2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

D3’92 ഗെറ്റ്റ്റുഗതര്‍

അങ്ങെനെ അവര്‍ ഒന്നിച്ചു കൂടി, 23 വര്‍ഷങ്ങള്‍ക്കു ശേഷം; സെന്റ് സ്റ്റീഫന്‍സ് കോളജിലെ 1992 തേര്‍ഡ് ഇയര്‍ ഡിഗ്രി ബാച്ച്കാര്‍. തങ്ങളുടെ പഴേ ക്ലാസ്സ്‌മേറ്റ്സ് ഇപ്പോള്‍ ഇങ്ങനെ എന്ന് അറിയുവാന്‍ ഉള്ള ആകാംഷയും, കണ്ടപ്പോഴുള്ള അത്ഭുതവും ഒക്കെ കോര്‍ത്തിണക്കിയ ഒരു കൂടിച്ചേരല്‍ ആയിരുന്നു അത്. സെപ്റ്റംബര്‍ലെ കുളിര്‍മ ഉള്ള ആ പ്രഭാതത്തില്‍ അവര്‍ കോളേജ്ന്‍റെ കാമ്പസിലൂടെ നടന്നു, പിന്നെ ക്ലാസ് മുറികളുടെ കോറിഡോറിലൂടെ. തങ്ങള്‍ പഠിച്ച ക്ലാസ്സിലെ ബഞ്ചുകളില്‍ ഇരുന്നു നോക്കി; അവരവര്‍ ഇരുന്ന ബഞ്ചുകളും, തങ്ങളോടൊപ്പം ഇരുന്നവരെയും ഒക്കെ ഓര്‍മിക്കാന്‍ ശ്രമിച്ചു.

പുതുവലില്‍ നിന്നും മാലൂരേക്ക് ഉള്ള,  മണ്ണും മെറ്റലും നിറഞ്ഞ ഗ്രാമീണ പാതകള്‍ എല്ലാം തന്നെ നല്ല ടാര്‍ റോഡ്‌കള്‍ ആയിക്കഴിഞ്ഞു. പത്തു മണിക്ക് മുന്‍പ് തന്നെ പലരും കോളേജ് അങ്കണത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് എത്തിയ രാജി, അനസ്, കൊച്ചിയില്‍ നിന്ന് സ്വയം ഡ്രൈവ് ചെയ്തു എത്തിയ ഷേര്‍ളി, ദുബായ് നിന്നും സൌദിയില്‍ നിന്നും വന്ന ബിനുവും, സുനുവും, ചെങ്ങന്നൂരില്‍ നിന്നും വന്ന രേഖ, മഹാരാഷ്ട്രയിലെ സതാരയില്‍ നിന്നും എത്തിയ സബിത, അങ്ങനെ പോകുന്നു വന്നു ചേര്‍ന്നവരുടെ ലിസ്റ്റ്. ക്ലാസ്സ്‌ മേറ്റ്സ് മൂവിയിലെ രംഗങ്ങള്‍ അനുസ്മരിപ്പിക്കും വിധം ലിസ്സ എത്തിയത് ബൂര്‍ഖ ധാരിയായി. പല തിരക്കുകളില്‍ നിന്നും ഓടിവന്ന ലേഖ, അജി, രഞ്ചു എന്നിവരും ദിവസത്തിലെ പല സമയങ്ങളിലായി തങ്ങളുടെ കൂട്ടുകാരുമായി സൌഹൃദം പങ്കു വച്ചു. ഹോം മേഡ് ഗോതമ്പ് പായസവും ആയാണ് ഹരി എത്തിയത്, മധുരത്തോടെ അവര്‍ തങ്ങളുടെ റീയുണിയനു തുടക്കം കുറിച്ചു. സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ ഉള്ള ആള്‍ക്കാര്‍ ആയിരുന്നു അവര്‍ എന്നതിനാല്‍ ആ കൂട്ടായ്മയ്ക്ക്‌ തിളക്കം കൂടുതല്‍ ആയിരുന്നു, മധുരവും.  കോളേജ് കാമ്പസിലെ പടര്‍ന്നു പന്തലിച്ച മരം കണ്ടപ്പോള്‍ ബാബുവിനു സന്തോഷം പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞില്ല; കൂട്ടുകാരോട് ഉടനെ തന്നെ വിളിച്ചു പറഞ്ഞു, നമ്മള്‍ അന്ന് നട്ട മരം; ഉടനെ തന്നെ മറുപടിയും വന്നു, വീട്ടുകാര് വയ്ക്കുന്ന ചെടികള്‍ പോലും പിഴുതു കളയുന്നവനാ; അവനാ മരം വയ്ക്കുന്നെ...ഈ ബാബു ജോര്‍ജ് ഒരു ഹൈസ്കൂള്‍ അധ്യാപകനാണ്, ആ കാമ്പസില്‍ അയ്യാള്‍ ഒരു കൊച്ചു കുട്ടിയായി മാറി, ഈ ഒരു അനുഭവം ആണ് ആ സൗഹൃദകൂട്ടായ്മ ഏവര്‍ക്കും പകര്‍ന്നു നല്‍കിയത്!  


തുടര്‍ന്ന് എല്ലാവരും കോളേജ്ന്‍റെ കോണിപ്പടിയില്‍ കൂടിഇരുന്നു; ഗ്രൂപ്പ്‌ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍. പിന്നീട് ക്ലാസ്സ്‌ മുറികളിലേക്ക്, ഗതകാല സ്മരണകളുടെ കുളിര്‍ ചെപ്പു പോലെ അതേ ബഞ്ച്കളും ഡസ്ക്കുകളും.  കോളേജില്‍ പഠിച്ചപ്പോള്‍ ക്ലാസ്സ്‌ റൂം കാണാത്തവര്‍പലരും ആ ബഞ്ചുകളില്‍ ഇരുന്നു. ക്ലാസ്സിലും കോറിഡോറിലും അവര്‍ ചിത്രശലഭങ്ങളെ പോലെ പറന്നു നടന്നു. ടെന്‍-സെന്റിമീറ്റര്‍ ഡിസ്റ്റന്‍സ് റൂള്‍ പടിപ്പിപ്പിച്ച മറിയാമ്മ ടീച്ചറും, പാഠഭാഗം പരീക്ഷയ്ക്ക് മുന്‍പ് തീരുമോ എന്ന് വേവലാതി പെടുന്ന ജെപി സാറും, സിസ്റ്റര്‍, അച്ചന്‍ എന്ന് വേണ്ടാ എല്ലാ ടീച്ചേര്‍സും ചര്‍ച്ചയില്‍ കടന്നു വന്നു. കണ്ടാല്‍ കടിച്ചു കീറാന്‍ ഒരുങ്ങിയിരുന്ന വിദ്യാര്‍ഥി പ്രധിനിധികള്‍ക്ക് പലര്‍ക്കും ഇന്ന് പാര്‍ടി ഇല്ല; ഉണ്ടങ്കില്‍ തന്നെ ചുവപ്പ് ഖദര്‍ആയും, ഖദര്‍ ചുവപ്പായും ഒക്കെ മാറിക്കഴിഞ്ഞിരിക്കുന്നു. പ്രീഡിഗ്രി ക്ലാസ്സ്‌കളില്‍ മാത്രം എത്തി നോക്കുവാനായി സംഘടിപ്പിച്ച ചില പാര്‍ട്ടികളുടെ ഓര്‍മകളും മനസിന്‍റെ അഭ്ര പാളികളില്‍ ഏത്തി. ക്ലാസ്സ്‌ റൂമിന്‍റെ ജനാലയിലൂടെ നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം കാണാമായിരുന്ന തെങ്ങിന്‍ തോട്ടവും, കശുമാവിന്‍ കാടും ശോഷിച്ചു പോയിരിക്കുന്നു. എല്ലാ ദിവസവും കരിക്ക് മഫ്ഫിനും, കരിക്കിന്‍ വെള്ളം കോഫിയും ആക്കി ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിരുന്ന കാലം... ഓര്‍മ്മകള്‍ അങ്ങനെ ഒരുപാട് ഒരുപാട് അകലത്തിലേക്ക് പോകുകയാണ്, എന്തിനു ബ്രേക്ക്‌ ഇടണം ഒരു ദിവസം മുഴുവന്‍ അങ്ങനെ പൊയ്ക്കോട്ടേ.

വെയിലിനു ശക്തി കൂടിയപ്പോള്‍ കോളേജില്‍ നിന്നും ഇറങ്ങി.  പിന്നെ ഉച്ചഭക്ഷണത്തിനായി ഹോട്ടലിലേക്ക്. തങ്ങളില്‍ നിന്നും അകന്നു, കാലയവനികയ്ക്ക് ഉള്ളിലേക്ക് പോയവരുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍ ഒരുപിടി റോസാ ദളങ്ങള്‍ അര്‍പിച്ചതിനു ശേഷം, എല്ലാവരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കിട്ടു. കടന്നു വന്ന പരുക്കന്‍ പാതകളിലെ മുള്ളുകളും, പലപ്പോഴും തളര്‍ന്നു പോയേക്കാവുന്ന അനുഭവങ്ങള്‍ ജീവിതം സമ്മാനിച്ചതുമൊക്കെ അവിടെ ഷെയര്‍ ചെയ്യപ്പെട്ടു. ജീവിതത്തിലെ കടുത്ത പോരാട്ടത്തില്‍ പലരും പല മേഖലകളിലേക്ക് ചിതറിപ്പോയി, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാലം പലരെയും പലരീതിയില്‍ തൂത്തെറിഞ്ഞു. സ്വപ്നം കണ്ട ജീവിതം അല്ല പലര്‍ക്കും കിട്ടിയത്, എന്നാല്‍ സ്വപ്നം കണ്ടതിനേക്കാള്‍ ഉന്നതിയില്‍ എത്തിയവര്‍. ഭര്‍ത്രു വീട്ടിലെ നിയമങ്ങള്‍ക്കു അനുസൃതമായി ജീവിതം കെട്ടപ്പെട്ടവര്‍. അങ്ങനെ നിരവധി അനുഭവങ്ങളിലുടെ കടന്നു പോയവര്‍. തുടക്കത്തില്‍, ബിസിനസ്‌, വിദേശ ജോലി മേഖലകള്‍ പയറ്റി കുഴഞ്ഞ ശേഷം ഓര്‍ഗാനിക് ഫാമിംഗിലേക്ക് ഇറങ്ങി ഹരി; നാട്ടിലും അന്തസായി ജീവിതം നയിക്കാമെന്ന മനകരുത്തുമായി. ഹോട്ടലുകാരുടെ മുന്നില്‍ പെടാതെ മുങ്ങി നടക്കുക എന്നതാണ് ജയരാജിന്‍റെ ഇപ്പോഴത്തെ ഡസിഗ്നേഷന്‍. നര്‍മം കലര്‍ത്തി പറഞ്ഞതാണ്; ആള്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ ആയി ജോലി നോക്കുന്നു. ടെക്നോ പാര്‍കില്‍ സോഫ്റ്റ്‌വേര്‍ എഞ്ചിനീര്‍ ആണ് അനസ്. റോയി സര്‍വേസൂപ്രണ്ടും, പ്രിയ പഞ്ചായത്ത് മെമ്പറും. രാജീവ്‌ സ്വന്തമായി ഹോള്‍സെയില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്നു. കാറ്ററിംഗ് രംഗത്ത് ലിജോയും, മാധ്യമ രംഗത്ത് ഗോപനും ഉണ്ട്.  പിന്നെ വില്ലേജ് ഓഫീസര്‍മാര്‍, NRI’s, സ്കൂള്‍ ടീച്ചേര്‍സ്. പിന്നെ പോലിസ്, പോസ്റല്‍, ലൈവ് സ്റ്റോക്ക്‌, താലൂക് ഡിപാര്‍ട്ട്‌മെന്‍റ് കളില്‍ ജോലി ചെയ്യുന്നവര്‍.

ജോലി സ്ഥലത്തു വച്ച് സംഭവിച്ച ഒരു തീവ്രവാദി ആക്രമണത്തിന്‍റെ ഇരയാണ് അനില്‍. അനിലിനു അഫ്ഗാനിസ്ഥാനില്‍ ആയിരുന്നു ജോലി, അമേരിക്കന്‍ മിലിട്ടറിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍. അടിമുടി ശാരീരികമായി ബാധിച്ച ആ ദുരന്തത്തില്‍ നിന്നും രക്ഷപെടുവാന്‍ ഒരുപാട് കാലങ്ങളും, ചികിത്സയും ആവശ്യമായി വന്നു. ഈ ദുരിത പൂര്‍ണമായ കാലങ്ങള്‍ക്ക് ഇടയിലും വീണ്ടും ജീവിതത്തോടു പോരിടുവാന്‍ പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കിയത് താന്‍ ജോലി ചെയ്തിരുന്ന ആ അമേരിക്കന്‍ കമ്പനി തന്നെയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഏല്ലാ ചികിത്സാ, ചികിത്സാന്തര ചിലവുകളും ആ കമ്പനി വഹിക്കുന്നു. കാലങ്ങളായി മുടങ്ങാതെ പ്രതിമാസ ശമ്പളവും. ലൈവ് സ്റ്റോക്ക്‌ ഡിപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന അനിലിന്‍റെ ഉറ്റ സുഹൃത്ത്‌ രമേശ് കാര്യങ്ങള്‍ വിവരിച്ചു.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ചെന്നെ റീജിയന്‍ ഹെഡ് ആണ് ജയേഷ്. പല ഗെറ്റ്റ്റുഗതറുകളിലും പങ്കാളി ആകാറുള്ള ജയേഷ്നു ഈ ദിനം ഒരു പ്രത്യേക അനുഭവം ആണ് സമ്മാനിച്ചത്‌, കാരണം പലപ്പോഴുമുള്ള കൂടിക്കാഴ്ചകളിലെ ആളുകള്‍ ഒരേ സംസ്കാരത്തിനും ലെവലിലും പെട്ടവരാകും; എന്നാല്‍ പ്രിയ സുഹൃത്തുക്കളും ആയുള്ള ഒരു കൂടിച്ചേരല്‍ എന്നതില്‍ ഉപരിയായി പല സംസകാരങ്ങളുടെ കൂടിച്ചേരല്‍ കൂടി ഇവിടെ സംഭവിച്ചു എന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.

പഠനാനന്തരം എക്ണോമിക്സിലെ സഹപാഠികളുമായി ഒരു ബന്ധവും ഇല്ലാതെ വിഷമാവസ്ഥയില്‍ ആയിരുന്ന ഷേര്‍ളിക്ക് അപ്രതീക്ഷിതമായാണ് പഴയ കുറെ കൂട്ടുകാരെ കിട്ടിയത്. അനില്‍, രമേശ്‌, പ്രിയ, റോയ്, സനല്‍, അഷിര്‍ എന്നിവര്‍ പഴയ സാമ്പത്തികശാസ്ത്ര സൗഹൃദം പുതുക്കി. രാജി തിരുവന്തപുറത്ത് വോഡാഫോണിന്‍റെ ഒരു ഫ്രാഞ്ചൈസി ചെയ്യുന്നു. എല്ലാവരെയും ഒരുമിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചതില്‍ ഒരു വലിയ റോള്‍ ആണ് രാജിയുടെത്. യേശുദാസ്, ലേഖ, അജികുമാര്‍, ബാബു എന്നിവര്‍ ആണ് അധ്യാപകവൃത്തിയില്‍. ജോണ്‍സന്‍, സനല്‍ എന്നിവര്‍ വില്ലജ് ഓഫീസര്‍മാരായും, ജയപ്രകാശ് LBS-ല്‍ അധ്യാപകനായും ജോലി നോക്കുന്നു; രാജേന്ദ്രന്‍ താലൂക് ഓഫീസിലും, ആശ പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്‍റ്ലും, ഷേര്‍ലി പ്രൈവറ്റ് ബാങ്കിലും. മാതൃഭൂമിയുടെ പത്തനാപുരം എഡിറ്റര്‍ ആണ് ബോട്ടണിയിലെ ഗോപന്‍.
 
എല്ലാവരും പറഞ്ഞു വന്നപ്പോഴേക്കും ബോഫെ ലഞ്ച് എത്തി, പലതരം സൂപ്പും, അപ്പവും സ്ടുവും. പിന്നെ റൈസിലേക്കും, ഡസേര്‍ട്ടിലേക്കും കടന്നതിനോടൊപ്പം പലരും വര്‍ഷാന്തങ്ങളില്‍ നഷ്ടപ്പെട്ട ആ പഴയ സൗഹൃദം വീണ്ടും ഊട്ടി ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഫോട്ടോ സെഷന്‍നോട് കൂടി പരസ്പരം പിരിയേണ്ട സമയം ആയപ്പോള്‍ മിക്കവരുടെയും കണ്‍കോണുകളില്‍ അശ്രുകണങ്ങളുടെ ലാഞ്ചന; ആ ദിവസം അവസാനിക്കാതെ ഇരുന്നെങ്കില്‍ എന്ന് അറിയാതെയെങ്കിലും ആശിക്കാത്തവര്‍ ചുരുക്കം. അരുണകിരണ കാന്തിയില്‍ പകലോന്‍ തന്‍റെ അന്നത്തെ പ്രയാണം അവസാനിപ്പിക്കുന്നു എന്നറിയിച്ചു അവരെ നോക്കി ചിരിച്ചു, പിരിയുന്ന നൊമ്പരത്തിലും, വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ.....