാണ് അത് ചെയ്തതും.

ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയും, കുറെ നൂറിന്റെ നോട്ടുകള്‍ക്ക് വേണ്ടിയും ഉറ്റവരോടും ഉടയവരോടും വഴക്കിടുന്ന മനുഷ്യ ജീവികള്‍ ഈ സംഭവം ശ്രദ്ധിക്കാതെ പോകാതിരുന്നെകില്‍ എത്ര നന്നായിരുന്നു.  ഇന്ന് മനുഷ്യന്റെ ശത്രുക്കള്‍ കുടുംബത്തിനുള്ളില്‍ തന്നെ ഉള്ളവര്‍ ആണെന്നുള്ളതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ഈ പാതകം ചെയ്ത മനുഷ്യന്റെ മാനസിക നിലയേയും, അയാളെ ഈ സാഹചര്യത്തില്‍ എത്തിച്ച സാമൂഹ്യ-മാനസിക വസ്തുതകളെയും പറ്റി ഒരു വസ്തുനിഷ്ടമായ പഠനം അനിവാര്യമാണ്; തുടര്‍ന്ന് പരിഹാരവും. കാരണം ഇതുപോലെ ഇനി ഒരു സംഭവം നമ്മുടെ സമൂഹത്തില്‍ നടക്കാന്‍ പാടില്ല. പണ്ടെങ്ങോ നടന്ന പീഡനത്തിന്റെ പേരിലോ, കള്ളപ്പണക്കാരന്റെ സ്വസ്ഥത കെടുത്തിയ  സോളാര്‍ പ്രശ്നത്തിന്റെ പേരിലോ, മലീമസമായ വാദ പ്രതി വാദങ്ങള്‍ നടത്തുന്ന മാധ്യമങ്ങള്‍, മറ്റു മതനേതാക്കള്‍, ഒന്ന് ഇരുട്ടി വെളുക്കും മുമ്പ് താരങ്ങളെ സൃഷ്ടിക്കുന്ന സോഷ്യല്‍ മീഡിയകള്‍, ഇവരൊക്കെ ആ മാതാവിന്റെ രോദനം ഒന്ന് ശ്രദ്ധിച്ചിരുന്നെങ്ങില്‍! ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാവാതിരിക്കാന്‍ ഒരു ബോധവല്‍ക്കരണത്തിനു ശ്രമിച്ചിരുന്നെങ്ങില്‍! 


ഏത് ജാതിയോ മതമോ ആയിക്കോട്ടെ, ദൈവത്തെ ഭയപ്പെടുകയും, തന്റെ കൂട്ടുകാരനെയും, അയല്‍ക്കാരനെയും തന്നെപ്പോലെ സ്നേഹിക്കയും, ബഹുമാനിക്കയും ചെയ്യാന്‍ പഠിപ്പിക്കുന്ന മത പഠനങ്ങള്‍ നമ്മുടെ സമൂഹത്തിനു അനിവാര്യമാണ്.  അന്യന്റെ ഒരു തുണ്ട് ഭൂമിയോ, ഒരു നൂറിന്റെ നോട്ടോ നമ്മുടെ കയ്യില്‍ വന്നു കൂടാന്‍ വേണ്ടി കളിക്കുന്ന കളികളുടെ ആകെത്തുക - നമ്മുടെ എഴുപതോ, എണ്‍പതോ വര്‍ഷങ്ങള്‍ മാത്രം നീളുന്ന ജീവിതത്തില്‍, മൊത്തത്തില്‍ എന്ത് നേടിത്തരും എന്ന് ചിന്തിപ്പിക്കുന്ന ജീവിതങ്ങള്‍ ആവട്ടെ നമ്മുടേത് !!