2015, മേയ് 9, ശനിയാഴ്‌ച

സാമൂഹിക ബന്ധങ്ങളും ഇടപെടലുകളും

Man is a social animal എന്നാണ് ചിന്തകന്മാര്‍ പറയുന്നത്; മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആണെന്നര്‍ത്ഥം. അതില്‍ social എന്ന വാക്ക് മാറ്റിയാല്‍ മനുഷ്യന്‍ വെറും ആനിമല്‍, അതായത് മൃഗം ആയിപ്പോകും. സമൂഹം ആണ് ഒരു മനുഷ്യന്‍റെ സ്വഭാവത്തെ നിര്‍ണയിക്കുന്നതും പ്രതിഭലിപ്പിക്കുന്നതും. പ്രധാനമായും നാല് രീതിയില്‍ ഉള്ള സാമൂഹിക ഇടപെടലുകള്‍ ആണ് പൊതുവേ നമുക്ക് കാണാന്‍  സാധിക്കുന്നത്. ഒന്ന് വിന്‍-വിന്‍ അവസ്ഥ; അവിടെ ഇടപെടുന്നവരില്‍ രണ്ടുപേര്‍ക്കും ജയിച്ചു എന്നൊരു ഫീലിംഗ് ഉണ്ടാവുന്നു. രണ്ടു വിന്‍-ലൂസ്; ഇവിടെ ഉള്ളവരില്‍ ഒരാള്‍ക്ക്‌ ഇപ്പോഴും ജയിക്കണം, മറ്റുള്ളവര്‍ എല്ലാം തോല്‍ക്കുകയും വേണം.  അടുത്തത് ലൂസ്-വിന്‍; തോറ്റുകൊടുക്കുന്നതാണ് ആദ്യത്തെ ആള്‍ക്ക് പൊതുവേ ശീലം, മറ്റുള്ളവര്‍ എല്ലാം ജയിച്ചോട്ടെ എന്നും.  അവസാനം വരുന്നത് ലൂസ്-ലൂസ് അവസ്ഥ. ഞാന്‍ തോറ്റതാണ്, അതുകൊണ്ട് തുടര്‍ന്ന് വരുന്നവര്‍ എല്ലാം തോറ്റുതന്നെ ഇരിക്കണം, ഇതാണ് ഇവരുടെ ചിന്താഗതി.

ആദ്യത്തെ അവസ്ഥ വിന്‍-വിന്‍ പൊതുവേ ആരോഗ്യപരമാണ്.  ഒരു ഉദാഹരണം പറഞ്ഞാല്‍, എനിക്ക് ഒരു ബൈക്ക് ഉണ്ട് എന്നിരിക്കട്ടെ.  എന്നാല്‍ ഒരു പുതിയ ബൈക്ക് എന്നെ ആകൃഷ്ടനാക്കുകയും അത് വാങ്ങണം എന്ന് ഒരു ആഗ്രഹം ഉണ്ടാകുകയും ചെയ്തു.  എന്നാല്‍ രണ്ടും കൂടി കൂടി പരിപാലിക്കാന്‍ സാധിക്കയില്ല, അതുപോലെ പുതിയതിന് കയ്യില്‍ ഉള്ള പണം തികയുകയും ഇല്ല.  അങ്ങനെ വന്നപ്പോള്‍ പഴയ ബൈക്ക് വില്‍ക്കാന്‍ തീരുമാനമെടുത്തു. മാര്‍ക്കറ്റ്‌ വില അനുസരിച്ച് ഒരു ഇരുപത്തേഴായിരം രൂപ കിട്ടണം. എന്നാല്‍ പലരും ഇരുപത്തയ്യായിരത്തില്‍ താഴെ മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ പിന്നെ ഒരു ഇരുപത്തയ്യായിരം രൂപ കിട്ടിയാല്‍ കൊടുക്കാം എന്ന് ഉറപ്പിച്ചു. അപ്പോഴാണ്‌ ഒരു സ്നേഹിതന്‍ വന്നു ഇരുപത്താറായിരം രൂപയ്ക്ക് ബൈക്ക് കൊടുക്കുമോ എന്ന് ചോദിക്കുന്നത്.  ഇവിടെ ആര്‍ക്കും നഷ്ടം ഇല്ലാതെ കച്ചവടം നടക്കുന്നു. തനിക്കു ഒരുവിധം നല്ല വില കിട്ടി, വാങ്ങിയാള്‍ക്കോ നല്ല ലാഭത്തിലും കിട്ടി, ഇതാണ് വിന്‍-വിന്‍ ഡീല്‍. വളരെ ആരോഗ്യപരം.

വിന്‍-ലൂസ് ഡീല്‍ ഒരു നല്ല സാമൂഹ്യ ബന്ധം അല്ല.  തനിക്കു എങ്ങിനെയും ജയിക്കണം; മറ്റുള്ളവര്‍ ഒക്കെയും എന്‍റെ മുന്‍പില്‍ ആരുമല്ല. താന്‍റെ പക്ഷം ശരിയല്ല എന്ന തിരിച്ചരിവ് ഉള്ള സാഹചര്യത്തില്‍ പോലും മറ്റുള്ളവരുടെ മുന്‍പില്‍ തോറ്റുകൊടുക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഇങ്ങനെ ഉള്ള ചിന്താഗതിക്കാര്‍ സമൂഹത്തിനുതന്നെ ഭീഷണി ആണ്.  അങ്ങനെ ഉള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ് നമുക്ക് ചെയ്യാവുന്ന ഏക പോംവഴി.

ലൂസ്-വിന്‍ അവസ്ഥയും ഒട്ടുംതന്നെ നല്ലതല്ല. തന്നെ ഒന്നിനും കൊള്ളില്ല; മറ്റുള്ളവര്‍ എല്ലാം എന്നെക്കാള്‍ കേമന്മാര്‍. അതുകൊണ്ട് എനിക്ക് ഈ സമൂഹത്തില്‍ ഒരു പങ്കും ചെയ്യാനില്ല എന്ന ബോധം അവരില്‍ രൂപപ്പെടുന്നു; പ്രതികരണ ശേഷി നഷ്ടപ്പെടുന്നു. തന്‍റെ കഴിവുകളെ തിരിച്ചറിയാതെ തന്നില്‍ തന്നെ ഒതുങ്ങിക്കൂടി അങ്ങനെ ഒരു കോമ്പ്ലെക്സ് മനസിന്‍റെ ഉടമകള്‍ ആയി അവര്‍ മാറുന്നു; സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു അപരിചിതരെപ്പോലെ അവര്‍ പെരുമാറുന്നു. ഇതു വലിയ മാനസിക പ്രശ്നങ്ങള്‍ക്ക് വഴിവക്കുന്നു. ഒരു നല്ല കൌണ്‍സിലിങ്ങ് മൂലം ഇവരെ കുറെയൊക്കെ സമൂഹ്യധാരയിലേക്ക് തിരികെ കൊണ്ടുവരാം. 

പിന്നെ വരുന്നത് ലൂസ്-ലൂസ് അവസ്ഥ.  താന്‍ തോറ്റതാണ്, അതുകൊണ്ട് ആരെയും ജയിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ചിലയിടങ്ങളില്‍ എങ്കിലും അമ്മായിയമ്മ-മരുമകള്‍ ബന്ധം ഈ അവസ്ഥക്ക് ഒരു ഉദാഹരണം ആണ്. എന്‍റെ അമ്മായി അമ്മ എന്നെ ഒരുപാട് പെടാപ്പാടു പെടുത്തിയിട്ടുണ്ട്; അതുകൊണ്ട് എന്‍റെ മരുമകളും സുഖമായി ജീവിക്കാന്‍ പാടില്ല. അവളെയും ഞാന്‍ കഷ്ടപ്പെടുത്തും. അതായത് ഞാന്‍ തോറ്റുപോയി അതുകൊണ്ട് ആരെയും ഞാന്‍ ജയിക്കാന്‍ അനുവദിപ്പിക്കില്ല എന്ന അവസ്ഥ. ഒരുതരം മുരുടന്‍ സ്വഭാവത്തിന്‍റെ ആവിര്‍ഭാവം ആണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്.

ഇനിയും പല ഉപ അവസ്ഥകള്‍ ഉണ്ട് എങ്കില്‍തന്നെയും ഈ നാല് അവസ്ഥകള്‍ തന്നെയാണ് സാമൂഹ്യ ബന്ധങ്ങളെ പ്രധാനമായും നിശ്ചയിക്കുന്നത്.

(ആശയം: ലേഖകന്‍ ശ്രീ. ജോയി തോമസുമായി നടത്തിയ ഒരു സംഭാഷണത്തില്‍ നിന്നും)