2014, ജൂൺ 27, വെള്ളിയാഴ്‌ച

ഷോപ്പിങ്ങ് കിഴിവ്


എവിടെ ഡിസ്കൌണ്ട് ഉണ്ടോ അവിടെ മലയാളിയും ഉണ്ട്. മലയാളി മാത്രം അല്ല, എല്ലാ നാട്ടുകാരും! പിന്നെ നമ്മുക്കുള്ള വിഷയം എഴുതുന്നതുകൊണ്ടാണ് മലയാളി എന്ന് എടുത്തു പറഞ്ഞത്. തങ്ങളുടെ വിറ്റുപോകാത്ത സ്റ്റോക്ക്‌ തീര്‍ക്കാന്‍ എല്ലാ കച്ചവടക്കാരും പ്രയോഗിക്കുന്ന ഒരു നയമാണ് discount-sale എന്ന അടവ്. കഴിഞ്ഞ ദിവസം വരെ വലിയ വിലയില്‍ വില്‍ക്കപ്പെട്ട ഒരു സാധനം, വിലകുറച്ചു കിഴിവില്‍ വില്‍ക്കുന്നു എന്ന് തോന്നിപ്പിച്ചാണ് വ്യാപാരികള്‍ ജനത്തെ ആഘര്‍ഷിക്കുന്നത്. വളരെ ചുരുക്കം സാധങ്ങള്‍ ഈ പറഞ്ഞ രീതിയില്‍ ഉണ്ടാവും; അതിനെ പരസ്യത്തിലൂടെ പല മടങ്ങ്‌ പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചാണ് ഈ വില്‍പന. വിലകുറച്ചു എന്ന് തോന്നിപ്പിക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കുറഞ്ഞ ഗ്രേഡ് ആവും കൂടുതലും discount sale-ല്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ടാവുക. ഇവിടെ വളരെ ശ്രദ്ധയോടെ നീങ്ങിയില്ലങ്കില്‍, പിന്നെ സംഭവിക്കുന്നത്‌ പണനഷ്ടം, മാനഹാനി, ഇവയൊക്കെ ആയിരിക്കും എന്നുള്ളതിന് രണ്ടുപക്ഷം ഇല്ല.

തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കളും വ്യാപാരികളും പ്രയോഗിക്കുന്ന അടവുനയങ്ങളില്‍ ഒന്നാണ് വാങ്ങുന്ന സാധനങ്ങളോടൊപ്പം നല്‍കുന്ന ഗിഫ്റ്റ്കള്‍. ഒരു ഐറ്റം വാങ്ങുമ്പോള്‍ വേറെ രണ്ടു ഐറ്റം സമ്മാനം. സ്വര്‍ണ നാണയം വരെ ഇങ്ങനെ സമ്മാനമായി ലഭിക്കാറുണ്ട്.  ഒരു ഏസി വാങ്ങിയപ്പോള്‍ വാച്ചും, ഇലക്ട്രിക്‌ ഇസ്തിരിപെട്ടിയും പിന്നെ, സ്വര്‍ണ നാണയവും സമ്മാനം. ഉള്ളത് പറയണമല്ലോ; വാച്ച് കുറെ മാസം ഓടും, ചുരുങ്ങിയ പ്രാവശ്യത്തെ ഉപയോഗത്തില്‍ ഇസ്തിരിപെട്ടി അകാല മൃത്യു പ്രാപിക്കും, പിന്നെ സ്വര്‍ണ നാണയം മാത്രമാണ് ഒരു ആശ്വാസം. ഒരു സാധാരണ പൊട്ടിനേക്കാള്‍ ചെറിയ വട്ടത്തില്‍ 0.01 ഗ്രാം പോലും വരാത്തതും ധര്‍മക്കാര്‍കൂടി  എടുക്കാത്തതുമായ ഒരു സാധനം; ധൈര്യമായി വീട്ടില്‍ സൂക്ഷിക്കാം. കള്ളന്മാര്‍ വല്ലതും ഇതു കണ്ടാല്‍ അപഹരിക്കാന്‍ മുതിരില്ല എന്ന് മാത്രമല്ല, തങ്ങളുടെ കയ്യില്‍ ഉള്ളത് കൂടി അവര്‍ അവിടെ കാണിക്ക ഇട്ടിട്ടു പോകും.

സ്റ്റേഷനറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ discount sale-ല്‍ വയ്ക്കുന്നത് മിക്കവാറും എക്സ്പയറി ഡേറ്റിനോട് അടുക്കുമ്പോള്‍ ആവും. വാങ്ങുമ്പോള്‍ എക്സ്പയറി ഡേറ്റ് ശ്രദ്ധിച്ചു തന്നെ തിരഞ്ഞെടുക്കണം. അത്യാവശ്യം ചുരിങ്ങിയ കാലത്തെ ഉപയോഗത്തിന് ഇവ വാങ്ങുന്നതില്‍ പോരായ്‌കയില്ല.  50%, 70% എന്നിങ്ങനെ കിഴിവ് പലയിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചില കടകളില്‍ കിഴിവിന് ശേഷം ഉള്ള വില ആയിരിക്കും ഇട്ടിരിക്കുന്നത് എന്നാല്‍ ചിലയിടത്ത് നേരെ മറിച്ചും. ഒരേ കടയില്‍ തന്നെ കിഴിവിന് മുന്‍പുള്ള വിലയും ചില സ്ഥലത്തു clerance sale എന്ന ബോര്‍ഡില്‍ കിഴിവ് കഴിഞ്ഞുള്ള വിലയും പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രദര്‍ശിപ്പിച്ച വിലയില്‍ നിന്നാണ് കിഴിവ് എന്ന് പെട്ടന്നു തെറ്റിദ്ധരിക്കും. സെയില്‍സ്മാനോട് അക്കാര്യം വ്യക്തമായി ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വേണം purchase ചെയ്യാന്‍. സെയില്‍സ്മാന്‍ തന്ന ഇന്‍ഫര്‍മേഷന്‍, കൌണ്ടരില്‍ ബാധകമായിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതുപോലെ തന്നെ discount പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ എല്ലാ സാധനങ്ങള്‍ക്കും കിഴിവ് ബാധകം ആവണമെന്നും ഇല്ല. ഒരേ സാധനം തന്നെ discount ഉള്ളതും ഇല്ലാത്തതും ഉണ്ടാവും, ലോട്ട് നമ്പരില്‍ ഉള്ള വ്യത്യാസത്തില്‍ ആണ് അവ ബില്‍ ചെയ്യപ്പെടുക. ചിലപ്പോള്‍ കൌണ്ടറില്‍ ചെല്ലുമ്പോള്‍ ആയിരിക്കും, (ശ്രദ്ധിക്കുന്നവര്‍ക്ക്) ഈ അപകടം മനസിലാവുന്നത്. കൂടുതല്‍ ശതമാനം ആള്‍ക്കാരും sales ഏരിയായില്‍ പ്രദര്‍ശിപ്പിച്ച കിഴിവ് കൌണ്ടറില്‍ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറു തന്നെയില്ല. ശ്രദ്ധിച്ചവരില്‍ തന്നെ നല്ലൊരു ശതമാനം ആള്‍ക്കാരും ചതി മനസിലാക്കിയാലും ആശിച്ചു വാങ്ങിയതല്ലേ ഇനി തിരികെ കൊടുക്കുന്നില്ല എന്നു തീരുമാനിക്കുകയും ചെയ്യും. അവിടെയാണ് കച്ചവടക്കാരന്‍റെ നേട്ടം.

പലപ്പോഴും discount sale എന്ന ബോര്‍ഡ് വച്ചശേഷം ഒരു dsicount-ഉം ഇല്ലാതെ കച്ചവടം നടത്തുന്നവരും ഉണ്ട്.  യഥാര്‍ത്ഥ വിലയെ മടങ്ങുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം, ചെറിയ അളവ് അതില്‍ നിന്നും കുറച്ചാണ് അവര്‍ വിലയില്‍ ഈ കിഴിവ് കാണിക്കുന്നത്. ഇങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ discount sale എന്ന പ്രതിഭാസത്തില്‍ ഉപഭോക്താവിനു ലഭിക്കുന്ന പ്രയോജനം രണ്ടു രീതിയില്‍ ആവും ഒന്ന്, ലഭിക്കുന്ന കിഴിഞ്ഞ സാധനങ്ങള്‍; രണ്ടു, സ്വന്തം പോക്കറ്റിനു ലഭിച്ച കിഴിവ് !

2014, ജൂൺ 20, വെള്ളിയാഴ്‌ച

സിലബസ്‌ റിവിഷന്‍ ആവശ്യമോ ?

നമ്മുടെ വിദ്യഭ്യാസ സിലബസ്‌ റിവൈസ് ചെയ്യേണ്ട കാലം അതിക്രമിച്ചു. മലയാളം, ചരിത്രം, ഇവ കൂടുതല്‍ പഠിക്കുന്നതിലെ അപ്രസക്തി. മറിച്ചു ശാസ്ത്ര വിഷയങ്ങള്‍, വിദേശ ഭാഷകള്‍, ജോലി പരിചയം ഇവ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടുന്നതിലെ പ്രസക്തി. ഇവയൊക്കെ പഠനവിഷയം ആക്കേണ്ടതുണ്ട്.

 നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആള്‍ക്കാരും ഒരിക്കല്‍ അല്ലങ്കില്‍ മറ്റൊരിക്കല്‍ ഉപജീവനത്തിനായി നാട് വിട്ടു പുറത്തു പോയിട്ടുള്ളവരാണ്, കാരണം വ്യവസായ മുരടിപ്പ് ബാധിച്ച നമ്മുടെ സംസ്ഥാനത്ത് എല്ലാ ആള്‍ക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റും വിധം തൊഴിലോ, തൊഴില്‍ ദാതാക്കളോ ഇല്ല. തിരുവന്തപുരത്തിന്‍റെയും കാസര്‍ഗോഡിന്‍റെയും അതില്‍ വരമ്പ് കഴിഞ്ഞാല്‍ പിന്നെ മലയാളം എന്ന ഭാഷ ഇല്ല എന്ന പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ ഇനിയെങ്കിലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കും  ബുദ്ധിജീവികള്‍ക്കും കഴിയണം. ഈ വസ്തുതയെ ഉള്‍കൊണ്ടുകൊണ്ട് പുതിയ തലമുറ ഹിന്ദി എന്ന ദേശിയ ഭാഷയിലും ഇംഗ്ലീഷ് എന്ന ലോകഭാഷയിലും പ്രവീണ്യം നേടേണ്ടതുണ്ട്. ബുദ്ധിയിലും സാങ്കേതിക പരിജ്ഞാനത്തിലും മലയാളികള്‍ എന്നും മുന്‍പന്തിയില്‍ തന്നെ ആണ്, പക്ഷെ ഭാഷയുടെ കാര്യത്തില്‍ ഏറ്റവും പിന്‍പന്തിയിലും. ഏതു മേഖലയിലും ശോഭിക്കണം എങ്കില്‍ തന്‍റെ ആശയങ്ങള്‍ മറ്റുള്ളവരെ മനസിലാക്കാന്‍ ഒരാള്‍ക്ക്‌ കഴിയണം. ഭാഷയുടെ അതിര്‍വരമ്പുകള്‍ മാറിയെങ്കില്‍ മാത്രമേ അതിനു സാധ്യമാകൂ. ഇഗ്ലീഷ്മീഡിയം സ്കൂളുകളെ പരിഹസിക്കുകയും, മലയാളം പ്രധാന ഭാഷ ആക്കണം എന്ന് അട്ടഹസിക്കുകയും ചെയ്യുന്നവരെ നാട് കടത്താന്‍ സമയം ആയി; മറ്റൊന്നിനും അല്ല, ഉപജീവനത്തിനായി കേരളം വിടുന്ന മലയാളി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കുറെയെങ്കിലും ഒന്ന് മനസിലാക്കിക്കാന്‍ വേണ്ടി! മാതൃഭാഷയെ
എതിര്‍ക്കുന്ന ഞാന്‍ പിന്നെ എന്തുകൊണ്ട് മലയാളത്തില്‍ തന്നെ എഴുതുന്നു എന്നൊരു ചോദ്യം ഇല്ലേ?  ഉണ്ടെങ്കില്‍ രണ്ടു മറുപടി ഉണ്ട്.  ഒന്ന്- മാതൃഭാഷയെ ഞാന്‍ എതിര്‍ക്കുന്നില്ലയെന്നു മാത്രമല്ല, മറിച്ചു അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്നു,  പക്ഷെ കേരളം വിട്ടു ചിന്തിക്കുമ്പോള്‍ ഉള്ള എതിര്‍പ്പാണ് ഞാന്‍ ഇവിടെ പ്രകടമാക്കുന്നത്.  രണ്ടു- അത്യാവശ്യം ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാന്‍ അറിയാമെന്നല്ലാതെ വ്യക്തമായി എന്‍റെ അഭിപ്രായം പ്രകടിപ്പിക്കാന്‍ മലയാളം അല്ലാതെ എനിക്ക് മറ്റൊരു ഓപ്ഷന്‍ ഇല്ല.  ഇതു എന്‍റെ വിദ്യാഭ്യാസത്തിന്‍റെ പ്രശ്നമാണ് എന്ന് മനസിലാക്കി തന്നെയാണ് ഞാന്‍ ഈ വിഷയം എഴുതുന്നത്‌. എങ്കില്‍ പിന്നെ മലയാളത്തില്‍ തന്നെ എഴുതിയാല്‍ പോരെ? പോരാ, കാരണം കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിലും, മറ്റു രാജ്യങ്ങളിലും സ്ഥിര താമസം ആക്കിയിട്ടുള്ള പുതിയ മലയാളി തലമുറക്കാര്‍ക്ക് ഇതു മനസിലാകണമെങ്കില്‍ വായിച്ചു കൊടുക്കേണ്ടി വരും.  അടുത്ത തലമുറ മുതല്‍ അതുപോലും നടന്നേക്കണമെന്നില്ല.  

നമ്മുടെ അടുത്ത ഒരു വിഷയം ആണ് ചരിത്രപഠനം. അക്ബര്‍ പണ്ട് എന്തു ചെയ്തു? അലക്സാണ്ടര്‍ ചക്രവര്‍ത്തി എങ്ങനെ രാജ്യങ്ങള്‍ വെട്ടി പിടിച്ചു? ബാബരുടെയും, മുസോളിനിയുടെയും അശോക ചക്രവര്‍ത്തിയുടെയും ഭരണ പരിഷ്കാരങ്ങള്‍ 5 പേജില്‍ കുറയാതെ വിവരിക്കുക.....ഇവയൊക്കെ
കാണാതെ പഠിച്ചു, എഴുതി, ജയിച്ചു ബിരുദങ്ങളും സമ്പാദിച്ചു നമ്മുടെ ആള്‍ക്കാരില്‍ ഭൂരിപക്ഷവും ഒറീസയിലും, ബോംബയിലും, ദുബായിലും, സൗദിയിലും എന്ത് ജോലിയാണ് ചെയ്യുന്നത് ?   പൊരിവെയിലില്‍  അവര്‍, തങ്ങള്‍ക്കു പരിജ്ഞാനമില്ലാത്ത  ഇലക്ട്രികല്‍, വെല്‍ഡിഗ്, മറ്റു മെക്കാനിക്കല്‍ എന്നീ മേഖലകളില്‍ ജീവിക്കുവാന്‍ വേണ്ടി അഭ്യാസം നടത്തുന്നു എന്ന് പറഞ്ഞാല്‍ യാതൊരു അത്ഭു‍തവും ഇല്ല .  സ്കൂളും പുസ്തകവും അധികം കാണാതെ ടെക്നിക്കല്‍ സ്കൂളുകളില്‍ പഠിച്ചു, പ്രവര്‍ത്തി പരിചയം മാത്രം കൈമുതലായുള്ള മറ്റു സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും ആള്‍ക്കാരുടെ കീഴില്‍,  ഇതു നിലനില്പിനായുള്ള അഭ്യാസം.  തന്‍റെ തൊഴിലിലോ, ലോക ഭാഷയിലോ, പ്രാവീണ്യം നേടിയിരുന്നെങ്കില്‍, ഇതര നാട്ടുകാരെ അടക്കി ഭരിക്കാന്‍ കെല്‍പുള്ള മലയാളിയാണ് നിലനില്പിനായുള്ള ഈ സര്‍ക്കസ്‌ കളിക്കുന്നത് !

 ചരിത്രം അറിഞ്ഞിരിക്കണം പക്ഷെ അതിനാകരുത് പ്രാധാന്യം. ചെറിയ ക്ലാസുകള്‍ തൊട്ടു തന്നെ ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കി, സാങ്കേതിക പരിജ്ഞാനം, പ്രവര്‍ത്തി പരിചയം ഇവ ഉള്‍പ്പെടുത്തിയാകണം നമ്മുടെ സ്കൂള്‍ സിലബസ്. എന്തിനേറെ പറയുന്നു, നമ്മുടെ നിത്യജീവിതത്തില്‍ ആവശ്യമായി വരുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്‌, ഓട്ടോമെക്കാനിക്, തയ്യല്‍, കുക്കിംഗ്‌, അത്യാവശ്യം മെഡിക്കല്‍ - ഇവയൊക്കെ സ്കൂളുകള്‍ തൊട്ടു തന്നെ പഠനവിഷയം ആക്കണം. ചെറുപ്പം മുതല്‍ തന്നെ കുഞ്ഞുങ്ങളെ പുസ്തകപ്പുഴുക്കള്‍ മാത്രം ആക്കാതെ, അതിജീവനത്തിന്‍റെ പാത കൂടി അഭ്യസിപ്പിക്കേണ്ടിയിരിക്കുന്നു.