2015, ജൂൺ 4, വ്യാഴാഴ്‌ച

ഒരു വാട്സപ്പ് വീരഗാധ

ഒരു വെള്ളിയാഴ്ച ഊണും കഴിഞ്ഞു ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍ ആണ് ജര്‍കിച്ചനു ആ ഐഡിയ തോന്നിയാത്. ഇതു മറന്നു പോകുന്നതിനു മുമ്പ് ഭാര്യ സാലിക്കുട്ടിയോടു ഒന്ന് പറഞ്ഞാലോന്ന് വെറുതെ ഒന്ന് ആലോചിച്ചു. പെട്ടന്നു ജര്‍ക്കിച്ചെന്‍ ഒന്ന് ഞെട്ടി, വേണ്ട അവളും ആ പേര്‍ടെക്കില്‍ പഠിച്ചതാണ്, പണി പാളും. ആ.. പറഞ്ഞു വന്നത് പണ്ട് എസ്.എസ്.എല്‍.സി പാസായി നിന്ന കാലത്താണ് ടൈപ്പിംഗ് പഠിക്കാന്‍ പൂതി തോന്നിയത്. അങ്ങനെയാണ് പേരക്ക ഇന്ടസ്ട്രീസ് എന്ന പേര്‍ടെക്കില്‍ ചേര്‍ന്നത്‌. അതുകൊണ്ട് ഉണ്ടായ ഒരേ ഒരു ഗുണം എന്താണെന്ന് ചോദിച്ചാല്‍ തന്നെക്കാള്‍ മുമ്പ് പേര്‍ടെക്കില്‍ ചേര്‍ന്ന് പഠിച്ച സാലിക്കുട്ടിയെ ജീവിത സഖിയാക്കാന്‍ പറ്റി എന്നതാണ്. അത് ഗുണമാണോ എന്ന് ചോദിച്ചാല്‍ ജര്‍ക്കിച്ചാനു രണ്ടു വട്ടം ആലോചിക്കണം. അത് എന്തോ എങ്കിലും ആകട്ട്, നമുക്ക് ജര്‍ക്കിച്ചന്‍റെ ഐഡിയായിലേക്ക് കടക്കാം. പണ്ട് പേര്‍ടെക്കില്‍ പഠിച്ചവരെ എല്ലാം കൂട്ടി ഒരു വാട്സപ്പ് ഗ്രൂപ്പ്‌ തുടങ്ങിയാലോ? ജര്‍കിച്ചന്‍റെ മനസ്സില്‍ ആശയങ്ങള്‍ മിന്നിമറഞ്ഞു. ഉടനെ ഫോണ്‍ എടുത്തു ഉറ്റ നണ്‍പന്‍ രമേശിനെ വിളിച്ചു. പ്രാവിന്‍ കൂട് എന്ന നാലും കൂടുന്ന മുക്കില്‍ പ്രാവിന്‍റെ ബിസിനസ്‌ നടത്തിക്കൊണ്ടിരുന്ന രമേശിനു ഇതില്‍ വലിയ താല്പര്യം ഒന്നും തോന്നിയില്ല. മാത്രമല്ല ഈ ആപ്പുന്ന നേരം മണിമലയാറ്റില്‍ നാല് മുങ്ങാം കുഴിയിട്ടാല്‍ ദേഹം എങ്കിലും ഒന്ന് തണുത്തു കിട്ടും. എങ്കിലും ജര്‍കിച്ചന്‍റെ തുടര്‍ പ്രേരണയില്‍ രമേശിനു അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. ഉടനെതന്നെ ചെറിയൊരു സമ്മതമങ്ങ് മൂളിക്കൊടുത്തു. അപ്പോള്‍ തന്നെ കൂട്ടുകക്ഷി സോമനെ വിളിച്ചു കടയുടെ ചാര്‍ജ് ഏല്‍പ്പിച്ചിട്ട് തിരുവല്ലയിലേക്ക് വിട്ടു; ഒരു ടച്ച്‌ ഫോണ്‍ വാങ്ങണം; ഇപ്പോള്‍ ഇരിക്കുന്നതില്‍ സോഫ്റ്റ്‌വെയര്‍ പോയിട്ട് കാലം കുറെയായി; പിന്നെ ഉള്ളതിലോ, സം-വാട്ട്‌-റോങ്ങ്‌ ആപ്ലിക്കേഷന്‍സ് മാത്രം.

നമ്മുടെ രമേശിനെപ്പറ്റി പറഞ്ഞാല്‍ ഒരുപാടു പറയണം. ഇപ്പോള്‍ സമയം ഇല്ലാത്തത് കൊണ്ട് വളരെ കുറച്ചും പിന്നീട് സമയം പോലെയും പറയാം. പേര്‍ടെക്കിലെ പഠനത്തിനു ശേഷം അവിടം വിടാന്‍ കക്ഷി ഒരു താല്‍പര്യവും പ്രകടിപ്പിച്ചില്ല. വളരെ എളിമയോടെ ആ പ്രദേശത്തൊക്കെ ചുറ്റിപ്പറ്റി നില്‍ക്കാന്‍ തുടങ്ങി നമ്മുടെ താല്‍പര കക്ഷി. ഇങ്ങനെ ശല്യം മൂത്തപ്പോള്‍ സെന്‍റെര്‍ ഹെഡ് സാബു പുള്ളിയെ കഴുത്തിനു പിടിച്ചു പുറത്താക്കി. എന്നിട്ടും അവിടുത്തെ തരുണീമണികളെ വിട്ടുപോകാന്‍ ആളുടെ മനസ് അനുവദിച്ചില്ല. പിന്നെ പുറത്തായി റോന്തു ചുറ്റല്‍. ശല്യം സഹിക്കാതെ വന്ന സെന്‍റെര്‍ ഹെഡ് തല പുകഞ്ഞു ആലോചിച്ചു; ഒന്നും കിട്ടുന്നില്ല, വീണ്ടും ആലോചിച്ചു, സഹവിദ്വാന്‍ ഷോണിനെ കൂടി കൂട്ടി ഒരുമിച്ചു ആലോചിച്ചു. അങ്ങനെ പല ദിവസത്തെ ആലോചനകള്‍ക്ക് ശേഷം രണ്ടു പേരുടെയും മനസ്സില്‍ ആശയം ഉദിച്ചതു ഒരേ സമയം. ശല്യക്കാരനായ പിസിയോടു മാണി കാണിച്ച സമീപനം, ഓര്‍ അടവുനയം; ഈ കഷിയെ പിടിച്ചു തങ്ങളോടൊപ്പം ഒരു സഹവിദ്വാന്‍ ആക്കിയാലോ? എങ്കില്‍ ഒരേ സമയം ശല്യവും കുറയും ശമ്പളവും കൊടുക്കേണ്ടി വരില്ല. ഒരു വെടിക്ക് രണ്ടു പക്ഷി. ഇങ്ങനെ നമ്മുടെ കക്ഷി പേര്‍ടെക്കിലെ ഫാക്കല്‍റ്റിയായി കുറേക്കാലം വിലസി. ആളിന്‍റെ ബാക്കി വിശേഷം പുറകാലെ...... പ്ലിംഗ്, രമേശിന്‍റെ ഫോണിലെ ആപ് ആക്ടിവേറ്റ് ചെയ്തതും ജര്‍കിച്ചന്‍റെ മെസ്സേജ് വന്നതും ഒരേ സമയം. അങ്ങിനെ ജര്‍കിച്ചന്‍റെ പ്രേരണയാല്‍ നമ്മുടെ രമേശ്മാഷ് ആപ്പിന്‍റെ ഗ്രൂപ്പ്‌ മാനേജര്‍ പോസ്റ്റ്‌ ഏറ്റെടുത്തു. ജര്‍കിച്ചന്‍ പി.ആര്‍.ഓ യുമായി. അങ്ങിനെ അവര്‍ ആപ്പിംഗ് ആരംഭിച്ചു; ആരില്‍ തുടങ്ങണമെന്നും, ആരെയൊക്കെ ആപ്പിലാക്കനമെന്നും തല പുകഞ്ഞു ഒപ്പം ആലോചനയും തുടങ്ങി.

ഇങ്ങനെ ഇരിക്കവെയാണ് അബുദാബിയില്‍ നിന്നും ലീവ്നു വന്ന ബിഞ്ചുവിനെ തിരുവല്ല ടൌണില്‍ വച്ച് രമേശ് മീറ്റ്‌ ചെയ്യുന്നത്. പണ്ട് സീ-പ്ലസ്‌ പറഞ്ഞു കൊടുത്ത ഒരു പരിചയം. ഭര്‍ത്താവ് സണ്ണിചേട്ടനും രണ്ടു പ്ലസ്‌ മാരും കൂടയുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല അണ്ണന്‍ ഒരു പ്ലസ്‌ മുന്‍പെറിഞ്ഞു അബുദാബിയിലെ നമ്പര്‍ കരസ്ഥമാക്കി. അങ്ങെനെ ബിഞ്ചുവും അവരുടെ ആപ്അംഗം ആയി ജോയിന്‍ ചെയ്തു. അങ്ങിനെ പല പല അവസരങ്ങളില്‍ ജെറിനും, വരുണും, സനിലും, സനോജും, മനുവും, ഷോജിയും, സുദീപും, സീജോയും, ലിന്നിയും, സാബു-ഷോണ്‍ സാര്‍ അവര്‍കളും എല്ലാം നമ്മുടെ ആപ്പില്‍ തരംഗങ്ങളായി. സനിലിന്‍റെ പാട്ടുകളോടെ തുടങ്ങുന്ന പല സായാഹ്നങ്ങളും അങ്ങിനെ ശബ്ദമുഖരിതങ്ങള്‍ ആയി.    

പേര്‍ടെക്കു വിട്ടശേഷം പിന്നെ ഒരു കൂട്ടും കൂടാതെ സണ്ണിചേട്ടനും പിള്ളാരുമായി ഒതുങ്ങി കൂടുമ്പോള്‍ ആണ് ബിഞ്ചു ഈ ആപ്പില്‍ വന്നു പെടുന്നത്. വീട്ടിലെ കാര്യം പറഞ്ഞാല്‍, സണ്ണിച്ചന്‍ അടുക്കളയിലെ പണി മുഴുവനും ചെയ്തിട്ടാണ് ഓഫീസില്‍ പോകുന്നത്. പിന്നെ അവിടെ പ്രത്യേകിച്ചു ഒരു പണിയും ഇല്ലങ്കില്‍ കൂടിയും ഒരു പൊങ്ങച്ചം ആവട്ടെ എന്ന് വച്ചാണ് ഹൌസ് മേയ്ഡിനെ വച്ചിരിക്കുന്നത്. പിള്ളാരുടെ കാര്യവും, മറ്റു ചില അലുകുലുത്ത് പരിപാടികളും മാത്രമേ ഒള്ളു മേയ്ഡിന്. ബിഞ്ചുവിനു ജോലിയുണ്ടോ എന്ന് എടുത്തു ചോദിച്ചാല്‍, ഉണ്ട്; എല്ലാം മാസവും മുടങ്ങാതെ ശമ്പളം വാങ്ങുന്നുണ്ട്. യുട്യൂബ് അഡ്മിനിസ്ട്രെറ്റര്‍ ആയിട്ടായിരുന്നു ആദ്യം ജോലി. പിന്നെ നമ്മുടെ ആപ്പില്‍ ചേര്‍ന്ന ശേഷം വൈഫൈ ഓഫീസര്‍ ആയി. അതോടു കൂടി വൈഫൈയുടെ കാര്യവും “ഠോ” കട്ടപ്പുക.

പേര്‍ടെക്കിന് ശേഷം ഒരുവിധം ഡീസന്റായി കഴിയുന്നത്‌ ജെറിന്‍ മാത്രമാണ്. ഒരു ജോലിക്കും ട്രൈ ചെയ്യാന്‍ പോയില്ല. കാരണം കോഴ്സ് കഴിഞ്ഞു പേര്‍ടെക്കില്‍ നിന്നും തന്ന തുണ്ട്കടലാസ് കൊണ്ട് ഒന്നും നടക്കില്ല എന്ന തിരിച്ചറിവ് ജെറിന് ഉണ്ടായിരുന്നു. അത് കൊണ്ട് മാന്യമായി തിരുമണവും പാര്‍ത്ത് ഒരു കൊച്ചിന്‍റെ അമ്മയെന്ന തസ്തികയില്‍ ജോയിന്‍ ചെയ്തു. എങ്കിലും ഒരു തൊഴിലെങ്കിലും പഠിക്കണം എന്ന അടക്കാനാവാത്ത ആഗ്രഹം ജെറിനെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്‍റെ അടുത്താണ് ഉസ്മാന്‍ വല്ലഭായി ഷഹന്‍ഷാ പട്ടേല്‍. നാട്യ അഹങ്കാര നടനകലയുടെ തുഞ്ചത്തെഴുത്തച്ച്ചന്‍. അവിടെ നിന്നും തൊഴുത്തില്‍ കുത്തും, ഡാകിനിയാട്ടവും പഠിച്ചു. കിട്ടുന്ന അവസരങ്ങള്‍ ഒന്നും ജെറിന്‍ പാഴാക്കിയില്ല; സമയം കിട്ടുമ്പോള്‍ ഒക്കെ കൊയ്ത്തിനു ശേഷം തരിശായി കിടക്കുന്ന പാടശേഖരങ്ങളിലേക്ക് ഇറങ്ങും, ചേറില്‍ മുങ്ങിയും കിടന്നുരുണ്ടും കഠിന പ്രയക്നം നടത്തി പരിശീലിച്ചു; അങ്ങിനെ നീന്തല്‍ എന്ന ശൈശവ കലയും അഭ്യസ്തമാക്കി. ഇപ്പോള്‍ മുട്ടുകാലില്‍ കേറാന്‍ ഉള്ള പരിശ്രമത്തില്‍ ആണ്. അത് കഴിഞ്ഞു വേണം ഒന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍.

അടുത്തത് സുദീപ്; പേര്‍ടെക്കിലെ പഠനവും കഴിഞ്ഞിട്ട് കുറേക്കാലം പേര്‍ടെക്കിന് ചുറ്റും ആശാന്‍ കറങ്ങി നടന്നു. ചന്ദ്രനങ്കില്‍ ഭൂമിആന്റിയെ പ്രദക്ഷിണം വയ്ക്കും പോലെ! അത് പൂട്ടികെട്ടിയപ്പോള്‍ ആ കലാപരിപാടിയും നിന്നു. അങ്ങിനെയിരിക്കെ ആണ് ഏജ് ലിമിറ്റ് ഇല്ലാതെ പിന്നെയും കറങ്ങാന്‍ പറ്റുന്ന മറ്റൊരു കലാപരിപാടിയെ പറ്റി ആളു കേള്‍ക്കുന്നത്. നിയമത്തിന്‍റെ ഓരോരോ വഴികളെ! പിന്നെ ഷോജി; ആളിനും പ്രത്യേക പരിപാടികള്‍ ഒന്നും തന്നെ ഇല്ല. പൊതുഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ സേവനം എന്നോക്കെയാണ് വയ്പ്പ്. പക്ഷെ സ്ഥിരം പരിപാടി എന്താണെന്ന് ചോദിച്ചാല്‍ ക്യാമ്പ്‌ എന്ന് പറഞ്ഞു ആരുടെയെങ്കിലും ഒക്കെ കൂടെ പോകും; പിന്നെ മൂന്നു നാല് ദിവസം കഴിഞ്ഞാണ് തിരികെ വീട്ടിലേക്ക്‌ വരവ്, മോഡിജി ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്നപോലെ. ഈ കിട്ടുന്ന അവസരങ്ങളില്‍ ഒന്ന് പോലും പാഴാക്കാതെ ആപ്പില്‍ കയറും; അതും ആരുമില്ലാത്ത സമയത്ത്; ലജ്ജയില്ലാതെ ഒളിച്ചും പാത്തും!

ഇവരെയൊക്കെ നിരീക്ഷിച്ചു കൊണ്ട് നമ്മുടെ ഷോണ്‍ സാറ് കുറെ ദിവസമൊക്കെ ആപ്പില്‍ ചുറ്റിപ്പറ്റി നടന്നു. എന്നാല്‍ പിള്ളാര്‍ക്കൊക്കെ പഴേപോലെ ഒരു ബഹുമാനം ഇല്ലാന്ന് സാറ് പെട്ടന്നു തിരിച്ചറിഞ്ഞു. സ്വതവേ അല്‍പ സ്വല്‍പ്പ കുടവയറും കഷണ്ടിയും ഒക്കെയുള്ള തന്നെക്കേറി “കുടവയറാ, കഷണ്ടിതലയാ” എന്നൊക്കെ പിള്ളാര്‍ പരസ്യമായി വിളിക്കാന്‍ തുടങ്ങിയപ്പോള്‍ സാറിന്‍റെ അഭിമാന്‍ കടല്‍ കടന്നു. ഇങ്ങനെയോക്കെ ഒരു സാറിനെ വിളിക്കാമോ? അങ്ങനെയൊക്കെ ചെയ്യാമോ? എന്നാല്‍ പിന്നെ ഉള്ള കുടവയര്‍ കളയാതെ ഇവിടെ നിന്നും തടി തപ്പാം എന്ന് സാര്‍ ആയിടയ്ക്ക് വിചാരിക്കുകയും കുപ്പിയില്‍ പിടിച്ചിട്ട പരല്‍ മീന്‍ അവസരം കിട്ടിയപ്പോള്‍ പുറത്തേക്ക് ചാടിയപോലെ ഒരു ചാട്ടം ചാടുകയും ചെയ്തു.

ഇങ്ങനെ ഇരിക്കവേ ഒരു ദിവസം ആപ്പിഗ്, പൌഡര്‍ പൌഡേഡ് ആയി നടക്കുമ്പോള്‍ ആണ് ബിഞ്ചുവും താന്‍ താമസിക്കുന്ന അതേ പരിസര പ്രദേത്താണ് താമസിക്കുന്നതെന്ന് നമ്മുടെ ആപ്പ് അംഗം വരുണ്‍ ചേട്ടന് മനസിലാക്കിയത്. പിന്നെ ഒന്നും ആലോചിച്ചില്ല തങ്ങള്‍ അങ്ങോട്ട്‌ വരുന്നുണ്ടന്നു ചേട്ടന്‍ ബിഞ്ചുവിനെ വിളിച്ചറിയിച്ചു. വാട്ട്സില്‍ ചാറ്റിയാല്‍ ഇങ്ങനെ ഒരു ആപ്പ് വരുമെന്ന് ബിഞ്ചു സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. തങ്ങള്‍ ഇന്നു വീട്ടില്‍ ഉണ്ടാവില്ല എന്നും, പുറത്തു പോകുവാണെന്നും ഒക്കെ ഒഴികഴിവ് പറഞ്ഞുനോക്കി. എവിടെ! എന്നാല്‍ എല്ലാദിവസവും ഇതൊരു പതിവായപ്പോള്‍ ഗത്യംതരമില്ലാതെ ഒരു ദിവസം വരുണിനോട് വരാന്‍ പറഞ്ഞു. ഒരു നാരങ്ങാ വെള്ളം കൊടുത്തു ഒഴിവാക്കാം എന്ന് വിചാരിക്കുകയും ചെയ്തു. വൈകിട്ട് കോളിഗ് ബെല്‍ കേട്ട് ബിഞ്ചു ചെന്ന് കതകു തുറന്നു. വരുണിനെ മാത്രം പ്രതീക്ഷിച്ച ബിഞ്ചു ഞെട്ടിപ്പോയി. മാരാമണ്‍ കണവന്‍ഷനു പന്തലിലേക്ക് ആള്‍ക്കാര്‍ വരുന്നപോലെ. വരുണ്‍, ഭാര്യ, രണ്ടു മൂന്നു കുളന്തകള്‍, ഹൌസ്മെയ്ഡ്, കാര്‍ ഡ്രൈവര്‍. വിരണ്ടു പോയ ബിഞ്ചു വീണ്ടും എത്തി നോക്കി; ജാഥ കഴിഞ്ഞോ എന്നറിയാന്‍. “വേറെ ആരേം കൊണ്ടുവന്നില്ലേ” ബിഞ്ചു വരുണിനോട് കുശലം ചോദിച്ചു. “ഇല്ല അടുത്താഴ്ച വരുമ്പോള്‍ അടുത്ത ഫ്ലാറ്റിലെ കൂട്ടുകാരനേം ഫാമിലിയേം കൂടി കൊണ്ട് വരാം”
വരുണും കൂട്ടരും ഉള്ളിലേക്ക് കടന്നു, കിട്ടിയ സോഫകള്‍ ഒക്കെ കൈവശമാക്കി. ഒന്ന് ഞെട്ടിയ ബിഞ്ചു കട്ടിളപ്പടിയിലേക്ക് മുറുകെ പിടിച്ചു; മറിഞ്ഞു വീഴാതിരിക്കാന്‍. ഈ സമയം കിച്ചണില്‍ നിന്നും അവിടേക്ക് വന്ന സണ്ണിചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസിലാക്കുകയും ബിഞ്ചുവിനെ താങ്ങി അവിടെ ബാക്കി വന്ന ഒരു സോഫയിലേക്ക് ചാരിക്കിടത്തുകയും ചെയ്തു. “നിങ്ങള്‍ ഇരുന്നു സംസാരിക്കു, ഞാന്‍ ചായ കൊണ്ട് വരാം” സണ്ണിചേട്ടന്‍ പതിവുപോലെ അടുക്കളയിലേക്കു പോകാന്‍ ഭാവിച്ചു. “ചായ മാത്രമാക്കണ്ട ഞങ്ങള്‍ ഊണ് കൂടി കഴിച്ചിട്ടേ പോകൂ” വരുണിന്റെ വാക്കുകള്‍ ഒരു മിന്നല്‍ പിണര്‍ പോലെ ബിഞ്ചുവിനെറെ കര്‍ണങ്ങളില്‍ വന്നു പതിച്ചു. അവസരത്തിനൊത്ത് ഉയര്‍ന്ന ബിഞ്ചു ഉടനെ തന്നെ പ്രതികരിച്ചു “ഞങ്ങള്‍ ഇന്ന് ഫാസ്റ്റിംഗ് ആയിരുന്നു, അത് കൊണ്ട് ഒന്നും ഉണ്ടാക്കിയില്ല.” “ഓകെ, എന്നാല്‍ ചായ കൊണ്ടുവരാം” അവരെ കൂടുതല്‍ ഡിസ്അപ്പോയിന്റ് ചെയ്യിക്കാതെ സണ്ണിചേട്ടന്‍ കിച്ചണിലേക്ക് പോകാന്‍ തയ്യാറായി. “ചേട്ടന്‍ ഇവിടെ ഇരുന്നോ, ഞാന്‍ ചായ എടുക്കാം” പതിവില്ലാത്ത ഈ സഹായ ഹസ്തം കേട്ട സണ്ണിചേട്ടന്‍ പന്തം കണ്ട പെരുംചാഴിയെപ്പോലെ പകച്ചു നിന്നു. വരുണ്‍ ചേട്ടന് ഒരു പണി കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു ബിഞ്ചുവിന്‍റെ മനസ്സില്‍. ഇനി മേലാല്‍ പുള്ളി ഈ വഴിക്ക് തിരിയാത്ത വിധം ഒരു പണി. അങ്ങെനെ ബിഞ്ചുവിന്‍റെ സ്പെഷ്യല്‍ “പൊടി” ചായയും മോന്തി വരുണും പരിവാരങ്ങളും യാത്രയായി, അടുത്താഴ്ച കൂട്ടുകാരനെയും കുടുംബത്തെയും കൂട്ടി വരാമെന്ന ഉറപ്പില്‍. എന്തായാലും പിന്നെ കുറെ ദിവസത്തേക്ക് വരുണിന്റെ വീട്ടിലെ റസ്റ്റ്‌റൂം ഹൌസ്ഫുള്‍ ആയിരുന്നു! ഓഫീസിലെയും!
 
ഇതിനിടയില്‍ ആണ് ജെറിന്‍റെ മോഹനകലകളുടെ വിഷയവുമായി ബന്ധപ്പെട്ടു ജെറിനും, രമേശും ഒരു ആപ് പോര് ആരംഭിക്കുന്നത്. തൊഴുത്തില്‍ കുത്ത് പോലെയുള്ള മോഹന കലകള്‍ വലിയ വിഷയം ഒന്നും അല്ലെന്നും, മറിച്ചു, തനിക്ക് അവ വെറും ഗ്രാസ് ആണെന്നും, ഒന്ന് പ്രാക്ടീസ് ചെയ്‌താല്‍ ആര്‍ക്കും ചെയ്യാവുന്ന കാര്യമേ ഉള്ളു എന്നും രമേശ് വാദിച്ചു. താന്‍ ഒരു ഡ്രൈ ജിഞ്ചരും ചെയ്യില്ല എന്ന് ജെറിനും വെല്ലു വിളിച്ചു. മനുവും ജെര്‍കിചെനും അവരുടെ പോരിനു വേണ്ടുവോളം ചില്ലിയും, ടാമറിന്റും ചേര്‍ത്ത് കൊടുത്തു.അങ്ങെനെ ആപ്പിംഗ് തുടങ്ങിയ ശേഷം പ്രാവിന്‍ കച്ചവടത്തില്‍ പൊതുവേ ശ്രദ്ധ നഷ്ടപ്പെട്ട രമേശിന്‍റെ മുഴുവന്‍ ശ്രദ്ധയും, തൊഴുത്തില്‍ കുത്തു പോലെയുള്ള ആട്ടക്കലകളിലായി. വീട് വിട്ടാല്‍ ഷോപ്പ്, ഷോപ്പ് വിട്ടാല്‍ മണിമലയാര് എന്ന രീതിയില്‍ കഴിഞ്ഞിരുന്ന മാഷ് ആട്ടക്കലകള്‍ അഭ്യസിക്കാന്‍ തുടങ്ങി. ഊണിലും ഉറക്കത്തിലും പല പല സ്റ്റെപ്പുകള്‍ മാറി മാറി ചവുട്ടി. ധീം തരികിട ധോം ധോം...
 
ഇങ്ങനെ ഇരിക്കവവേ ഒരു ദിവസം ആപ്പിക്കൊണ്ടിരുന്നപ്പോള്‍, ഫ്ലാറ്റുകളില്‍ വഴി തെറ്റി പോകുന്ന ഭര്‍ത്താക്കന്മാരേപ്പറ്റി ഒരു സംസാരം ഉണ്ടായി. തനിക്കു കിച്ചെണില്‍ പണിയെടുക്കാന്‍ ഉള്ള താല്പര്യം എന്താണെന്ന് ജര്‍കിച്ചെന്‍ വിവരിച്ചു. അടുക്കളയിലെ കിളിവാതില്‍ കൂടി നോക്കിയാല്‍ അടുത്ത വീട്ടിലെ നാന്‍സി ചേച്ചി അവരുടെ കിച്ചെണില്‍ നില്‍ക്കുന്നത് കാണാം. പലപ്പോഴും മെനു പറഞ്ഞു കൊടുക്കുന്നതും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നത്‌ കാണിക്കുന്നതും ഈ കിളിവാതിലില്‍ കൂടിയാണ്. നാന്‍സി ചേച്ചി പറഞ്ഞു കൊടുക്കുന്ന പ്രകാരമാണ് പുട്ട് എങ്ങനെ ഉപ്പുമാവ് ആക്കാമെന്നും, ദോശ എങ്ങിനെ ഇടലി ആക്കാമെന്നും ഒക്കെ ജര്‍ക്കിച്ചെന്‍ പഠിച്ചത്. ഇതൊന്നും അറിയാതെ പാവംസാലിക്കുട്ടി എല്ലാദിവസവും പലവിധ പലഹാരങ്ങള്‍ രുചിച്ചു ഹാപ്പിയായി ജീവിതം ആസ്വദിച്ചു. ജര്‍ക്കിച്ചെന്‍റെ ആത്മകഥ കേട്ട ബിഞ്ചുവിന്‍റെ നെഞ്ചില്‍ വളരെ പെട്ടന്ന് ഒരു ആളല്‍; ആള്‍ ഉടനെ തന്നെ ഞെട്ടിയെഴുന്നേറ്റു. മൊബൈല്‍ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ കിച്ചെണിലേക്ക് ഓടി. സണ്ണിച്ചെനും ഇതാണോ അവിടെ പരിപാടി? ചതിച്ചോ ദൈവമേ? സണ്ണിച്ചെന്‍റെ ഉദ്ദേശശുദ്ധിയില്‍ അന്ന് ആദ്യമായി ബിഞ്ചുവിനു സംശയം തോന്നി. കിച്ചണില്‍ ചെന്ന ബിഞ്ചു ജന്നാലയിലൂടെ പുറത്തേക്കു നോക്കി, ശരിയാണ് അടുത്ത വീടിന്‍റെ കിച്ചന്‍ അവിടെ നിന്നാല്‍ കാണാം. കോപത്തോടെ ബിഞ്ചു ജന്നാല വലിച്ചടച്ചു. വീട്ടില്‍ അപ്പോള്‍ ഉണ്ടായിരുന്ന മാസ്കിംഗ് ടേപ്പുകള്‍ എല്ലാം ഉപയോഗിച്ച് ആ വിന്‍ഡോ എന്നന്നേക്കുമായി അവിടെ ക്ലോസ് ചെയ്തു.    

ഇനി നമ്മുക്ക് ജര്‍കിച്ചനിലേക്ക് മടങ്ങി വരാം. ഓഫീസ് കഴിഞ്ഞു വീട്ടില്‍ വന്നാലും ലാപ്ടോപ്പിന്‍റെയും മൊബൈലിന്‍റെയും മുമ്പിലാണ് ജെര്‍കിച്ചന്‍. കണവന്‍ വളെരെ കഠിനാധ്വാനി ആണെന്ന് പലപ്പോഴും സാലിക്കുട്ടി പൊങ്ങച്ചം പറയാറുണ്ടായിരുന്നു. കുടുംബം പുലര്‍ത്താന്‍ എന്തും മാത്രം കഷ്ടപ്പെടുന്നു. എന്നാല്‍ ഇതു സ്ഥിരം സ്വഭാവം ആയപ്പോള്‍ സാലിക്കുട്ടിക്കു ചെറിയ ഒരു സംശയം; വീട്ടിലെ കാര്യങ്ങള്‍ ഒന്നും തന്നെ അടുത്തിടയായി നോക്കുന്നില്ല. കുറെ നാള്‍ മുന്‍പ് വരെ ഉപ്പുമാവും, പുട്ടും കടലയും ഒക്കെ വൃത്തിയായി ഉണ്ടാക്കിതന്നു കൊണ്ടിരുന്നതാണ്. പേപ്പര്‍ നോക്കാന്‍ ഒക്കെ ഇരിക്കുമ്പോള്‍ ഇടക്കിടയ്ക്ക് ചായയും, പ്രമീല പ്രസാദവും. കണവന് ജോലിക്കൂടുതല്‍ ആയിരിക്കുമെന്നു കരുതി സാലിക്കുട്ടി കുറെയൊക്കെ ക്ഷമിച്ചു. എന്നാല്‍ ഈയ്യിടയായി ആണ് സാലി അത് ശ്രദ്ധിച്ചത്. വീട്ടില്‍ ഒരു തമാശ പോലും പറയുകയോ, ചിരിക്കുകയോ ചെയ്യാത്ത ജര്‍കിച്ചന്‍ ലാപ്പിന്‍റെയും, മോബൈലിന്‍റെയും മുന്‍പില്‍ ഇരുന്നു ചിരിക്കുന്നു; തനിയെ സംസാരിക്കുന്നു. കുടുംബ പ്രാര്‍ഥനയുടെ സമയത്ത് പോലും പലപ്പോഴും പ്രസെന്റ്റ് വയ്ക്കാത്ത ജര്‍കിച്ചനെ സാലിക്കുട്ടി രഹസ്യമായി നിരീക്ഷിക്കാന്‍ തുടങ്ങി. അങ്ങിനെ ഒരു ദിവസം ജര്‍കിച്ചന്‍ ആപ്പിക്കൊണ്ടിരുന്നപ്പോള്‍ പുറകില്‍ക്കൂടി വന്ന സാലിക്കുട്ടി ജര്‍കിച്ചനെ കയ്യോടെ പൊക്കി. പേര്‍ടെക്കു ഗ്രൂപ്പിലെ തരുണീമണികളുമായി സോള്ളിക്കൊണ്ടിരിക്കുകയായിരുന്നു ആ സമയം താല്‍പരകക്ഷി. പിന്നെ രണ്ടു മൂന്നു ദിവസമായി ചെവിയുടെ ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ടു ജര്‍കിച്ചന്‍ ലീവ് ആയിരുന്നെന്നാണ് ആണ് പൊതുജന സംസാരം. ഈ സംഭവത്തോടുകൂടി ഓഫീസില്‍ മാത്രമാക്കി ജര്‍കിച്ചന്‍ ആപ്പിംഗ് ചുരുക്കി.

ആഴ്ചകളും മാസങ്ങളും ആര്‍ക്കും പിടി കൊടുക്കാതെ കടന്നു പോയ്കൊണ്ടേ ഇരുന്നു. പുതിയ സംഭവ വികാസങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ പ്രേംകുമാര്‍ പുതിയ അംഗമായി ആപ്പില്‍ എത്തി. നമ്മുടെ രമേശിന്‍റെ മോഹനകല പഠനം ഒരു കരയ്ക്കും എത്തിയില്ല. അതുകൊണ്ട് ചേട്ടന്‍ പഠനം ഉപേക്ഷിച്ചു ഒരു കലാമണ്ഡലം തന്നെ ആരംഭിച്ചു; ഇപ്പോള്‍ മോഹനകലകളില്‍ പലരെയും അഭ്യാസിപ്പിച്ചുകൊണ്ടിരിക്കുന്നു. തന്‍റെ വെല്ലുവിളിയില്‍ തകര്‍ന്നടിഞ്ഞ സര്‍-നെ ഓര്‍ത്തു മനസ് തകര്‍ന്ന ജെറിന്‍ അല്‍പാശ്വാസം കണ്ടെത്താന്‍ അടുത്ത വീട്ടിലെ ചേച്ചിയുമായി ചേര്‍ന്ന് ഒരു പരദൂഷണം ക്ലബ്‌ ആരംഭിച്ചു. സണ്ണിചേട്ടന്‍ വീണ്ടും കിച്ചെന്‍ പണികള്‍ തുടര്‍ന്നാല്‍ കണവന്‍ കൈവിട്ടു പോകുമോ എന്ന ഭയം കാരണം ബിഞ്ചു അടുക്കള ഭരണം തിരികെ പിടിച്ചു. വരുണ്‍ പല തവണ മാറി മാറി ബിഞ്ചുവിനെയും കുടുംബത്തെയും തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. തന്‍റെ “പൊടി”കൈയ്ക്ക് പകരം ചോദിക്കാന്‍ ആണ് ഈ സ്നേഹം എന്ന് മനസിലാക്കിയ ബിഞ്ചു പല പല കാരണങ്ങള്‍ പറഞ്ഞു ഒഴിഞ്ഞുമാറി; എങ്കിലും നിരാശനാകാതെ തുടര്‍ന്നും വരുണ്‍ തന്‍റെ ഇന്‍വിറ്റേഷന്‍ തുടര്‍ന്ന് കൊണ്ടെ ഇരുന്നു. നമ്മുടെ സുദീപ്‌ ആകട്ടെ പഴയ പോലെ തന്നെ ഇടയ്ക്കിടയ്ക്ക് ആപ്പിലെ സന്ദര്‍ശകനായി തുടരുന്നു, തന്‍റെ വര തെളിയിക്കാനായി ഒരു സരിക നയ്യാരോ, മറ്റൊരു സജു രമേശോ ഒരിക്കല്‍, തന്നെയും തേടി വരുമെന്ന പ്രതീക്ഷ കൈവിടാതെ!

താന്‍ പെട്ടുപോയ കുപ്പിയെ പഴിച്ചു കൊണ്ടും, എപ്പോഴെങ്കിലും ചാടാന്‍ ഒരു അവസരം കിട്ടിയാല്‍ ചാടാനായും ഒരു മാനത്തുംകണ്ണി കണക്കെ, ലിന്നി അവസരം കാത്തിരിക്കുന്നു. ഷോജിയാവട്ടെ ആരുമില്ലാത്ത അവസരം നോക്കി ആപ്പില്‍ കയറാന്‍ അതിനു ചുറ്റും വലം വയ്പ്പുതുടരുന്നു. സാലിക്കുട്ടിയുടെ വിരട്ടലിനു ശേഷം നന്നായിപ്പോയ ജര്‍കിച്ചന്‍ ഓഫീസില്‍ ഓവര്‍ടൈം ചെയ്തു ആപ്പിലെ മെംബര്‍ഷിപ്‌ നിലനിര്‍ത്തി. മനു തന്‍റെ അടുത്ത തിരക്കഥയ്ക്കുള്ള വിഭവങ്ങളും തിരക്കി ആപ്പിലും പരിസരപ്രദേശങ്ങളിലും അലച്ചില്‍ തുടര്‍ന്നു. ഇവരെയെല്ലാം സസൂഷ്മം വീക്ഷിച്ചു, മൌനം വിദ്വാനു ഭൂഷണം എന്ന തത്വത്തില്‍ മുറുകെ പിടിച്ചു സനോജും, സാബു സാര്‍ അവര്‍കളും...... ഈ ആപ്പ് വീരഗാഥ ഇവിടെ പൂര്‍ണമാകുന്നില്ല, മറിച്ചു, കൂടുതല്‍ ശക്തിയോടെ കൂടുതല്‍ സംഭവവികാസങ്ങളോടെ വീണ്ടും തുടരുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ