2014, ജനുവരി 10, വെള്ളിയാഴ്‌ച

ഒരു കോളേജ് ഇലക്ഷന്‍ പ്രണയ കാലത്ത്

അദ്ധ്യായം - 1

അന്ന് അവള്‍ അമ്പലത്തിലേക്ക് പോകുമ്പോള്‍ ഓര്‍ത്തു, ഒരു കാലത്ത് തനിക്ക് എല്ലാമായിരുന്ന സൂരജേട്ടന്‍ ഇന്ന് തനിക്ക് അന്യന്‍ ആകുന്നു. കാലയവനികയ്ക്കു ഉള്ളിലേക്ക് അവള്‍ പെട്ടന്ന് ഒന്ന് ഊളിയിട്ടു.

"കുട്ടി പ്രസാദം" നാരായണന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ അവളെ ഉണര്‍ത്തി. പ്രസാദവും വാങ്ങി ദേവിയെ തൊഴുതു നട ഇറങ്ങുമ്പോള്‍ ആണ് ഒരു ടൊയോട്ട കാര്‍ വന്നു റോഡിന്‍റെ അരികിലായി നിര്‍ത്തിയത്. അതില്‍ നിന്നും ഇറങ്ങിയ സുമുഖനായ ചെറുപ്പക്കാരനെ അവള്‍ ശ്രദ്ധിച്ചു; ഹരി, യുണിവേഴ്സിറ്റി കോളേജില്‍ തന്നോടൊപ്പം പഠിച്ച നാണം കുണുങ്ങിയായിരുന്ന ചെക്കന്‍. കലാ കായിക രംഗങ്ങളിലും, ഒപ്പം സ്വല്പം കാമ്പസ്‌ രാഷ്ട്രീയത്തിലും വ്യക്തി മുദ്ര പാകിയ ഹരി കോളേജിലെ അറിയപ്പെടുന്ന കലാപ്രതിഭ ആയിരുന്നു. എങ്കിലും പെണ്‍കുട്ടികളെ കാണുമ്പോള്‍ അവനില്‍ അന്തര്‍ലീനമായിരുന്ന ലജ്ജാഭാവം തല പൊക്കും. സ്ത്രീ പ്രജകളോട് തികഞ്ഞ അന്തര്മുഖന്‍.
കെമിസ്ട്രി ലാബിലെ ബ്യുററ്റുകള്‍ക്കിടയില്‍ കൂടിയാണ് താന്‍ ആദ്യമായി ഹരിയെ കാണുന്നത്. തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുമുഖനായ പയ്യന്‍. താന്‍ കണ്ടുവെന്ന് അറിഞ്ഞപ്പോള്‍ ടെസ്റ്റ്‌ ട്യൂബിലെ ലിക്യുട് നേര്പ്പിക്കാന്‍ വെള്ളത്തിനു പകരം സള്‍ഫ്യുരിക് ആസിഡ്‌ എടുത്തു ഒഴിച്ചതും, അത് തെറിച്ചു അവന്റെ കൈകളില്‍ വീണു ലാബില്‍ പരിഭ്രാന്തി പരന്നതും താന്‍ സൂരജേട്ടനുമായി എത്ര പ്രാവശ്യം പറഞ്ഞു ചിരിച്ചിട്ടുണ്ട്.

"വീണ എന്താ ഇവിടെ...അല്‍ഭുതം ആയിരിക്കുന്നുവല്ലോ"  കാറിന്റെ ഡോര്‍ അടച്ചു ഹരി അവളുടെ അടുത്തേക്ക് വന്നപ്പോള്‍ ആണ് വീണയുടെ ചിന്തകള്‍ക്ക് തിരശീല വീണത്‌. ഇളം വെള്ള  നിറത്തില്‍ ധോത്തിയും  മഞ്ഞ ബുള്‍ഷര്‍ട്ടും ധരിച്ച ഹരി മുഖത്ത് ഒരു റായ്ബാന്‍ കൂളിംഗ്‌ ഗ്ലാസും വച്ചിരുന്നു.
"ഇവിടെ അടുത്ത് ആ കാണുന്ന പാടത്തിനു അപ്പുറമാണ് എന്റെ വീട്. ഹരി ഇവിടെ?" അകലെ  പാടശേഖരങ്ങള്‍ക്ക് അപ്പുറത്തേക്ക് അവള്‍ വിരല്‍ ചൂണ്ടി വിദൂരതയിലേക്ക് ഒരു നിമിഷം മുഖം തിരിച്ചു. ഹരിയെ ഫേസ് ചെയ്യാനുള്ള വിമുഖത അവളുടെ മുഖത്ത് പ്രകടം ആയിരുന്നു.
"എന്റെ അമ്മായി ഇവിടെ അടുത്താണ് താമസം. അമ്മായിയുടെ വീട്ടില്‍ വരുമ്പോള്‍ ഞാന്‍ ഈ ക്ഷേത്രത്തില്‍ വരാറുണ്ട്. ദുബായില്‍ കമ്പ്യൂട്ടര്‍ എന്ജിനീയര്‍ ആയി ജോലി ചെയ്യുകയാണ് ഞാന്‍. ബൈ ദി ബൈ, വീണയുടെ വിവാഹം കഴിഞ്ഞോ? സൂരജ് ഇപ്പോള്‍ എവിടയാണ്?"
കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടത് പോലെ അവള്‍ വീണ്ടും വിമുഖയായി.  വീണയുടെ കൂട്ടുകാരി രമണി അപ്പോഴാണ് അമ്പലത്തില്‍ നിന്നും തൊഴുതു ഇറങ്ങി വന്നത്.
"ഇതാരാ വീണേ? മുന്‍പെങ്ങും ഞാന്‍ കണ്ടിട്ടില്ലല്ലോ? സ്വതവേ തന്തേടിയായ അവള്‍ വീണയോടെന്നവണ്ണം ഹരിയെ ഇറുകണ്ണ് ഇട്ടു നോക്കി.
"ഞാന്‍ വീണയുടെ ഒരു പഴയ ആരാധകനാണ്"  തമാശ രൂപേണ ഹരി പറഞ്ഞ വാക്കുകള്‍ ഒരു ക്രൂരമ്പ് പോലെ വീണയുടെ ഹൃദയത്തില്‍ വന്നു തറച്ചു.
"നട അടയ്ക്കുന്നതിനു മുന്‍പ് ഞാന്‍ പ്രസാദം വാങ്ങി വരട്ടെ. നിങ്ങള്‍ സംസാരിച്ചു നില്‍ക്ക്." വൃത്തിയായ്‌ നോറിയിട്ട് സൈഡ് ലേക്ക് ഉടുത്ത മുണ്ടിന്റെ അരികു മെല്ലെ ഉയര്‍ത്തി ഹരി അമ്പലത്തിലേക്ക് പടവുകള്‍ കയറി.

ഒരിക്കല്‍  ലൈബ്രറിയില്‍ മുകുന്ദന്റെ നോവലുകള്‍ തപ്പുകയായിടുന്നു താന്‍. ഷെല്‍ഫുകള്‍ക്ക് ഇടയിലൂടെ തന്റെ കയ്യിലെ നോവലുകളില്‍ മിഴിയുറപ്പിച്ചിരിക്കുന്നയാളെ താന്‍ തിരിച്ചറിഞ്ഞു....ഹരി.
"ഞാന്‍ ഷേക്സ്പിയറിന്റെ പോയംസ് അല്ല, ഡ്രാമാസ് തപ്പുകയായിരുന്നു" ഹരി വെപ്രാളത്തോടെ പറഞ്ഞു കൊണ്ട് നടന്നകന്നു.
കുറെ ദിവസങ്ങള്‍ക്ക് ശേഷം ഹരിയെ വീണ്ടും ലൈബ്രറിയില്‍ വച്ച് കണ്ടു. മുകുന്ദന്റെ കുറെയേറെ നോവലുകളുമായി അവന്‍ തന്നെ സമീപിച്ചു.
"വീണയ്ക്ക് മുകുന്ദന്റെ നോവലുകളോട് താല്പര്യം ആണല്ലേ?"
"എങ്ങനെ അറിയാം ഹരിക്ക്?"  അവന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ ചോദിച്ചു. കണ്ണുകള്‍ തമ്മില്‍ കൊരുത്തപ്പോള്‍ അവന്റെ ചുണ്ടുകള്‍ വിറച്ചു. പെട്ടന്ന് നോവലുകള്‍ അവളുടെ കയ്യില്‍ കൊടുത്തു തിരിഞ്ഞു,  മറുപടി പറയാതെ  നമ്രശിരസ്കനായി ഒറ്റ പോക്കായിരുന്നു അവന്‍.

പിന്നീട് ഒരു മാസത്തിനു ശേഷമാണ് ഹരിയെ കാണുന്നത്. കോളേജ് വളപ്പിലെ പൂത്തുലഞ്ഞ ഇലഞ്ഞിമരത്തിന്റെ ചുവട്ടില്‍ വച്ച്. ശാസ്ത്രസാഹിത്യ പരിഷത്ത്‌ കോളേജില്‍ സംഘടിപ്പിക്കുന്ന കലാമേളയുടെ പ്രചാരണത്തില്‍ ആയിരുന്നു അവന്‍. വീണയെ കണ്ടപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ മുമ്പോട്ട്‌ നടന്നു. "അവര്‍ക്ക് എന്തെകിലു സ്വകാര്യം പറയാന്‍ കാണും അളിയാ, നമുക്ക് സ്ഥലം കാലിയാക്കാം" ആ കമന്റ്‌ വീണയും കേട്ടു എന്ന് തോന്നി.

"ഒരു മാസം ആയല്ലോ തന്നെ കണ്ടിട്ട്? എവിടായിരുന്നു?"കൂടുകാരുടെ കമന്റില്‍ സ്വല്‍പം ജാള്യത തോന്നിയെങ്കിലും അത് പ്രകടം ആക്കാതെ വീണ ചോദിച്ചു.
"ഞാന്‍ വീണയെ എല്ലാ ദിവസവും കാണാറുണ്ടല്ലോ" അവന്റെ കണ്ണുകളില്‍ ലജ്ജയുടെ ലാഞ്ചന.
"എങ്ങനെ?" വീണയുടെ വാക്കുകള്‍ അവനെ ഉത്തരം മുട്ടിച്ചുവെങ്കിലും പെട്ടന്ന് ധൈര്യം അവലംബിച്ചു അവന്‍ പറഞ്ഞു
"ഐ മീന്‍...എന്റെ ക്ലാസ്സില്‍ ഇരുന്നാല്‍ വീണ കോറിഡോറി ലൂടെ  വരുന്നതും പോകുന്നതും കാണാം..." എന്നാല്‍ പെട്ടന്ന് ഹരി വിഷയം മാറ്റി "പിന്നെ വീണേ ഇലക്ഷന്‍ ഒക്കെ അടുത്ത് വരുകയാണ്. ഫെഡ്‌സ്റ്റുഡന്സിന്റെ കാന്റ്റിഡേറ്റ്  ആയിരിക്കും ഒരു പക്ഷെ ഞാന്‍. തന്റെ സഹകരണം പ്രതീക്ഷിക്കുന്നു." തന്റെ ഒരു നോട്ടത്തില്‍ ലജ്ജാമുഖനാകാറുണ്ടായിരുന്ന അവന്‍ ഒരു പ്രത്യേക അടുപ്പം കൈവരിച്ചത് പോലെയാണ് അന്ന് സംസാരിച്ചത്.

ആയിടക്കാണ് സ്കൂളില്‍ വീണയോടൊപ്പം പഠിച്ച അവളുടെ അടുത്ത കൂട്ടുകാരി ചിത്ര വിമന്‍സ് കോളേജില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി യുണിവേഴ്സിറ്റി  കോളേജിലെക്ക് വരുന്നത്. കാണാന്‍ സ്മാര്‍ട്ട്‌ ആയിരുന്ന ചിത്ര സ്കൂളില്‍ വച്ചേ ആണ്‍കുട്ടികളുടെ നോട്ടപ്പുള്ളി ആയിരുന്നു. ഒരിക്കല്‍ ചിത്ര  വീണയോടു പറഞ്ഞു "ഹരിയെ കാണാന്‍ എത്ര സ്മാര്ട്ടാണ്, ആണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം"
"എന്താടീ നിനക്ക് വല്ല നോട്ടവും ഉണ്ടോ?" വീണ
"ഓ പിന്നേ...ഞാന്‍ വെറുതെ പറഞ്ഞതാണേ" അന്ന് ചിത്ര ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അവള്‍  പലപ്പോഴും ഹരിയെപ്പറ്റി വാതോരാതെ വീണയോടു പറഞ്ഞു കൊണ്ടേ ഇരുന്നു.

"നീ നിന്നുകൊണ്ട് ഉറങ്ങുക ആണോ പെണ്ണെ" രമണിയുടെ വാക്കുകള്‍ അവളുടെ ചിന്തകള്‍ക്ക് തിരശീല വീഴ്ത്തി.
"നീ വരുന്നുണ്ടോ വീട്ടില്‍ അമ്മ തനിച്ചാണ്" രമണിയുടെ അമ്മ വീട്ടില്‍ തന്നെ ഒന്ന് മറിഞ്ഞുവീണു രണ്ടാഴ്ച്ചയായി കിടപ്പാണ്.

"ഓ അത് ഞാന്‍ ഓര്‍ത്തില്ല. നീ പൊയ്ക്കോ രമണി. അമ്മയെക്കാണാന്‍ ഞാന്‍ നാളെ അങ്ങോട്ട്‌ വരുന്നുണ്ട്. ഏതായാലും ഇത്രയും നേരം നിന്നില്ലേ, ഹരി തിരികെ വന്നിട്ട് ഞാന്‍ വന്നോളാം" രമണി യാത്ര പറഞ്ഞു പോയതും അവള്‍ വീണ്ടും ചിന്തകളുടെ ചുഴിയിലേക്ക് ഊളിയിട്ടു.

അദ്ധ്യായം- 2

കോളേജ് ഇലെക്ഷന്‍ പ്രക്യാപനം ക്യാമ്പസിനെ ശബ്ദമുഖരിതം ആക്കി. തങ്ങളെക്കാള്‍ ഒരു വര്ഷം സീനയര്‍ ആയിരുന്നു സൂരജേട്ടന്‍.  വീണയുടെ ഇളയമ്മയുടെ മകന്‍ ദിനേശ്‌, സൂരജിനോപ്പം ഫൈനല്‍ ഇയര്‍ സ്റ്റുഡന്‍റ് ആയിരുന്നു.  സ്റ്റുഡന്‍സ് യുണിയന്റെ യുണിവേഴ്സിറ്റി കൌണ്സിലര്‍ കാന്റ്റിഡേറ്റ് ആയി സൂരജിനെ പ്രഖ്യാപിച്ചപ്പോള്‍ ദിനേശായിരുന്നു പിന്തുണ പ്രക്യാപിച്ചു ഏറ്റവും മുന്‍പില്‍ നിന്നത്. അന്നൊരു ദിവസം ദിനേശ്‌ വീണയെ സമീപിച്ചു. "എടീ,  സ്റ്റുഡന്‍സ് യുണിയന്‍ വൈസ്ചെയര്‍മാന്‍  കാന്റ്റിഡേറ്റ്ആയി അളെ തപ്പിക്കൊണ്ട് ഇരിക്കുകയായിരുന്നു. കഴിഞ്ഞ കമ്മിറ്റിയില്‍ ഞാന്‍ നിന്റെ പേരു നിര്‍ദേശിക്കുകയും, എന്റെ സ്വാധീനത്തില്‍ എതിര്‍ അഭിപ്രായം ഒന്നും ഉണ്ടാവുകയും ചെയ്തില്ല"  ആയിടയ്ക്ക് ദിനേശ് സ്റ്റുഡന്റ്സ് യുണിയന്റെ പുതിയ യുണിറ്റ്‌ പ്രസിഡന്റ്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
"ഞാനോന്നുമില്ല, വീട്ടില്‍ അറിഞ്ഞാല്‍ എന്നെ വച്ചേക്കില്ല" വീണ തന്റെ വയ്മനസ്യം ആദ്യം തന്നെ വ്യക്തം ആക്കി.
"എടീ വീണേ, പറയുന്നതു  നീ കേള്‍ക്കു.. ഇതു പോലെ നിനക്ക് ഷൈന്‍ ചെയ്യാന്‍  ഒരു അവസരം ഇനി വരണമെന്നില്ല.  ഞാന്‍ നിന്റെ അഛ്ചന്റെ അടുത്ത് നിന്നും അനുവാദം വാങ്ങികൊള്ളാം".
ഇതു കേട്ടുകൊണ്ടാണ് ചിത്ര അവിടേക്ക് വന്നത്. "എടീ സമ്മതിക്കെടീ, ചക്കര അല്ലെ" പിന്നെ അവള്‍ തനി പാര്‍ട്ടിക്കാരിയായി കൈകള്‍ മുകളിലേക്ക് പൊക്കിക്കൊണ്ട് പ്രഖ്യാപനവും നടത്തി "ഔര്‍ വൈസ് ചെയര്‍പെഴ്സന്‍   ..വീണ ശങ്കര്‍"
"ഏയ്‌, ചിത്ര താന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം" ദിനേശ്‌ ചിത്രയുടെ നേര്‍ക്ക്‌ തിരിഞ്ഞു.
"ഫെഡ്‌ സ്റ്റുഡന്റ്സിന്റെ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. ബാക്കി ഒക്കെ നിങ്ങള്ക്ക് വേണ്ടി"
"അതാരാ ചിത്രേ ആ ഒരു ഭാഗ്യവാന്‍?" ദിനേശിന് ചോദിക്കാതിരിക്കാന്‍ ആയില്ല. വീണയാണ് മറുപടി കൊടുത്തത് " അത് പിന്നെ ....പറയട്ടെടീ?....ചിത്ര അവളുടെ വായ്‌ പോത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വിളിച്ചു കൂവി "ഹരി...ഹരി...ഹരിയല്ലാതെ പിന്നെ ആരാവും" ഇതു കേട്ടതും ചിത്രയുടെ മുഖം ലജ്ജ കൊണ്ട് ചുവന്നു തുടുത്തു. അവള്‍ പെട്ടെന്ന് യാത്ര പറഞ്ഞു അവിടെ നിന്നും തടി തപ്പി.








കോളേജില്‍ ഇലക്ഷന്‍ പ്രചരണം പിന്നെ പെട്ടന്നാണ് ആരംഭിച്ചത്. ക്ലാസ്സുകളില്‍ പ്രസംഗത്തിലും കാന്‍വാസിഗിലും സ്റ്റുഡന്‍സ് യുണിയന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെക്കള്‍ മികച്ചു നിന്നത് കൌണ്സിലെര്‍ ആയി മത്സരിച്ച സൂരജ്‌ ആയിരുന്നു. തുടക്കത്തില്‍ സൂരജില്‍ താനൊരു പ്രത്യേകതയും കണ്ടിരുന്നില്ല. സൂരജിന്റെ   കാവ്യാത്മകതയും സാഹിത്യശൈലിയും ഒത്തിണങ്ങുന്ന പ്രസംഗങ്ങള്‍ വീണ നിര്‍നിമേഷം നോക്കി നില്‍ക്കുമായിരുന്നു. വീണയും വൈസ് ചെയര്‍പെഴ്സന്‍ കാന്റ്റിഡേറ്റ്  ആയി നല്ലവണ്ണം തിളങ്ങി.  പല സന്ദര്‍ഭങ്ങളില്‍ ഒരുമിച്ചു വര്‍ക്ക്‌ ചെയ്യേണ്ടി വന്ന ഇരുവരും അങ്ങനെ ക്രമേണ അടുക്കുകയായിരുന്നു.

ഫെഡ്‌ സ്റ്റുഡന്റ്സും വന്പിച്ച പ്രചരണം ആരംഭിച്ചു. യുണിയന്‍ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആയ ഹരിയുടെ പ്രചാരണത്തിന്റെ മുന്‍നിരയിലായിരുന്നു ചിത്ര. ഒരു ദിവസം ഹരി ചിത്രയോടു ചോദിച്ചു
"ചിത്ര എന്തിനാണ് എനിക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നത്? ആ സമയം കൊണ്ട് തന്റെ കൂട്ടുകാരി വീണയ്ക്ക് വേണ്ടി കുറെ വോട്ട് പിടിച്ചു കൂടെ?"
"എനിക്ക് മനസ് ഉള്ളതുകൊണ്ട്.  ആരും എന്നെ പിന്തിരിപ്പിക്കാന്‍ നോക്കേണ്ട" ചിത്ര പെട്ടന്ന് മുഖത്ത് ഒരു ദേഷ്യഭാവം കൈവരുത്തി. ചിത്രയുടെ ഉള്ളിലിരുപ്പ് എത്ര ആലോചിച്ചിട്ടും ഹരിക്ക് അപ്പോള്‍ പിടി കിട്ടിയില്ല. പിന്നെ അവന്‍ അത് ഒരു ഈസി മട്ടില്‍ മറന്നു കളഞ്ഞു.

ആയിടയ്ക്ക് ഒരുദിവസം വീണ അപ്രതീഷിതമായി ഹരിയെ ലൈബ്രറിയില്‍ വച്ചു കണ്ടു. എന്നാല്‍ തന്നെ പ്രതീക്ഷിച്ചെന്ന  വണ്ണമാണ് ഹരിയുടെ നില്പ്പെന്നു അവള്‍ക്കു മനസിലായി.
"വീണേ മുകുന്തന്റെ പുതിയ ഒരു നോവല്‍ ഇറങ്ങിയിട്ടുണ്ട്. ഞാന്‍ ബുക്ക്‌ സ്റ്റാളില്‍ നിന്നും തനിക്ക് വേണ്ടി വാങ്ങിയതാണ്.
"എന്തിനാ ഹരി ഇങ്ങനെ വെറുതെ പൈസ കളയുന്നത്? നോവലുകള്‍ കിട്ടിയാല്‍ വായിക്കും എന്നല്ലാതെ എനിക്ക് അതിനോട് ഒരു പ്രത്യേക ഇന്റെസ്റ് ഒന്നും ഇല്ല. പിന്നെ ഹരി വാങ്ങിയതെല്ലേ, തന്നേക്കു" ഹരി നീട്ടിയ നോവല്‍ വാങ്ങി അവള്‍ ബുക്കുകളുടെ ഇടയില്‍ തിരുകി.
"ആ വീണേ, താന്‍ ഇലെക്ഷന്‍ പ്രചരണം കലക്കുന്നുണ്ടെന്ന്  അറിഞ്ഞു. ഇക്കണക്കിനു ഈ പാവം ഞാനും, ഞങ്ങളുടെ പാര്‍ട്ടിയും തട്ടി പോകുമല്ലോ"
"കളിയാക്കല്ലേ ഹരി, ഈ പാവങ്ങള്‍ ജീവിച്ചു പോകട്ട്" വീണ നിസാര മട്ടില്‍ ഹരിയുടെ തമാശയ്ക്ക് മറുപടി നല്‍കി.

അദ്ധ്യായം- 3

അടുത്ത ഒരു ദിവസം ഞായറാഴ്ച ഊണിനു ശേഷം ഒരു ഉച്ച ഉറക്കത്തിനായി വീണ തന്റെ മുറിയില്‍ കട്ടിലിലേക്ക് കയറി. ഇലക്ഷന്റെ കാര്യം ഓര്‍ത്തു തിരിഞ്ഞും മറിഞ്ഞും കിടന്നു "ഇന്നെന്തേ ഉറക്കം വരാത്തത്" അവളോര്‍ത്തു. എന്നാല്‍ പിന്നെ സ്ഥിരം ഉറക്ക ഗുളികയായ ഒരു ബുക്ക്‌ വയിക്കാമെന്ന് കരുതി കിടക്കയുടെ ആരികിലെ മേശയില്‍ കൈകൊണ്ടു പരതി. കൈയ്യില്‍ കിട്ടിയ ബുക്ക്‌ നോക്കിയപ്പോള്‍ കഴിഞ്ഞ ദിവസം ഹരി തന്ന നോവലാണതെന്നു മനസിലായി. എന്നാല്‍ പിന്നെ ഇതു വായിച്ചേക്കാം. ഒരു പില്ലോ കൂടി എടുത്തു കിടക്കയില്‍ ചാരിയിരുന്ന് അവള്‍ നോവല്‍ തുറന്നു.
"എന്റെ എല്ലാം എല്ലാമായ വീണയ്ക്ക്...." പെട്ടന്ന് ഉണ്ടായ നെട്ടലില്‍ അവള്‍ നോവലിന്റെ താളുകള്‍ ഓരോന്നായി മറിച്ചു നോക്കി. അവസാന താളില്‍ സ്റ്റാഫ്‌ ചെയ്തു വച്ച പട്ടു റോസാപൂവിന്റെ അടിയില്‍ അവള്‍ കണ്ടു " ഐ ലവ് യു വീണ, ഹരി"  പെട്ടന്ന് ഷോക്കേറ്റത് പോലെ ഒരു നിമിഷം അവള്‍ തരിച്ചിരുന്നു.

അടുത്ത രണ്ടു ദിവസം മനപൂര്‍വം ഹരി വീണയില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു. അവളെ കാണുമ്പോള്‍ ഒക്കെ അവന്‍ പ്രചാരണത്തിന്റെ തിരക്ക് അഭിനയിച്ചു, അവളുടെ പ്രതികരണം എന്താണെന്ന് അറിയില്ലല്ലോ.
ഈ ദിവസങ്ങള്‍ക്കകം വീണ സൂരജുമായി ഒരുപാടു അടുത്ത് പോയി കഴിഞ്ഞിരുന്നു.  ഒരു ദിവസം കോളേജിന്റെ പടിഞ്ഞാറേ മൂലയില്‍ ഉള്ള വാകമരത്തിന്റെ തണലില്‍ വച്ച് സൂരജ്‌ അവളോട്‌ പറഞ്ഞു " വീണേ ഇലക്ഷനിലെ നിന്റെ വിജയം ഉറപ്പാണ്‌. എന്നാല്‍ ഹരി നില്‍ക്കുന്നിടത്തോളം എന്റെ കാര്യം സംശയം ആണ്. എന്റെ വിജയം പാര്‍ട്ടിയുടെ പ്രസ്ടീജിന്റെ കാര്യം കൂടി  ആണന്നു കഴിഞ്ഞ കമ്മിറ്റിയില്‍ ദിനേശ് പറഞ്ഞത് നീയും കേട്ടതാണല്ലോ. എത്ര പണം എറിയാനും ഞാന്‍ തയ്യാറാണ്"
"അത് എന്നോട് പറഞ്ഞിട്ട് എന്താ കാര്യം, സൂരെജേട്ടന്‍ കുറെ കൂടി ഉഷാറായി പ്രവര്‍ത്തിക്ക്"
"ഇല്ല വീണ, നടക്കില്ല.  എന്നാല്‍ നീ വിചാരിച്ചാല്‍ എന്നെ സഹായിക്കാന്‍ പറ്റും."
"ഞാന്‍ എന്ത് ചെയ്യാനാ ഏട്ടാ" വീണ തികഞ്ഞ നിസംഗതയില്‍ ചോദിച്ചു.
"വീണേ ഇനി നീ വിചാരിച്ചാലേ ഈ സൂരജേട്ടന്‍ വിജയിക്കൂ. ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കണം. നമുക്ക് ഇടയില്‍ പലരും പറയുന്നത് ഹരിക്ക് നിന്നോട് ഒരു ആരാധനാ മനോഭാവം ആണെന്നാണ്.  നിന്നെ അവനു വളരെ ഇഷ്ടമാണ്.  ഈ ഇലക്ഷനില്‍ നിന്നും പിന്മാറാന്‍ നീ അവനോടു പറയണം. വെറുതെ വേണ്ട, അവന്‍ ചോദിക്കുന്ന പണം കൊടുക്കാം.  അതില്‍ വീണില്ലന്കില്‍ സ്നേഹം ഭാവിച്ചു നീ അവനെ നിന്റെ വരുതിയില്‍ കൊണ്ട് വരണം" സൂരജിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ അവളെ ഞെട്ടിച്ചു.
"സൂരെജേട്ടാ പ്ലീസ്, എന്നെ നിര്‍ബന്ധിക്കരുത്. ഇതു മാത്രം എന്നോട് പറയരുത്" അവള്‍ പോകുവാനായി എഴുന്നേറ്റു.
"വീണേ, ഇലക്ഷനില്‍ ഞാന്‍ ജയിച്ചില്ലകില്‍, നിന്റെ കഴുത്തില്‍ മിന്നു കെട്ടാന്‍ ഈ സുരജ് ഉണ്ടാകുകയില്ല" ആ വാക്കുകളില്‍ അവള്‍ വീണു.

അടുത്ത ദിവസം വീണ ഹരിയെ സമീപിച്ചു. അവന്റെ നോവലിലെ കുറിപ്പ് താന്‍ കണ്ടുവെന്നും ഈ വിധ കാര്യങ്ങളെ പറ്റി ഒന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലന്നും, ഇല്ലാത്ത പ്രേമഭാവം മുഖത്ത് വരുത്തി  അവള്‍ പറഞ്ഞു.  പിന്നീട് സൂരജ്‌ ഏല്പിച്ച കാര്യം അവള്‍ അവനെ അറിയിച്ചു.  "ഹരി എന്നെ തെറ്റിധരിക്കരുത്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു"
"എന്താ വീണേ? വീണയ്ക്ക് എന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ"
"ഇല്ല ഹരി വേണ്ട.  ഹരിക്ക് അത് വിഷമം ആക്കും" അവള്‍ അവനോടു കുറേക്കൂടി ചേര്‍ന്ന് നിന്ന് കൊണ്ട് പറഞ്ഞു.
" ഞാന്‍ ഇപ്പോള്‍ എന്നേക്കാള്‍ വീണയെ ഇഷ്ടപ്പെടുന്നു. വീണയ്ക്ക് എന്നോട് എന്തും തുറന്നു പറയാം"
"ഞാന്‍ പറയുന്നത് ഹരി അനുസരിക്കും എന്ന് സത്യം ചെയ്‌താല്‍ മാത്രമേ ഞാന്‍ പറയൂ"
"സത്യമായും വീണ പറയുന്നത് ഞാന്‍ ചെയ്തിരിക്കും" പ്രേമം തലയ്ക്കു പിടിച്ച ഹരി അവളുടെ കയ്യില്‍ പിടിച്ചുകൊണ്ടു സത്യം ചെയ്തു.  ഇനി ഹരി തന്റെ വഴിക്ക് തന്നെ വരും എന്ന് അവള്‍ക്കു ഉറപ്പായി.
"എന്നാല്‍ ഞാന്‍ പറയാം. ഹരി, സൂരജേട്ടന്റെ സീറ്റ്‌ പാര്‍ടിയുടെ പ്രസ്ടീജ് ഇഷ്യൂ ആണ്. ഹരി നില്‍ക്കുന്നിടത്തോളം സൂരജ്‌ ജയിക്കില്ല. എനിക്ക് വേണ്ടി ഹരി ഇപ്രാവശ്യം നോമിനേഷന്‍ ഒന്ന് പിന്‍വലിക്കുമോ?  പ്ലീസ് ഹരി, ഞാന്‍ അപേക്ഷിക്കുകയാണ്. ഇതിനു പകരമായി എത്ര പണം വേണമെകിലും നല്‍കാം എന്ന് സൂരജേട്ടന്‍ പറഞ്ഞിട്ടുണ്ട്"  ഈ വാക്കുകളില്‍ ഹരി  ഒരു നിമിഷം തരിച്ചു നിന്ന് പോയി. വീണ തന്നെയാണോ ഈ പറയുന്നത് !
"നോക്കു വീണേ, ഹരി ഇതുവരെ പണത്തിനു അതിരുകടന്ന ഒരു പ്രാധാന്യവും കൊടുത്തിട്ടില്ല. പണം ആര്‍ക്കു വേണമെങ്കിലും എപ്പോള്‍ വരുകയും പോകുകയും ചെയ്യാം.  താന്‍ എന്നെപറ്റി ഇങ്ങനെ ഒക്കെയാണോ വിചാരിച്ചിരിക്കുന്നെ?" ഹരിയുടെ കണ്ണുകളില്‍ രോഷത്തിന്റെ അഗ്നി സ്പുരണം.  വീണ അപ്പോള്‍ തന്റെ അവസാനത്തെ ആയുധമായ സ്വല്പം കണ്ണ് നീര്‍ പുറത്തു എടുത്തുകൊണ്ട് പറഞ്ഞു. "പ്ലീസ് ഹരി തനിക്ക് എന്നോട് അല്പം എങ്കിലും സ്നേഹം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം. അവള്‍ ക്രമേണ കണ്ണുനീരിന്റെ അളവ് കൂട്ടി.
"ഛെ ഛെ ...എന്തായിത്.. താന്‍ കരയാന്‍ വേണ്ടി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ. ആട്ടെ, സൂരജ് ജയിക്കണമെന്ന് തനിക്ക് എന്താണ് ഇത്ര ആഗ്രഹം?"
"അത് അത് ..... സൂരജേട്ടന് വേണ്ടി പ്രചാരണം നടത്തണമെന്നും അത് ചെയ്തില്ലന്കില്‍ എന്നെ മത്സരിപ്പിക്കില്ലന്നുമാണ് ദിനേശും പാര്‍ട്ടിയും പറയുന്നത്. ഹരി നില്‍ക്കുമ്പോള്‍ ഞാന്‍ മറുഭാഗത്തിനു വേണ്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?  മാത്രമല്ല ഞാന്‍ വൈസ് ചെയര്‍പെഴ്സന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഏറ്റവും അധികം സന്തോഷിക്കുക ഹരിയാവില്ലേ ?" അവളുടെ അവസാനത്തെ വാക്കുകള്‍ ഒരു തേന്‍മഴയായി  അവന്റെ മനസ്സില്‍ പെയ്തിറങ്ങി.
"നോക്കു വീണേ, പാര്‍ട്ടിയെക്കാളും, സ്ഥാനമാനങ്ങളെക്കാളും, നീയാണെനിക്ക് വലുത്. നിനക്ക് വേണ്ടി ഞാന്‍ എന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പോകുന്നു"

ഹരിയുടെ സ്ഥാനാര്‍ത്ഥിത്വ പിന്മാറ്റ പ്രഖ്യാപനം കോളേജില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ഫെഡ്‌ സ്റ്റുഡന്റ്സിന്റെ യുണിറ്റ്‌ ഒന്നടങ്കം ഹരിക്ക് എതിരെ രംഗത്ത് വന്നു.  ആരോഗ്യ പ്രശ്നങ്ങള്‍ ആണ് തന്റെ പിന്മാറ്റത്തിന്റെ കാരണം എന്ന വിശദീകരണം പാര്‍ടി അഗീകരിച്ചില്ല.  ഹരിയെ ഫെഡ്‌ സ്റ്റുഡന്റ്സില്‍ നിന്നും പുറത്താക്കി. മാനസികമായും ശാരീരികമായും പല പീഡനങ്ങളും അവനു  ഏല്‍ക്കേണ്ടിവന്നു. അന്നുവരെ അവനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന സഹപ്രവര്‍ത്തകരില്‍ നിന്നും തടി രക്ഷിക്കാന്‍ അവന്‍ വല്ലാതെ പാട് പെട്ടു. കോളേജില്‍ ഒരു സ്വാധീനവും ഇല്ലാതെ വെറുതെ ഷൈന്‍ ചെയ്യാന്‍ വേണ്ടി നാമനിര്‍ദേശ പട്ടിക നല്‍കിയിരുന്ന ഫക്രുദീനെ ഫെഡ്‌ സ്റ്റുഡന്റ്സ് ഹരിക്ക് പകരം അവരുടെ കൌണ്‍സിലര്‍ കാന്റ്റിഡേറ്റ് ആക്കി.
ഇലെക്ഷന്‍ ഫല പ്രക്യാപനം വന്നു.  സൂരജും, വീണയും വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.  അന്ന് വരെ കോളേജിലെ എല്ലാം എല്ലാം ആയിരുന്ന ഹരി എല്ലാവരാലും തഴയപ്പെട്ടു.


അദ്ധ്യായം- 4

അങ്ങനെ ഇരിക്കവേ ഒരു ദിവസം ലഞ്ചിനു ശേഷം ഫിസിക്സ് ലാബിന് മുന്‍പിലെ വരാന്തയില്‍ സൂരജും വീണയും ഇലക്ഷന്‍ വിശേഷങ്ങള്‍ പങ്കിട്ടുകൊണ്ട്‌ ഇരിക്കുകയായിടുന്നു.
"എങ്കിലും എന്റെ വീണേ, നീ എങ്ങനെ ആ ഹരിയെ ഒതുക്കി.   എന്റെ വിജയം ശരിക്കും നിനക്ക് അവകാശപ്പെട്ടതാണ്" സൂരജ്‌ വീണയെ ശരിക്കും ഒന്ന് പൊക്കി.
" ഓ അതോ...പണത്തിനു മുന്‍പില്‍ വീഴുന്നില്ല എന്ന് കണ്ടപ്പോള്‍, അവനെ പ്രേമിക്കുന്നതായി ഞാന്‍ ഭാവിച്ചു. ഇലക്ഷനില്‍ നിന്നും പിന്മാറിയില്ല എങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധവും തീരുമെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. ആ...പിന്നെ കുറെ പൂങ്കണ്ണീരും ഒഴുക്കിയെന്നു വച്ചോ... ആ പാവം വിഡ്ഢി എന്റെ കണ്ണീരില്‍ വീണു. എന്റെടുത്താ അവന്റെ കളി"  ഇതു പറഞ്ഞു താനെന്ന ഭാവത്തില്‍ വീണ ഒന്ന് ഇളകി ഇരുന്നു.
"നിന്നെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. ഇത്ര ബുദ്ധിമതിയായ നിന്നെ കൂടെ കിട്ടിയത് എന്റെ ഭാഗ്യം" സൂരജ്‌ അവളുടെ കയ്യില്‍ പിടിച്ചു അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു.
അപ്പോള്‍ പുറകില്‍ ആരോ നടക്കുന്ന ഒച്ച കേട്ട് തിരിഞ്ഞു നോക്കിയ അവര്‍, ഹരി അവിടെ നിന്നും വിദൂരത്തേക്ക് നടന്നു അകലുന്നത് കണ്ടു. ഹരി ഇനി എന്തിനും മടിക്കില്ല എന്നാ ഭയം വീണയെ നടുക്കി.  എന്നാല്‍ അവള്‍ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. പിന്നീട് പലപ്പോഴും അവള്‍ അവനെ നിശബ്ദമായി തിരഞ്ഞു. എന്നാല്‍ ഹരി പിന്നീട് കോളേജില്‍ വന്നിട്ടേ ഇല്ലായെന്ന് ചിത്രയില്‍ നിന്നും അവള്‍ അറിഞ്ഞു. കുറെ നാളുകള്‍ക്കു ശേഷം ദിനെശനില്‍ നിന്നുമാണ് അവള്‍ ആ നടുക്കുന്ന സത്യം അറിഞ്ഞത്. ഹരി കോളേജില്‍ നിന്നും എന്നെന്നേക്കുമായി വിടവാങ്ങി.  പിന്നീട് അവന്‍ ബന്ഗ്ലൂരിലോ മറ്റോ എന്ജിനീരിങ്ങിനു ചേര്‍ന്നെന്നും  ഏതോ സഹപാടി പറഞ്ഞു കേട്ടു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. സൂരജിന്റെ ഡാഡി സിങ്കപ്പൂരില്‍ നിന്നും വന്നിട്ടുണ്ടെന്ന് ദിനെശനില്‍ നിന്നുമാണ് വീണ അറിഞ്ഞത്. എക്സാമിന് മുന്‍പുള്ള സ്റ്റഡി ലീവ് ആയിരുന്നതിനാല്‍ ഒരാഴ്ച്യയിലേറെ ആയിരുന്നു വീണ, സൂരജിനെ കണ്ടിട്ട്.
ആദ്യത്തെ എക്സാമിന്റെ ദിവസം വീണ സൂരജിനെ കണ്ടു അടുത്തേക്ക് ചെന്നു  " വീണേ, ഡാഡി വന്നിട്ടുണ്ട്. എന്നെയും സിങ്കപുരിലേക്ക് കൊണ്ട്പോകാന്‍ ആണ് പുള്ളിയുടെ പ്ലാന്‍.  പിന്നെ പുതിയ തമാശ എന്താണെന്ന് വച്ചാല്‍,  ഡാഡി എനിക്ക് കല്യാണ ആലോചനകള്‍ നടത്തികൊണ്ട് ഇരിക്കുകയാണ്. ഞാന്‍ കുറെ എതിര്‍ത്തു, ഒരു പ്രയോജനവും ഇല്ല. എന്തായാലും വരുന്നതു വരട്ടെ എന്ന് വിചാരിച്ചു  തന്റെ കാര്യം ഞാന്‍ ഡാഡിയോട് പറഞ്ഞിട്ടുണ്ട്"  തന്റെ വേവലാതി അടിസ്ഥാന രഹിതം ആയിരുന്നുവല്ലോ എന്ന് അവള്‍ ഓര്‍ത്തു.എന്നാല്‍ പിന്നീട് പല ദിവസങ്ങളിലും സൂരജ്‌ തന്നില്‍ നിന്നും അകലുവാന്‍ ശ്രമിക്കുന്നത് അവള്‍  ശ്രദ്ധിച്ചു.

സൂരജിന്റെ ക്ലാസിലെ അവസാന ഗെറ്റ് ടുഗതെര്‍ പാര്‍ടിയില്‍ ദിനേശിന്റെ നിര്‍ബന്ധ പ്രകാരമാണ് വീണ പങ്കെടുത്തത്.
എന്നാല്‍ പാര്‍ട്ടിക്ക് ശേഷം തന്നെ ഗൌനിക്കാതെ പലരോടും സംസാരിക്കുകയും യാത്ര പറയുകയും ചെയ്യുന്ന സൂരജിനെ അദ്ഭുതത്തോടെ അവള്‍ നോക്കി.  അവള്‍ അവന്റെ അടുത്തേക്ക് ചെന്നു.
"വീണ ക്ഷമിക്കണം, ഒന്നും മനപ്പുര്‍വം ആയിരുന്നില്ല. ഡാഡി വീണയുടെ ഫാമിലി യെ പറ്റി അന്വഷിച്ചിരുന്നു. അദ്ദേഹത്തിന്റെ സ്റ്റാറ്റ്സിനു പറ്റിയ ബന്ധമല്ല വീണയുടെ ഫാമിലിയുടെതെന്നെ നിര്‍ബന്ധ ബുദ്ധിയില്‍ ആണ് ഡാഡി. സിങ്കപുരില്‍ ഒരു ഡോക്ടറും ആയി ഉറപ്പിച്ചിരിക്കുകയാണത്രേ എന്റെ വിവാഹം"
എത്ര നിയന്ത്രിച്ചിട്ടും വീണ വിങ്ങി പൊട്ടിപ്പോയി. അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
"വീണ പറയൂ, ഞാന്‍ ഡാഡിയെ എങ്ങനെയാണ്  ധിക്കരിക്കുന്നത്? ഡാഡി ഉറപ്പിച്ച വിവാഹത്തിനു സമ്മതം മൂളിയില്ലങ്ങില്‍ ഇങ്ങനെ ഒരു മോനെ ഇല്ലാന്ന് കരുതുമെന്നും പിന്നെ ഇവിടേക്ക് ഒരു മടക്കം ഉണ്ടാകില്ലന്നും ഉള്ള വാശിയില്‍ ആണ് അദ്ദേഹം. പ്ലീസ്, വീണ എന്നെ മറന്നു മറ്റൊരു വിവാഹം കഴിച്ചു സന്തോഷമായി കഴിയണം"
യാത്ര പോലും പറയാതെ അവള്‍ തിരിഞ്ഞു നടന്നു. അന്ന് കണ്ണ് നീരില്‍ കുതിര്‍ന്ന ഷാള്‍  ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. ആരോടൊക്കെയോ പകവീട്ടാന്‍ എന്നപോലെ ജീവിതം... ഇന്നും ഏകയായി...

ആരോ നടകല്ലുകള്‍ ഇറങ്ങുന്ന ശബ്ദം കേട്ടപ്പോള്‍ അവള്‍ സ്വപ്നത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നു. ഹരി ക്ഷേത്രത്തിന്റെ പടവുകള്‍ ഇറങ്ങി വരുകയാണ്.
"വീണ, ഞാന്‍ ഒരുപാട് താമസിച്ചോ? തിരക്ക് കാരണം ഞാന്‍ അല്പം വയ്കി. ബൈ ദി ബൈ, കുഞ്ഞുങ്ങളെ കൂടെ കൊണ്ടുവന്നില്ലേ? സൂരജിനെ എന്റെ പ്രത്യേക അന്വഷണം അറിയിക്കണം"
മറുപടി പറയാനാകാതെ അവള്‍ തളര്‍ന്നു, പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു അവള്‍ ചോദിച്ചു "ഹരിയുടെ ലൈഫ് എങ്ങനെ പോകുന്നു? എവിടെ നിന്നാണ് മാര്യേജ്?"
"എവിടെനിന്നാണെന്ന് വീണ തന്നെ ഊഹിച്ചോളൂ...എന്റെ വൈഫിന്റെ പേര് ചിത്ര...സംശയിക്കണ്ട നമ്മുടെ പഴയ ചിത്ര തന്നെ.  ഞാന്‍ സ്നേഹിച്ചവര്‍ ഒക്കെ എന്നെ വെറുത്തു, എന്നാല്‍ പിന്നെ എന്നെ സ്നേഹിച്ചവരെ എങ്കിലും നിരാശര്‍ ആക്കരുതെന്ന വാശി എന്നെ ചിത്രയില്‍ കൊണ്ടെത്തിച്ചു. ഞാന്‍ ഈ മാസം അവസാനം തിരികെ പോകും. ചിത്രയെകൂടി കൊണ്ടുപോകാനാണ് ഞാന്‍ ഇപ്രാവശ്യം വന്നിരിക്കുന്നത്"
ഒരു മരവിപ്പ് വീണയെ ബാധിച്ചു, ഒന്നും സംസാരിക്കാന്‍ ആവുന്നില്ല.
" എന്നാല്‍ പിന്നെ വീണേ, ഞാന്‍ പോകട്ടെ സന്ധ്യ ആകുന്നു.  നിങ്ങള്‍ കുടുംബമായി ഒരുദിവസം വീട്ടിലേക്ക് വരണം, ഞങ്ങള്‍ പോകുന്നതിനു മുന്‍പ്".

ഹരി പോക്കറ്റില്‍ നിന്നും പേന എടുത്തു ഒരു പേപ്പറില്‍ അഡ്രസ്‌ എഴുതി കൊടുത്തശേഷം കാറിനു അടുത്തേക്ക് നടന്നു. ആ കാര്‍ വിദൂരത്തു ഒരു പൊട്ടു പോലെ മാഞ്ഞു ഇല്ലാതാവും വരെ നിര്നിമേഷയായി അവള്‍  നോക്കികൊണ്ട് നിന്നു..പിന്നീട് തിരിഞ്ഞു വീട്ടിലേക്കു നടന്നു; നിധി നഷ്ടപ്പെട്ട രാജകുമാരിയെപ്പോലെ ....



2014, ജനുവരി 3, വെള്ളിയാഴ്‌ച

മോഹങ്ങള്‍ക്ക് ഒരു അവധി

 അദ്ധ്യായം-1

 
ബിരുദത്തിനു ശേഷം ഇനിയെന്തു എന്ന വിചാരവുമായി നില്‍ക്കുമ്പോള്‍ ആണ് ജോസിക്ക് ബോംബയില്‍ ഒരു ജോലി തരപ്പെടുത്ത്തി കൊടുക്കാമെന്നു ഒരു അകന്ന ബന്ധു വാഗ്ദാനം ചെയ്യുന്ന്നത്. അങ്ങനെ പ്രതീക്ഷകളുടെ കൂമ്പാരവുമായി ജോസി ബോംബക്ക് ട്രെയിന്‍ കയറി. തന്റെ ഗ്രാമത്തില്‍ നിന്നും അകലുന്ന ട്രെയിനില്‍ ഇരുന്നു അയ്യാള്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. താന്‍ രണ്ടു ദശാംശത്തില്‍ അധികമായി സ്നേഹിച്ച ഗ്രാമത്തെയും ബന്ധുക്കളെയും വിട്ടു പോകുകയാണെന്ന ചിന്ത അയ്യാളുടെ ഹൃദയത്തില്‍ ഒരു നെരിപ്പോട് എരിയും പോലെ വേദനയുണ്ടാക്കി. അച്ഛന്റെ സ്നേഹവും അമ്മയുടെ വാല്സല്യവും അനുഭവിക്കണമെകില്‍ ഇനി എത്രനാള്‍ കാക്കണം?.
ചിത്രശലഭങ്ങലെപ്പോലെ പറന്നു നടന്ന ദിവസങ്ങള്‍ക്ക് വിരാമമായി. ഇനി കാത്തിരിക്കുന്നത് ഈറനണിഞ്ഞ രാവുകളും പകലുകളും..
കേരളത്തിന്റെ ഹരിത ഭംഗി വിട്ടു ട്രെയിന് ആന്ധ്രയിലെ ഊഷരഭൂമിയിലേക്ക്‌ കടന്നപ്പോള്‍ അയ്യാളുടെ മനസും ഒരു വിജനമായ മരുഭൂമിയായി മാറി. തന്റെ കഴിഞ്ഞകാല സ്മരണകള്‍ ഒരു ഒരു വെള്ളിത്തിരയിലെപ്പോലെ അയ്യാളുടെ ഉള്ളില്‍ മിന്നി മറഞ്ഞു. അച്ഛനും അമ്മയും അനുജത്തിയും നാട്ടില്‍ നിന്നും ദൂരെ സ്ഥലത്തെക്ക്  ജോലിമാറ്റം ആയി പോയപ്പോള്‍ അമ്മുമമയുടെ കൂടെ കഴിഞ്ഞ വര്‍ഷങ്ങള്‍:, തുടര്‍ന്ന് അവര്‍ തിരികെഎത്തിയപ്പോള്‍ പുതിയ സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടത്‌, ഇവയൊക്കെ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങള്‍ ആയിരുന്നു. എകാന്തത എന്നും അവന്റെ കൂട്ടുകാരന്‍ ആയിരുന്നു.  പിന്നെ കോളെജ് പഠനകാലം, അത് എന്നെന്നും ഓര്‍മ്മിക്കാന്‍ കുറെ ഓര്‍മ്മകള്‍ ബാക്കി വച്ചു. കലാലയ ജീവിതത്തിനു ശേഷം വിരസമായ ഒരു കാലയളവ്. ഭാവിയെപ്പറ്റി ആശങ്കപ്പെട്ട ദിനരാത്രങ്ങള്‍, ഇങ്ങനെ എന്തെല്ലാം എന്തെല്ലാം അനുഭവങ്ങള്‍. 


ട്രെയിനിന്ന്റെ ചൂളം വിളിയാണ് ചിന്തകള്‍ക്ക് വിരാമം ഇട്ടതു. ആന്ധ്രയും കടന്നു ട്രെയിന്‍ മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചു. തുടര്‍ന്ന് വീറ്റി എന്ന വിശാലമായ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ബന്ധുവായ ചേട്ടന്‍ അവിടെ കാത്തു നില്‍പ്പുണ്ട്. സ്റ്റേഷനില്‍ നിന്നും ചേട്ടന്റെ വീട്ടിലേക്കു; ജീവിത ചക്രത്തിലെ ഒരു പുതിയ അദ്ധ്യായം അവിടെ തുറക്കുകയായി.
ഒരു എകസ്പോര്‍ടിംഗ് കമ്പനിയില് ആയിരുന്നു ജോസിയുടെ ബന്ധുവായ ആ ചേട്ടനു  ജോലി. ഭാര്യയും കുഞ്ഞും കൂടെയുണ്ട്.  കുഞ്ഞുമോന്‍ എന്ന ചേട്ടനോടും കുടുംബത്തോടും ഒപ്പം ആ രണ്ടു മുറി ഫ്ലാറ്റില്‍ ആയിരുന്നു ആദ്യ താമസം. നാട്ടില്‍ നിന്നും മാറി നിന്ന വേദനകള്‍ ഒക്കെ കുറെ മറക്കാന്‍ ചേട്ടന്റെ ഒപ്പം ഉള്ള താമസം സഹായിച്ചു.  കൂടെ ദിവസവും ജോലി തിരക്കി ഉള്ള യാത്രകളും.  ദൈവം സഹായിച്ചു മലയാളം അല്ലാതെ വേറെ ഒരു ഭാഷയും വശമാല്ലാതിരുന്ന ജോസിക്ക് ഒരു ജോലി കിട്ടുക എന്നത് ബാലികേറാ മല ആയിരുന്നു.  അങ്ങിനെ ഒരു മാസം കടന്നുപോയി.  ഒരു ദിവസം രാവിലെ കുഞ്ഞുമോന്‍ ചേട്ടന്‍ ജോലിക്ക് പോകുന്ന തിരക്കില്‍ പതിവില്ലാതെ ഒരു കുശലം “എടാ ജോസിയെ, ഇതുവരെ ജോലി ഒന്നും ആയില്ലിയോടാ?”  
“ഇല്ല ചേട്ടാ”
“എന്നാല്‍ നീ ഒരു കാര്യം ചെയ്യ്, എന്റെ കൂടെ വാ നമുക്ക് ഒന്ന് നോക്കാം”  അങ്ങിനെ ചേട്ടന്റെ കൂടെ അദേഹത്തിന്റെ ഓഫീസിലേക്ക്... കുഞ്ഞുമോന്റെ ശുപാര്‍ശ പ്രകാരം ജോസിയെ ഇന്റര്‍വ്യൂ-വിനു ക്ഷണിച്ചു. ജോസി മാനേജരിന്റെ ഓഫീസ്-ലേക്ക് കടന്നു ചെന്നു.  മീശയില്ലാത്ത ഒരു താടിക്കാരന്‍ ഓഫീസില്‍ മാനേജരുടെ കസാരയില്‍.  ആളെ കണ്ടതും ജോസിയെ ഒരു വിറയല്‍ ബാധിച്ചു. അസിസ്റ്റന്റ്‌ മാനേജര്‍ ആയ കുഞ്ഞുമോനും പിന്നെ ഓഫീസിലെ ട്യ്പിസ്റ്റ് മിസ്സസ് മേനോനും അവിടെ ഉപവിഷ്ടര്‍ ആയിരുന്നു. മാനേജര്‍ ഹിന്ദിയില്‍ കുറെ കാര്യങ്ങള്‍  ചോദിച്ചു. തന്നോടല്ല എന്ന മട്ടില്‍ ജോസി കുഞ്ഞുമോനെ നോക്കി. കുഞ്ഞുമോന്‍ മാതൃഭാഷയില്‍ ആ വിവരങ്ങള്‍ ജോസിയെ അറിയിച്ചു.  എന്തായാലും അതിന്റെ മറുപടി തിരികെ മാതൃഭാഷയില്‍ പറയുന്നതിന് മുന്‍പേ അത് കേട്ടു
 “കുഞ്ഞു, കഹാം സെ ലെക്കര്‍ ആത്താ ഹെ, ബാത്ത് കര്നെക്കേലിയെ ഭി നഹി ആത്ത ഹൈ..... ജാവോ” എന്തോ തെറിയാണ് മനജേര്‍ പറഞ്ഞത് എന്നാണ് ആദ്യം തോന്നിയത്.  പൊയ്ക്കൊള്ളാന്‍ കൈകൊണ്ട് ആഗ്യം കൂടി കാണിച്ചത് കൊണ്ട് അത് കൃത്യമായി മനസിലായി.  എവിടെ ചെന്നാലും മാതൃഭാഷ കൂടാതെ ആ ഭാഷ കൂടി ജോസിക്ക് മനസിലാവുമായിരുന്നതുകൊണ്ട് എന്തായാലും അവന്‍ പുറത്തേക്ക് ഇറങ്ങി. മാതൃഭാഷയെ അങ്ങേയറ്റം സ്നേഹിച്ചിരുന്ന ജോസിക്ക് അന്ന് ആദ്യമായി തന്റെ മലയാളത്തോട് വെറുപ്പ്‌ തോന്നി.

ഇനി ഒരു ജോലി, മോഹം മാത്രമാവും എന്ന് വിചാരിച്ചുകൊണ്ടിരുന്ന സമയമാണ് ചേട്ടന്‍ ഓഫീസില്‍ നിന്നും ഇറങ്ങി വന്നത്.  “എടാ, എന്തായാലും നിന്നെ എടുക്കാമെന്ന് അയ്യാള്‍ പറഞ്ഞിട്ടുണ്ട്. നീ സ്റ്റോറിലോട്ടു പൊയ്ക്കോ, അവിടെ സുപ്പര്‍വൈസര്‍ ശശി നിനക്ക് കാര്യങ്ങള്‍ ഒക്കെ പറഞ്ഞു തരും” മരുഭൂമിയില്‍ ഒരു കുളിര്‍കാറ്റു പോലെ അനുഭവപ്പെട്ടു ആ വാക്കുകള്‍. എന്തായാലും അങ്ങിനെ സ്റ്റോറിലെ കാര്യങ്ങള്‍ ഒക്കെ ജോസി പഠിക്കാന്‍ തുടങ്ങി. ഒരു വാരാന്ത്യത്തില്‍ മാനേജര്‍ സ്റ്റോര്‍ സന്ദര്‍ശിക്കാന്‍ എത്തി. വളരെ ഭവ്യതയോടെ നിന്ന ജോസിയെ അയ്യാള്‍ ശ്രദ്ധിച്ചു.
 “ജോസി തോ കമ്പ്യൂട്ടര്‍ ബി ശിക് ഗയാന, ചലോ മേരകോ കമ്പ്യൂട്ടര്‍ മൈം ഏക് ആദ്മി ചായിയെ” പറഞ്ഞത് കുറച്ചൊക്കെ മനസിലായെങ്ങിലും ശരിക്കും അത്ര പിടി കിട്ടിയില്ല.  കമ്പ്യൂട്ടര്‍ ഡിപാര്‍ട്ടുമെന്റിലേക്ക് പോകാന്‍ ശശി പിന്നെ പറഞ്ഞപ്പോഴാണ് ജോസിക്ക് മനസിലായത്. അങ്ങിനെ ജോസി കമ്പ്യൂട്ടര്‍ സെക്ഷനില്‍ ജോലിക്ക് കേറി. ബിനുവും, രാജനും, ജേപ്പിയും, കാര്‍ത്തിയും ഒക്കെയായിരുന്നു ജോസിയുടെ കൂട്ടുകാര്‍. എല്ലാ ദിവസവും താമസിക്കുന്ന സ്ഥലത്തെ ടെറസിന്റെ മുകളില്‍ അവര്‍ ഒത്തുചേരും, നക്ഷത്രങ്ങളെ കണ്ടു കൊണ്ട് അവര്‍ അവിടെ കുറെ കിടക്കും. നാട്ടിലെ വിശേഷങ്ങള്‍ പങ്കു വയ്ക്കും. വീട്ടില്‍ നിന്നും വരുന്ന കത്തുകള്‍ പരസ്പരം വായിച്ചു കേള്‍പ്പിക്കും. വിമാനങ്ങള്‍ ആകാശത്തില്‍ വരുന്നതും എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതും തിരികെ കടലിന്റെ മുകളിലൂടെ പോകുന്നതും അവര്‍ക്ക് അവിടെ കിടന്നാല്‍ കാണാം.  ഇതുപോലെ ഒന്നില്‍, ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും കയറാന്‍ ആവുമോ?..ജോസിയുടെ മനസ്സില്‍ അത് ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചു.


 അദ്ധ്യായം-2

മാസങ്ങള്‍ കടന്നു പോയി. അങ്ങെനെ ഇരിക്കവെയാണ് ഒരു ദിവസം ജോസിയുടെ അച്ഛന്‍ന്റെയൊരു പരിചയക്കാരന്‍ അയ്യാളെ ഫീസിലെ ഫോണിലേക്ക് വിളിക്കുന്നത്‌.  അച്ഛന്‍ പറഞ്ഞ പ്രകാരം വിളിക്കുകയാനെന്നും ഗള്‍ഫിലേക്ക് ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റരുടെ ഒഴിവു ഉണ്ടന്നും അയ്യാള്‍ അറിയിച്ചു.  ജോസിയുടെ അച്ഛന്റെ പരിചയക്കാരനായ അയ്യാള്‍, ബോംബയില്‍ ഓഫീസ് ഉള്ള ഒരു ട്രാവല്‍ ഏജന്റ് ആയിരുന്നു . അടുത്ത ദിവസം രാവിലെ തന്നെ അറബിയുമായുള്ള കൂടി കാഴ്ചക്ക് എത്തണമെന്നും അയ്യാള്‍ ജോസിയെ അറിയിച്ചു. തന്റെ
മോഹങ്ങള്‍ പൂവണിയാന്‍ പോകുകയാണോ? ജോസിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ തന്നെ അയ്യാള്‍ ട്രാവല്‍ ഏജന്‍സിയില്‍ എത്തി. അറബി അകത്തു പലര്‍ക്കും ഇന്റര്‍വ്യൂ നടത്തുകയാണ്.  തന്റെ പേര് വിളിച്ചപ്പോള്‍ ജോസി അകത്തേക്ക് ചെന്നു.  “കേഫ്‌ ഹാലക്”. അയ്യാളുടെ ആഗ്യത്തില്‍ നിന്നും "ഹൌ ആര്‍ യു" എന്നാണ് ചോദിക്കുന്നെതെന്നു തോന്നി. ഒരു ഉദ്യേശം വച്ച്  “ഗുഡ്” എന്ന് കാച്ചിയപ്പോള്‍ അറബി ചിരിച്ചു.  തനിക്ക് വശമുള്ള ആഗ്യഭാഷ അറബിക്കുംവശമുണ്ടെന്ന് മനസിലായപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. അറബിയുടെ അടുത്ത് ഒരു ടൈപ്പ് റൈറ്റര്‍ ഇരിപ്പുണ്ട്. ഇംഗ്ലീഷില്‍ ഒരു ലെറ്റര്‍ തന്നിട്ട് അത് ടൈപ്പ് ചെയ്യാന്‍ പറഞ്ഞു.  പത്താം തരം കഴിഞ്ഞു കോളേജില്‍ ചേരും മുന്‍പ് കുറച്ചു നാള്‍ ടൈപ്പ് എന്ന് പറഞ്ഞു നിരങ്ങാന്‍ പോയത് ഇപ്പോള്‍ ഗുണം ചെയ്തെന്നു ഓര്‍ത്തു, ജോസി ടൈപ്പ് ചെയ്യാന്‍ തുടങ്ങി.  ഒരു വാചകം പൂര്‍ത്തിയായപ്പോള്‍ അറബി “തമാം” എന്നോ മറ്റോ വിളിച്ചു കൂവി.  അപ്പോള്‍ കൂടെ ഉണ്ടായിരുന്ന ഹിന്ദിക്കാരന്‍ പുറത്തു പോയ്ക്കൊള്ളാന്‍ ആഗ്യം കാണിച്ചു.  ഇതു നടക്കില്ല എന്ന് തോന്നി പോകാന്‍ തുടങ്ങിയ ജോസിയെ ഏജന്റ് തിരികെ വിളിച്ചു.  അവന്റെ ടൈപ്പ് അറബിക്ക് ഇഷ്ടപ്പെട്ടന്നും മറ്റുള്ളവര്‍ക്ക് ഉള്ളതിനേക്കാള്‍ ഒരു അമ്പതു റിയാല്‍ കൂടുതല്‍ എഴുതിയിട്ടുണ്ടാന്നും ആയിരുന്നത്രേ അറബി പറഞ്ഞത്. കുവൈറ്റ്‌ ഓയില്‍ കമ്പനിയിലേക്ക് ആണ് പോലും ജോലി; അഞ്ചു ദിവസം ജോലി, രണ്ട്‌ ദിവസം അവധി. അവുധി ദിവസം ജോലി ചെയ്‌താല്‍ ഓവര്‍ ടൈം കിട്ടും. ആറു മാസം കോണ്ട്രാക്റ്റ്റില്‍ ജോലി ചെയ്യണം, പിന്നെ ആ കമ്പനിയിലേക്ക് നേരിട്ട് നിയമനം നടത്തും. ജോസി വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു.  തുടക്കത്തില്‍ ശമ്പളം കുറവാണെങ്കിലും ആറു മാസം കഴിയുമ്പോള്‍ സ്ഥിതി മാറുമെന്നും ശമ്പള കൂടുതല്‍ ലഭിക്കുമെന്നും ഏജന്റ് പറഞ്ഞകാര്യം സ്വയം വിശ്വസിച്ചു; വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുക്കയും ചെയ്തു.  അങ്ങിനെ ജോസിയുടെ ജീവിതത്തില്‍ അടുത്തൊരു പുതിയ അദ്ധ്യായത്ത്തിനു കൂടി തുടക്കം കുറിക്കുകയായിരുന്നു അവിടെ; അങ്ങിനെ അവന്‍ ഗള്‍ഫിലേക്കുള്ള വിമാനം കയറി, കണാപ്പോന്നു തേടിയുള്ള യാത്ര; ഒരുപാട് കാതങ്ങള്‍, നോക്കെത്താ ദൂരത്തോളം അകലേക്ക്‌ ...

ഗള്‍ഫ്‌എയര്‍ വിമാനം ഒന്ന് ആടി ഉലഞ്ഞപ്പോള്‍ ആണ് ജോസി ഉറക്കത്തില്‍ നിന്നും നെട്ടിയുണര്‍ന്നത്‌.  താന്‍ ഏത് ലോകത്തില്‍ ആണന്നു അവനു പെട്ടന്ന് മനസിലായില്ല. സൈഡ്-ലെ വിന്‍ഡോയിലൂടെ നോക്കിയപ്പോള്‍ താഴെ വര്‍ണപ്രഭാപൂരിതമായ ദ്വീപ്‌സമൂഹങ്ങള്‍.  അപ്പോള്‍ വിമാനം കുവൈറ്റ്‌ എന്ന എണ്ണപ്പാടങ്ങളുടെ രാജ്യത്തെ റണ്‍വേയിലേക്ക് ഇറങ്ങുകയായിരുന്നു, അറബിപ്പോന്നു തേടിയുള്ള അനേക ആള്‍ക്കാരെയും വഹിച്ചു കൊണ്ട്. എമിഗ്രേഷന്‍ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വളരെ പരിചിതനെപ്പോലെ ഒരാള്‍ വന്നു പാസ്പോര്‍ട്ട്‌ പിടിച്ചു വാങ്ങി. പെട്ടന്നുള്ള ആ ഞടുക്കം മാറിയ ശേഷം അയ്യാളുടെ കയ്യില്‍നിന്ന് ജോസി തന്റെ പാസ്പോര്‍ട്ട്‌ ബലമായി തന്നെ തിരികെ വാങ്ങി.  “ജോസി അല്ലെ” ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ കമ്പനിയില്‍ നിന്നും വന്ന ഡ്രൈവര്‍ ആണ്.  മലയാള ഭാഷ കേട്ടപ്പോള്‍ വലിയ ഒരു ആശ്വാസം അവനു തോന്നി. തുടര്‍ന്ന് അയ്യാളുമൊത്ത് ക്യാമ്പിലേക്ക്. പട്ടണം വിട്ടു വാന്‍ മരുഭൂപ്രദേശത്തെ ചെറിയ റോഡിലേക്ക് കടന്നു. കുറെ മണിക്കൂറുകള്‍ ഓടിയ ശേഷം ഒരു വളപ്പിനകത്തെക്ക് വണ്ടി പ്രവേശിച്ചു നിന്നു.

“ഇതാണ് നമ്മുടെ ക്യാമ്പ്‌” ഡ്രൈവര്‍ സദാശിവന്‍ തുടര്‍ന്ന് ജോസിയെ ഒരു മുറിയിലേക്ക് കൂട്ടികൊണ്ടു പോയി.  ഒരു പുതിയ ലോകത്ത് പ്രവേശിച്ച പ്രതീതി ആയിരുന്നു ജോസിക്ക്.  രണ്ടു ഇരുനില കട്ടിലുകള്‍ രണ്ടു ഭാഗത്തും തുടര്‍ന്ന് ഒരു ഒറ്റ കട്ടിലും. അവിടെ എല്ലാവരെയും സദാശിവന്‍ പരിചയപ്പെടുത്തി. പന്തളംകാരന്‍ തോമസ്, കടമ്പനാട്കാരന്‍ കോശി, ബോംബെക്കാരന്‍ ഖാന്‍, ഹൈദരാബാദ്‌കാരന്‍ ഷഫുദിന്‍. ശൂന്യമായിക്കിടന്ന ഒരു ഡബിള്‍ ടക്കര്‍ കട്ടിലിന്റെ മുകള്‍ വശം സദാശിവന്‍ ജോസിക്ക്‌ കാട്ടിക്കൊടുത്തു. ഇതാണ് നിങ്ങളുടെ സ്ഥലം. പെട്ടന്നുണ്ടായ നെട്ടലില്‍ നിന്നും മോചിതനാവാന്‍ കുറെ സമയം എടുത്തു അയ്യാള്‍; ഇതു ഗള്‍ഫ്‌ തന്നെയോ? ഒരുപാട് നാളുകളായി താന്‍ മോഹിച്ച സ്വപ്നഭൂമി ഇതോ? അറബിപോന്നു തേടിവന്നവര്‍ തന്നെയാണോ ഇവരൊക്കെ? 
"ജോസി പെട്ടന്ന് കുളിച്ചു ഫ്രഷ്‌ ആക്, നമുക്ക് ഭക്ഷണം കഴിക്കാം" കോശിയുടെ സ്നേഹ നിര്‍ഭരമായ വാക്കുകള്‍ ആണ് അവനെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്.  പെട്ടന്ന് തന്നെ കുളിച്ചു ഫ്രഷ്‌ ആയി. കോശിയോടൊപ്പം ഭക്ഷണം കഴിച്ചു; തോമസിന്റെ സ്നേഹനിര്‍ഭരമായ മീന്‍ കറി എക്സ്ട്രാ.

യാത്രാ ക്ഷീണം കാരണം നേരത്തെ ഉറങ്ങാന്‍ കിടന്നു; രാവിലെ ഓഫീസ്-ലേക്ക് പോകണം. ഏസിയുടെ കുളിര്മയില്‍ സുഖമായി ഉറങ്ങി. ഒരു ബഹളം കേട്ടാണ് രാവിലെ ജോസി ഉറക്കം ഉണര്‍ന്നത്. ടേപ്പ് റിക്കൊഡറില്‍ നിന്നും ആശ ബോസ് ലെയുടെ ഒരു ഹിന്ദിപ്പാട്ട് നല്ല വോളിയത്തില്‍ കേള്‍ക്കുന്നുണ്ട്, 

“കജ്‌രാ മോഹബ്ബത്‌ വാല, അകിയോം മേം ഐസാ ഡാല

കജരെ നെ ലെ ലേ മേരീ ജാന്‍, ഹായ് രെ മേ തേരി ഖുറൂബാന്‍”

കോശി തന്റെ ചെറിയ വേദപുസ്തകം വായിച്ചു പ്രാര്‍ഥനയിലാണ്. ബാക്കി ഉള്ളവര്‍ എല്ലാം ജോലിക്ക് പോകാന്‍ ഉള്ള തയ്യാറെടുപ്പാണ്. ഒരു ബാത്ത് റൂം മാത്രമേ ഉണ്ടായിരുന്നെന്നുള്ളതിനാല്‍ ഒരോരുത്തരായി വേണം കുളിച്ചു വരുവാന്‍.  “ജോസി എഴുന്നേറ്റില്ലിയോ” തോമസ്‌ അച്ചായന്‍ അടുക്കളയില്‍ നിന്നും ഒരു കപ്പുചായമായി വരുന്നു. “ചായ കുടിക്ക്” ജോസി ചായ വാങ്ങി കുടിച്ചു കൊണ്ട് കട്ടിലില്‍ നിന്നും ഇറങ്ങി. അപ്പോഴേക്കും കോശി പ്രാര്‍ഥന അവസാനിപ്പിച്ചു കുളിക്കാനായി എഴുന്നേറ്റു.  “ഇവന്മാരുടെ ഈ ഒടുക്കത്തെ പാട്ട് കാരണം ഒന്ന് വൃത്തിയായി പ്രാര്‍ഥിക്കാനും കഴിയുന്നില്ല”  ഇതു പറഞ്ഞു കൊണ്ട് കോശി ബാത്ത്‌റൂമിലേക്ക് കയറി. ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങള്‍!.

 അദ്ധ്യായം-3

കുളിച്ചു ഇറങ്ങിയപ്പോഴേക്കും ഓഫീസ്-ലേക്കുള്ള ബസ്‌ പോകാന്‍ തയ്യാറായി കിടക്കുകയായിരുന്നു. ഡിസംബര്‍ മാസം ആയിരുന്നതിനാല്‍  പ്രകൃതി മൂടല്‍ മഞ്ഞിന്റെ ആലസ്യത്തില്‍ അമര്‍ന്നു കിടക്കുകയായിരുന്നു. തണുപ്പ് കാരണം ജോസി ബസിലേക്ക് ഓടിക്കയറി. മുന്‍പില്‍ കണ്ട സീറ്റില്‍ തന്നെ ഇരുന്നു.  ജോലിക്കാരെ പല സ്ഥലങ്ങളില്‍ ഇറക്കിയ ശേഷം സദാശിവന്‍ ജോസിയെയും കൂട്ടി കുവൈറ്റ്‌ ഓയില്‍ കമ്പനിയുടെ ഒരു ഓഫീസിലേക്ക് ചെന്നു. അവിടെ ജോസിയെ കമ്പനി കോര്‍ഡിനേറ്ററിനെ ഏല്പിച്ച ശേഷം അയ്യാള്‍ തിരികെ പോയി.
കോര്‍ഡിനേറ്റര്‍ ജോസിയെയും കൊണ്ട് മറ്റൊരു ഓഫീസ്-ലേക്ക്. അവിടെ അയ്യാള്‍ അകത്തു സൂപ്പര്‍വൈസരുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞു.  പിന്നെ ജോസിയെ അകത്തേക്ക് ക്ഷണിച്ചു.  “ കേഫഹാലക്? ക്വ്‌സ്?”  അയ്യാള്‍ തിരക്കി. പന്തം കണ്ട പെരുംചാഴിയെപ്പോലെ നിന്ന ജോസിയെ നോക്കി അയ്യാള്‍ ചിരിച്ചു. പിന്നെ "ഹൌ ആര്‍ യു" എന്ന് തുടര്‍ന്ന് കേട്ടപ്പോള്‍ അവനു ആശ്വാസമായി. "ഫൈന്‍" എന്ന മറുപടിയില്‍ തൃപ്തനായ അയ്യാള്‍ ജോസിയെയും കൊണ്ട് മറ്റോരു റൂമിലേക്ക്‌ പോയിട്ട് പറഞ്ഞു “ദിസ്‌ ഈസ്‌ യൌര്‍ ഓഫീസ്..തമാം?”  രണ്ടാമത് പറഞ്ഞത് ഓഫീസ്-ന്റെ പെരാണന്നു വിചാരിച്ചു. എന്തെകിലും തിരികെ പറയണ്ടേ? “താങ്ക് യു സര്‍” അവന്റെ മറുപടി കേട്ട് ചിരിച്ചു കൊണ്ട് അയ്യാള്‍ തന്റെ റൂമിലേക്ക്‌ തിരിച്ചു പോയി. ആദ്യത്തെ ദിവസം അങ്ങിനെ കടന്നു പോയി. തിരികെ ക്യാമ്പില്‍ ചെന്നപ്പോള്‍ കോശി വിവരങ്ങള്‍ ഒക്കെ ചോദിച്ചു. തുടര്‍ന്ന് കോശിയോടൊപ്പം ആഹാരം പാചകം ചെയ്യാന്‍ സഹായിച്ചു. 

ഇതിനിടയ്ക്കാണ് ജോസി കുവൈറ്റ്‌ ഓയില്‍ കമ്പനിയില്‍ ജോലിക്ക് വന്നിട്ടുണ്ടെന്ന് നാട്ടില്‍ നിന്നും വിവരം കിട്ടിയ അയ്യാളുടെ വകയില്‍ ഒരു ചേട്ടന്‍ ക്യാമ്പ് റൂമില്‍ തിരക്കി പിടിച്ചു വന്നത്. പേര് കേട്ട കമ്പനിയിലെ ജോലിക്കാരന് ആയത് കൊണ്ട് വലിയ നിലയിലോക്കെയുള്ള ജീവിതം ആയിരിക്കും എന്നാണ് അയ്യാള്‍ ധരിച്ചത്. എന്നാല്‍ കട്ടിലിന്റെ വലിയ നിലയായ രണ്ടാം നിലയില്‍ നിന്നും ഇറങ്ങി വന്ന തന്റെ അനുജനെ പുച്ഛഭാവത്തില്‍ അയ്യാള്‍ നോക്കി. "നിനക്ക് ഇവിടെ വരണ്ടിയ വല്ല കാര്യവും ഉണ്ടായിരുന്നോ, നിനക്ക് ഗള്‍ഫില്‍ വരണമെന്ന ആഗ്രഹം ഉണ്ടായിരുന്നെകില്‍ എന്നോട് പറഞ്ഞാല്‍ പോരായിരുന്നോ? ഞാന്‍ വല്ല നല്ല കമ്പനിയിലും നോക്കില്ലായിരുന്നോ?"  പഠിത്തം കഴിഞ്ഞശേഷം നാട്ടില്‍ കുറെ നാളുകള്‍ ജോലിയില്ലാതെ നിന്ന തനിക്ക് ഒരു ജോലി വാങ്ങിതരാന്‍, ഒന്ന് സഹായിക്കാന്‍ തിരിഞ്ഞു നോക്കാത്ത ഇവരുടെ ഒക്കെ ഇപ്പോഴത്തെ വേദവാക്യം, അവനു മനസിലായില്ല. എന്നാലും കുനിഞ്ഞ ശിരസോടെ ഒന്നും പറയാതെ അവന്‍ ചേട്ടനെ യാത്രയാക്കി. പിന്നെ ഒരു നാളും ആ സ്നേഹനിധിയായ ചേട്ടനെ ആ വഴിക്കൊന്നും കണ്ടില്ല. എങ്കിലും ആ ചേട്ടനോട് ജോസിക്ക് ഒട്ടും അമര്‍ഷം തോന്നിയില്ല, കാരണം, ചേട്ടനെപ്പോലെ ഫാമിലി ഫ്ലാറ്റോ, പോഷ്കാറോ അവനു ഇല്ലായിരുന്നല്ലോ, പിന്നെ അതൊന്നും ഇല്ലാത്തവനായ തന്നെ കൂടെ കൂട്ടിയാല്‍ ചേട്ടന് മറ്റുള്ളവരില്‍ നിന്നും എന്ത് മാത്രം അപമാനം സഹിക്കേണ്ടി വന്നേനെ? എങ്കിലും തങ്ങളുടെ സ്വന്തത്തില്‍ പെട്ട മറ്റു വലിയ സാമ്പത്തികം ഇല്ലാത്തവരായ ബന്ധുക്കളെ, തന്റെ അച്ഛന്‍ ആദരവോടെ സ്വീകരിക്കുന്നതും, തന്നാല്‍ കഴിയും വിധമൊക്കെ സഹായിക്കുന്നതും എന്തുകൊണ്ടാണന്നു എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല. 


ഓഫീസില്‍ ജോലി ഒക്കെ പറഞ്ഞു തരാന്‍ ഒരു ഫിലിപ്പിനോയെ ആണ് ഏല്‍പിച്ചത്. തവള പോലെ പതുങ്ങിയ അയ്യാളുടെ ഇംഗ്ലീഷ് കുറയൊക്കെ മനസിലാവാന്‍ തുടങ്ങിയപ്പോള്‍ പ്രധിരോധം എന്നവണ്ണം കുറെ തിരികെ പറയുവാന്‍ അവന്‍ പരിശീലിച്ചു. സ്വദേശിയരെ മനസിലാക്കുവാനും അവനു അധികം പാട് പെടേണ്ടി വന്നില്ല. ഒന്ന് ആശ്വസിച്ചു വന്നപ്പോള്‍ ആണ് കുനിന്മേല്‍ കുരു എന്നവണ്ണം മറ്റൊരു വര്‍ഗത്തെ ജോസിക്ക് നേരിടേണ്ടി വന്നത്, അവര്‍ മറ്റാരുമല്ല സാക്ഷാല്‍ വെള്ളക്കാര്‍. കോവളം കാണാന്‍ കൂട്ടുകാരും ഒത്ത് പോയപ്പോള്‍ കണ്ട സായിപ്പിന്‍മാരുമായി "ഹൌ ആര്‍ യു" എന്ന് ചോദിച്ച ഒരു എക്സ്പീരിയന്‍സ്‌ മാത്രമാണ് കൈമുതല്‍. എന്നാല്‍ അവര്‍ അന്ന് എന്തോ തിരികെ ചോദിച്ചപ്പോള്‍ കൂട്ടുകാരന്‍ വിളിച്ച പോലെ "എന്തോ" എന്ന് വിളി കേട്ടിട്ട് "സീ യു ലേറ്റര്‍" എന്ന് പറഞ്ഞു മുങ്ങിയതും പെട്ടന്ന് അവന്റെ ഓര്‍മയില്‍ വന്നു. അങ്ങെനെ പലപ്പോഴും സഹപ്രവര്‍ത്തകാരായ വെള്ളക്കാരെ കാണുമ്പോള്‍ അവന്‍ മുങ്ങാന്‍ തുടങ്ങി.

 അദ്ധ്യായം-4

അങ്ങിനെ നാളുകള്‍ പലതു കഴിഞ്ഞു. നാട്ടില്‍ നിന്നും വിവരങ്ങള്‍ അറിയണമെങ്കില്‍ എഴുത്തുകള്‍ വരണം. ക്യാമ്പിലെ ആര്‍ക്കു എഴുത്തു വന്നെങ്കില്‍ തന്നെയും നാട്ടിലെ കുറെ വിവരങ്ങള്‍ അറിയാം. ഫോണ്‍ വിളിക്കുന്നതിനു വലിയ തുക വേണം. രാവിലെ ആറു മണിക്ക് മുന്‍പ് വിളിച്ചാല്‍ പകുതിയോളം ഡിസ്കൌണ്ട് കിട്ടും. അതിനാല്‍ ആഴച്ചയില്‍ ഒരിക്കല്‍, രാവിലെ തന്നെ നാണയ ബൂത്തിന്റെ മുപില്‍ പോയി ക്യു നില്‍ക്കും. ഏകാന്തതകളില്‍ അങ്ങു ദൂരേക്ക് അവന്‍ നോക്കി നില്‍ക്കും. തന്റെ വീടും ഉറ്റവരും ഒക്കെ എന്തുമാത്രം അകലെയാണ്?  ഒരു ശൂന്യത അവനെ ബാധിച്ചു. നാട്ടിലേക്ക് തിരികെ പോകണമെന്ന ശക്തമായ പ്രേരണയും. നാടും വീടും, വീട്ടിലെ തൊടിയും, തെങ്ങിന്‍ തോട്ടവും, വയലും, തോടും അവന്റെ മനസിലൂടെ ഒരു വെള്ളിത്തിരയില്‍ എന്നവണ്ണം കടന്നു പോയ്ക്കൊണ്ടേ ഇരുന്നു.  അറബിപ്പോന്നിനു സ്വപ്നത്തില്‍ മാത്രമായിരുന്നു മാധുര്യം എന്ന വസ്തുത അവന്‍ തിരിച്ചറിഞ്ഞു. 

അങ്ങിനെ വിരസങ്ങളായ കുറെ ദിനങ്ങള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവന്‍ മാനേജരെ കാണുകയും തന്റെ രാജിക്കത്ത് കൈമാറുകയും ചെയ്തു.  ഏതായാലും ജോസിയുടെ കോണ്ട്രാക്റ്റ് പീരീഡ്‌ ഈ സമയത്തിനകം കഴിഞ്ഞത് കൊണ്ട് അവര്‍ രാജി അഗീകരിക്കുകയും അവന്റെ അക്കൌട്സ് ഒക്കെ തീര്‍ത്തു കൊടുക്കുകയും ചെയ്തു. ആ സുദിനം അങ്ങിനെ വന്നെത്തി. രണ്ടു വര്‍ഷത്തെ പ്രവാസം "അതോ പ്രയാസമോ?" അവസാനിപ്പിച്ചു ജോസി നാട്ടിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുവാന്‍ അച്ഛനും അമ്മയും അനുജത്തിയും എത്തിയിരുന്നു.  ടാക്സിയില്‍ ഇരിക്കുമ്പോള്‍ അമ്മ പറഞ്ഞു “മോനെ, നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ. ഞാന്‍ അന്നെ പറഞ്ഞതല്ലേ കഷ്ടപ്പെടാന്‍ ദൂരെ ദേശത്ത് പോകണ്ട, നമ്മുടെ കൃഷിയും കച്ചവടവും ഒക്കെ നോക്കി നടത്തി നാട്ടില്‍ തന്നെ നിന്നാല്‍ മതിയെന്ന്, അപ്പോള്‍ നീ വിദേശ പണത്തിന്റെ പുറകെ പോയി”
“നീ അവനെ കുറ്റ്പ്പെടുത്തണ്ട, കുറെ ജീവിത അനുഭവങ്ങള്‍ അവനു ലഭിച്ചല്ലോ, അത് തുടര്‍ജീവിതത്തില്‍ അവനു വലിയപാഠം ആകും” അതായിരുന്നു അച്ഛന്‍ന്റെ അഭിപ്രായം.

“നിനക്ക് നല്ല ഒരു പെണ്ണിനെ ഞങ്ങള്‍ നോക്കി വച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ അതിനെയും കെട്ടി ഞങ്ങളോടൊപ്പം നീ കഴിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” ഇതു പറയുമ്പോള്‍ അമ്മയുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ പൊടിയുന്നുണ്ടായിരുന്നു, അവന്റെയും.........