2014, ജൂൺ 27, വെള്ളിയാഴ്‌ച

ഷോപ്പിങ്ങ് കിഴിവ്


എവിടെ ഡിസ്കൌണ്ട് ഉണ്ടോ അവിടെ മലയാളിയും ഉണ്ട്. മലയാളി മാത്രം അല്ല, എല്ലാ നാട്ടുകാരും! പിന്നെ നമ്മുക്കുള്ള വിഷയം എഴുതുന്നതുകൊണ്ടാണ് മലയാളി എന്ന് എടുത്തു പറഞ്ഞത്. തങ്ങളുടെ വിറ്റുപോകാത്ത സ്റ്റോക്ക്‌ തീര്‍ക്കാന്‍ എല്ലാ കച്ചവടക്കാരും പ്രയോഗിക്കുന്ന ഒരു നയമാണ് discount-sale എന്ന അടവ്. കഴിഞ്ഞ ദിവസം വരെ വലിയ വിലയില്‍ വില്‍ക്കപ്പെട്ട ഒരു സാധനം, വിലകുറച്ചു കിഴിവില്‍ വില്‍ക്കുന്നു എന്ന് തോന്നിപ്പിച്ചാണ് വ്യാപാരികള്‍ ജനത്തെ ആഘര്‍ഷിക്കുന്നത്. വളരെ ചുരുക്കം സാധങ്ങള്‍ ഈ പറഞ്ഞ രീതിയില്‍ ഉണ്ടാവും; അതിനെ പരസ്യത്തിലൂടെ പല മടങ്ങ്‌ പ്രൊജക്റ്റ്‌ ചെയ്തു കാണിച്ചാണ് ഈ വില്‍പന. വിലകുറച്ചു എന്ന് തോന്നിപ്പിക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി കുറഞ്ഞ ഗ്രേഡ് ആവും കൂടുതലും discount sale-ല്‍ ഡിസ്പ്ലെ ചെയ്തിട്ടുണ്ടാവുക. ഇവിടെ വളരെ ശ്രദ്ധയോടെ നീങ്ങിയില്ലങ്കില്‍, പിന്നെ സംഭവിക്കുന്നത്‌ പണനഷ്ടം, മാനഹാനി, ഇവയൊക്കെ ആയിരിക്കും എന്നുള്ളതിന് രണ്ടുപക്ഷം ഇല്ല.

തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കളും വ്യാപാരികളും പ്രയോഗിക്കുന്ന അടവുനയങ്ങളില്‍ ഒന്നാണ് വാങ്ങുന്ന സാധനങ്ങളോടൊപ്പം നല്‍കുന്ന ഗിഫ്റ്റ്കള്‍. ഒരു ഐറ്റം വാങ്ങുമ്പോള്‍ വേറെ രണ്ടു ഐറ്റം സമ്മാനം. സ്വര്‍ണ നാണയം വരെ ഇങ്ങനെ സമ്മാനമായി ലഭിക്കാറുണ്ട്.  ഒരു ഏസി വാങ്ങിയപ്പോള്‍ വാച്ചും, ഇലക്ട്രിക്‌ ഇസ്തിരിപെട്ടിയും പിന്നെ, സ്വര്‍ണ നാണയവും സമ്മാനം. ഉള്ളത് പറയണമല്ലോ; വാച്ച് കുറെ മാസം ഓടും, ചുരുങ്ങിയ പ്രാവശ്യത്തെ ഉപയോഗത്തില്‍ ഇസ്തിരിപെട്ടി അകാല മൃത്യു പ്രാപിക്കും, പിന്നെ സ്വര്‍ണ നാണയം മാത്രമാണ് ഒരു ആശ്വാസം. ഒരു സാധാരണ പൊട്ടിനേക്കാള്‍ ചെറിയ വട്ടത്തില്‍ 0.01 ഗ്രാം പോലും വരാത്തതും ധര്‍മക്കാര്‍കൂടി  എടുക്കാത്തതുമായ ഒരു സാധനം; ധൈര്യമായി വീട്ടില്‍ സൂക്ഷിക്കാം. കള്ളന്മാര്‍ വല്ലതും ഇതു കണ്ടാല്‍ അപഹരിക്കാന്‍ മുതിരില്ല എന്ന് മാത്രമല്ല, തങ്ങളുടെ കയ്യില്‍ ഉള്ളത് കൂടി അവര്‍ അവിടെ കാണിക്ക ഇട്ടിട്ടു പോകും.

സ്റ്റേഷനറി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ discount sale-ല്‍ വയ്ക്കുന്നത് മിക്കവാറും എക്സ്പയറി ഡേറ്റിനോട് അടുക്കുമ്പോള്‍ ആവും. വാങ്ങുമ്പോള്‍ എക്സ്പയറി ഡേറ്റ് ശ്രദ്ധിച്ചു തന്നെ തിരഞ്ഞെടുക്കണം. അത്യാവശ്യം ചുരിങ്ങിയ കാലത്തെ ഉപയോഗത്തിന് ഇവ വാങ്ങുന്നതില്‍ പോരായ്‌കയില്ല.  50%, 70% എന്നിങ്ങനെ കിഴിവ് പലയിടത്തും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ചില കടകളില്‍ കിഴിവിന് ശേഷം ഉള്ള വില ആയിരിക്കും ഇട്ടിരിക്കുന്നത് എന്നാല്‍ ചിലയിടത്ത് നേരെ മറിച്ചും. ഒരേ കടയില്‍ തന്നെ കിഴിവിന് മുന്‍പുള്ള വിലയും ചില സ്ഥലത്തു clerance sale എന്ന ബോര്‍ഡില്‍ കിഴിവ് കഴിഞ്ഞുള്ള വിലയും പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രദര്‍ശിപ്പിച്ച വിലയില്‍ നിന്നാണ് കിഴിവ് എന്ന് പെട്ടന്നു തെറ്റിദ്ധരിക്കും. സെയില്‍സ്മാനോട് അക്കാര്യം വ്യക്തമായി ചോദിച്ചു മനസിലാക്കിയ ശേഷം മാത്രം വേണം purchase ചെയ്യാന്‍. സെയില്‍സ്മാന്‍ തന്ന ഇന്‍ഫര്‍മേഷന്‍, കൌണ്ടരില്‍ ബാധകമായിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുകയും വേണം. അതുപോലെ തന്നെ discount പ്രദര്‍ശിപ്പിച്ചിരിക്കുന്ന സ്ഥലത്തെ എല്ലാ സാധനങ്ങള്‍ക്കും കിഴിവ് ബാധകം ആവണമെന്നും ഇല്ല. ഒരേ സാധനം തന്നെ discount ഉള്ളതും ഇല്ലാത്തതും ഉണ്ടാവും, ലോട്ട് നമ്പരില്‍ ഉള്ള വ്യത്യാസത്തില്‍ ആണ് അവ ബില്‍ ചെയ്യപ്പെടുക. ചിലപ്പോള്‍ കൌണ്ടറില്‍ ചെല്ലുമ്പോള്‍ ആയിരിക്കും, (ശ്രദ്ധിക്കുന്നവര്‍ക്ക്) ഈ അപകടം മനസിലാവുന്നത്. കൂടുതല്‍ ശതമാനം ആള്‍ക്കാരും sales ഏരിയായില്‍ പ്രദര്‍ശിപ്പിച്ച കിഴിവ് കൌണ്ടറില്‍ കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാറു തന്നെയില്ല. ശ്രദ്ധിച്ചവരില്‍ തന്നെ നല്ലൊരു ശതമാനം ആള്‍ക്കാരും ചതി മനസിലാക്കിയാലും ആശിച്ചു വാങ്ങിയതല്ലേ ഇനി തിരികെ കൊടുക്കുന്നില്ല എന്നു തീരുമാനിക്കുകയും ചെയ്യും. അവിടെയാണ് കച്ചവടക്കാരന്‍റെ നേട്ടം.

പലപ്പോഴും discount sale എന്ന ബോര്‍ഡ് വച്ചശേഷം ഒരു dsicount-ഉം ഇല്ലാതെ കച്ചവടം നടത്തുന്നവരും ഉണ്ട്.  യഥാര്‍ത്ഥ വിലയെ മടങ്ങുകള്‍ വര്‍ദ്ധിപ്പിച്ച ശേഷം, ചെറിയ അളവ് അതില്‍ നിന്നും കുറച്ചാണ് അവര്‍ വിലയില്‍ ഈ കിഴിവ് കാണിക്കുന്നത്. ഇങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ discount sale എന്ന പ്രതിഭാസത്തില്‍ ഉപഭോക്താവിനു ലഭിക്കുന്ന പ്രയോജനം രണ്ടു രീതിയില്‍ ആവും ഒന്ന്, ലഭിക്കുന്ന കിഴിഞ്ഞ സാധനങ്ങള്‍; രണ്ടു, സ്വന്തം പോക്കറ്റിനു ലഭിച്ച കിഴിവ് !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ